അബുദാബി: ആഗോള പ്രീ-ഹോസ്പിറ്റല്‍ മെഡിക്കല്‍ രംഗത്തെ ഏറ്റവും വലിയ സേവന ദാതാക്കളിലൊന്നാകാനുള്ള വന്‍ ചുവടുവയ്പ്പുമായി മലയാളി നേതൃത്വത്തിലുള്ള റെസ്‌പോണ്‍സ് പ്ലസ് ഹോള്‍ഡിങ്സ് (ആര്‍പിഎം). യുദ്ധ മേഖലകളിലേതടക്കം അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്ക് പരിശീലനവും കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കുന്ന യുകെ കമ്പനി പ്രോമിത്യൂസ് മെഡിക്കലിന്റെ ഏറ്റെടുക്കല്‍ ആര്‍പിഎം പ്രഖ്യാപിച്ചു. നൂതന എമര്‍ജന്‍സി മെഡിക്കല്‍ സാങ്കേതികവിദ്യകളും പ്രത്യേക പരിശീലനവും നല്‍കുന്ന സേഫ്ഗാര്‍ഡ് മെഡിക്കലിന്റെ ഭാഗമായിരുന്നു പ്രൊമിത്യൂസ്.
പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ സ്ഥാപിച്ച റെസ്പോണ്‍സ് പ്ലസ് ഹോള്‍ഡിങ് പിജെഎസ്സിയുടെ ഭാഗമാണ് ആര്‍പിഎം. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനി യു.എ.ഇയിലെയും സൗദി അറേബ്യയിലെയും ഏറ്റവും വലിയ പ്രീ-ഹോസ്പിറ്റല്‍ മെഡിക്കല്‍ സേവന ദാതാവാണ്. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് പരിശീലനവും കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കുന്ന ആഗോള കമ്പനിയാണ് പ്രോമിത്യൂസ് മെഡിക്കല്‍.
രണ്ട് പ്രമുഖ ആരോഗ്യ സേവനദാതാക്കളെ ഒരുമിപ്പിക്കുന്ന ഏറ്റെടുക്കല്‍ പ്രതിരോധ, എണ്ണ-വാതക മേഖലകളിലെ പ്രധാന കമ്പനികള്‍ക്ക് സമഗ്ര മെഡിക്കല്‍ കവറേജ് ലഭ്യമാക്കാന്‍ ആര്‍പിഎമ്മിന് വഴിയൊരുക്കും.
എണ്ണ-വാതക വ്യാവസായിക മേഖലകള്‍ക്കായി 500 ക്ലിനിക്കുകള്‍ നടത്തുന്ന ആര്‍പിഎം നിലവില്‍ അഡ്നോക്, ഓക്‌സി, ടോട്ടല്‍, ഹാലിബര്‍ട്ടണ്‍ തുടങ്ങിയ കമ്പനികളുടെ സേവനദാതാവാണ്. യുകെ മിലിട്ടറി, റോയല്‍ ഫ്‌ളൈറ്റ് ഓഫ് ഒമാന്‍, യുകെ സെക്യൂരിറ്റി, ഡിഫന്‍സ്, എന്‍എച്ച്എസ് തുടങ്ങിയ കമ്പനികള്‍ക്കൊപ്പം പ്രതിരോധ മേഖലയിലെ നിരവധി സ്ഥാപനങ്ങള്‍ക്കും പ്രോമിത്യൂസ് സേവനം നല്‍കുന്നു.
കമ്പനി ഏറ്റെടുത്തതിലൂടെ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കാനും ഊര്‍ജ്ജ, പ്രതിരോധ കമ്പനികള്‍ക്കുള്ള വിദൂര ആരോഗ്യ സേവനങ്ങള്‍, വിഐപികളുടെ മെഡിക്കല്‍ കവറേജ് എന്നീ മേഖലകളിലേക്ക് സേവനങ്ങള്‍ വ്യാപിക്കാനും ആര്‍പിഎമ്മിന് കഴിയും.
യുകെ, നോര്‍ഡിക് മേഖലകളിലേക്കുള്ള ആര്‍പിഎമ്മിന്റെ വിപണി പ്രവേശനം ത്വരിതപ്പെടുത്തുന്നതാണ് സുപ്രധാന ഏറ്റെടുക്കലെന്ന് റെസ്പോണ്‍സ് പ്ലസ് മെഡിക്കല്‍ സി.ഇ.ഒ ഡോ. രോഹില്‍ രാഘവന്‍ പറഞ്ഞു. ആഗോള തലത്തിലെ മുന്‍നിര ഊര്‍ജ്ജ-പ്രതിരോധ സ്ഥാപനങ്ങളുടെ ആരോഗ്യ സേവന, പരിശീലന ദാതാവായി മാറുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.
അമേരിക്ക ആസ്ഥാനമായുള്ള സേഫ്ഗാര്‍ഡ് മെഡിക്കലിന്റെ നൂതന ട്രോമ കെയര്‍, സിമുലേഷന്‍ ഉല്‍പ്പന്നങ്ങളുടെ ജിസിസിയിലെയും ഇന്ത്യയിലെയും വിതരണാവകാശവും ആര്‍പിഎമ്മിന് ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.