താളം തെറ്റുന്ന കാലാവസ്ഥ: സിംബാബ്‌വെ ദേശീയോദ്യാനത്തില്‍ കൊടും വരള്‍ച്ചയില്‍ ചത്തൊടുങ്ങിയത് 160 ആനകള്‍

താളം തെറ്റുന്ന കാലാവസ്ഥ: സിംബാബ്‌വെ ദേശീയോദ്യാനത്തില്‍ കൊടും വരള്‍ച്ചയില്‍ ചത്തൊടുങ്ങിയത് 160 ആനകള്‍

ഹരാരെ: കടുത്ത വരള്‍ച്ചയെയും ചൂടിനെയും തുടര്‍ന്ന് സിംബാബ്‌വെയില്‍ 160-ലേറെ ആനകള്‍ ചത്തതായി റിപ്പോര്‍ട്ട്. ബാക്കിയുള്ള ആനകളുടെ ജീവനും അപകടാവസ്ഥയിലാണെന്നും നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി വഷളാകുമെന്നും അധികൃതരെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ ഹ്വാംഗെ ദേശീയ പാര്‍ക്കില്‍ സംരക്ഷിച്ചിരുന്ന കാളകള്‍, സിംഹങ്ങള്‍, ചീറ്റപ്പുലികള്‍, ജിറാഫുകള്‍ തുടങ്ങി നിരവധി ജന്തുക്കള്‍ കൂട്ടത്തോടെ ചത്തു. സിംബാബ്‌വേയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമായ ഹ്വാംഗെ ദേശീയ ഉദ്യാനത്തിന് 14,651 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.

പ്രാഥമിക പരിശോധനയില്‍ ആനകളിലേറെയും ജലാശയത്തിന് 50 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ മാത്രം അകലെയാണ് ചത്ത് കിടന്നതെന്നും ദാഹിച്ച് വലഞ്ഞാണ് മരണമെന്ന് കണ്ടെത്തിയതായും അധികൃതര്‍ വെളിപ്പെടുത്തി. വരള്‍ച്ച മൂലം വനത്തിലെ സ്വാഭാവിക ജലാശയങ്ങള്‍ വറ്റിവരണ്ടു കഴിഞ്ഞു. ഇത് മൂലം ഭക്ഷണവും വെള്ളവും തേടി ദീര്‍ഘദൂരം മൃഗങ്ങള്‍ അലയുന്ന സ്ഥിതിയുമുണ്ട്.



ചത്തുപോയ ആനകളില്‍ പ്രായം കുറഞ്ഞവയും പ്രായമേറിയവും രോഗബാധിതരായ ആനകളും ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹ്വാംഗെ ദേശിയോദ്യാനത്തിലെ ആനകളുടെ എണ്ണം 45,000 ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ ആന ഒരു ദിവസം ഏകദേശം 200 ലിറ്റര്‍ു വെള്ളമാണ് കുടിക്കുക. എന്നാല്‍ ഇതിന്റെ പകുതി പോലും ലഭിക്കുന്നില്ല.

തെക്കന്‍ ആഫ്രിക്കയിലെങ്ങും വരണ്ട കാലാവസ്ഥയും വരള്‍ച്ചയും നീണ്ടുനില്‍ക്കുന്ന ചൂടുകാലവും പതിവായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിക്കും നവംബറിനുമിടയില്‍ ഹ്വാംഗെ പാര്‍ക്കില്‍ ഒരു മഴ പോലും പെയ്തിട്ടില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു. പോഷകാഹാരക്കുറവും ഉയര്‍ന്ന താപനിലയും വെള്ളത്തിന്റെ ദൗര്‍ലഭ്യതയും ജന്തുക്കളുടെ ജീവനെടുക്കുകയാണെന്നും ഇത് ഈ വര്‍ഷവും ആവര്‍ത്തിക്കുമോയെന്ന ഭയമുണ്ടെന്നും സംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു. 2023 ല്‍ സാധാരണയായി ലഭിക്കേണ്ടതിന്റെ പകുതിയോളം മഴ മാത്രമാണ് സിംബാബ്‌വെയില്‍ പെയ്തത്.

തെക്കേ അമേരിക്കയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന താപ വ്യതിയാനമാണ് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ആഴത്തില്‍ സ്വാധീനിക്കുന്നത്. ഇത് ഭക്ഷ്യ ഉല്‍പ്പാദനം, ജലലഭ്യത, എന്നിവയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യും

കാലാവസ്ഥാ വ്യതിയാനം എത്രത്തോളം തീവ്രമാണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഹ്വാംഗെ ദേശീയോദ്യാനത്തിലെ നിലവിലെ അവസ്ഥയെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.