ആഗോള താപനവും ധ്രുവ മേഖലയിലെ ഖനനവും മനുഷ്യരാശിക്ക് ഭീഷണി
പാരീസ്: ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പേ മറ്റൊരു മഹാമാരിക്കു കൂടി നാം സാക്ഷിയാകുമോ? കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം സൈബീരിയ പോലുള്ള പ്രദേശങ്ങളിലെ ഹിമപാളികള്‍ ഉരുകുന്നതിലൂടെ വലിയ വ്യാപന ശേഷിയുള്ള സോംബി വൈറസുകള്‍ പുറത്തെത്തുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
വടക്കന്‍ റഷ്യയിലെ സൈബീരിയയില്‍ നൂറുകണക്കിന് വര്‍ഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്നതും പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഊഷ്മാവില്‍ സ്ഥിതി ചെയ്യുന്നതുമായ മണ്ണാണ് 'പെര്‍മാഫ്രോസ്റ്റ്. മണ്ണും ചരലും മണലും കൂടിക്കലര്‍ന്നാകും പെര്‍മാഫ്രോസ്റ്റില്‍ കാണപ്പെടുക. പെര്‍മാഫ്രോസ്റ്റുകള്‍ വലിയ അളവില്‍ പുരാതന ജീവികളുടെ ജഡങ്ങള്‍ മരവിച്ച അവസ്ഥയില്‍ കാണപ്പെടുന്ന പ്രദേശം കൂടിയാണ്.
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി പെര്‍മാഫ്രോസ്റ്റ് മണ്ണുമായി ഇടകലര്‍ന്ന മഞ്ഞ് ഉരുകുകയും പല വിധത്തിലുള്ള സൂക്ഷ്മജീവികള്‍ പുറത്തെത്തുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. ഇത് മഹാമാരികള്‍ക്ക് കാരണമായേക്കാം.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മഞ്ഞുറഞ്ഞ് കിടന്ന മേഖലകളെല്ലാം ഇപ്പോള്‍ ഉരുകുകയാണ്. മറഞ്ഞു കിടക്കുന്ന പെര്‍മാഫ്രോസ്റ്റില്‍ നിന്ന് സൂക്ഷ്മജീവികളുടെ പുറത്തേക്കുള്ള വരവിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീണ്ടും ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകുന്നതാണ് ഈ വൈറസുകള്‍. കോവിഡ് അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പുരാതന സൂക്ഷ്മാണുക്കള്‍ മൂലം മാനവരാശിക്ക് സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധികളെ മുന്‍കൂട്ടി കാണാനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍. ഇതിന്റെ ഭാഗമായാണ് ഏറ്റവുമധികം വൈറസുകള്‍ നിലവില്‍ സജീവമല്ലാതെ കിടക്കുന്ന പെര്‍മാഫ്രോസ്റ്റ് മേഖലയിലും ധ്രുവപ്രദേശങ്ങളിലുമെല്ലാം ഗവേഷകര്‍ പഠനം നടത്തുന്നത്.
രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാനും രോഗബാധിതരായ ആളുകള്‍ ഈ പ്രദേശം വിട്ടുപോകുന്നത് തടയാനും അവര്‍ക്ക് ക്വാറന്റീനും വിദഗ്ധ ചികിത്സയും നല്‍കുകയാണ് ലക്ഷ്യം.
റഷ്യയിലെ സൈബീരിയ പ്രവിശ്യയിലെ പെര്‍മാഫ്രോസ്റ്റുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നിന്ന് 48,500 വര്‍ഷം പഴക്കമുള്ള വൈറസുകളെ കണ്ടെത്തിയിരുന്നു. ഇതുവരെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പഴക്കംചെന്ന വൈറസാണിതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
അമീബകളെ ബാധിക്കാന്‍ ശേഷിയുള്ള വൈറസുകളാണ് തിരിച്ചറിഞ്ഞത്. 'തങ്ങള്‍ വേര്‍തിരിച്ച വൈറസുകള്‍ക്ക് അമീബയെ മാത്രമേ ബാധിക്കാന്‍ കഴിയൂ, മനുഷ്യര്‍ക്ക് ഒരു അപകടവും സൃഷ്ടിക്കില്ല' - ഫ്രാന്‍സിലെ ഐക്സ്-മാര്‍സെയില്‍ സര്‍വകലാശാലയിലെ ജനിതക ശാസ്ത്രജ്ഞന്‍ ജീന്‍-മൈക്കല്‍ ക്ലാവറി പറഞ്ഞു. എന്നാല്‍ നിലവില്‍ പെര്‍മാഫ്രോസ്റ്റില്‍ മരവിച്ചിരിക്കുന്ന മറ്റ് വൈറസുകള്‍ക്ക് മനുഷ്യരില്‍ അസുഖങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ഇതിനര്‍ത്ഥമില്ല - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഞ്ഞില്‍ മരവിച്ചു കിടന്ന ശേഷം തിരിച്ച് വരാന്‍ കഴിയുന്ന വൈറസുകള്‍ അവയ്ക്ക് അനുകൂലമായ കാലാവസ്ഥയില്‍ വലിയ തോതില്‍ പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ളവയാണെന്ന് ഗവേഷകര്‍ പറയുന്നു.
ഖനനവും ഭീഷണി
'സൈബീരിയയില്‍ വര്‍ധിച്ചുവരുന്ന കപ്പല്‍ ഗതാഗതവും വ്യാവസായിക വികസനവുമൊക്കെ ഈ ഭീഷണിക്ക് ആക്കം കൂട്ടുന്നതാണ്. വലിയ തോതിലുള്ള ഖനന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. എണ്ണയും അയിരുകളും വേര്‍തിരിച്ചെടുക്കാന്‍ പെര്‍മാഫ്രോസ്റ്റില്‍ ആഴത്തില്‍ കുഴിക്കുന്നതോടെ വലിയ അളവില്‍ രോഗാണുക്കള്‍ പുറത്തുചാടും. ഖനിത്തൊഴിലാളികള്‍ ഈ വൈറസുകള്‍ ശ്വസിക്കും. അനന്തരഫലങ്ങള്‍ വിനാശകരമായേക്കാം - ജീന്‍-മൈക്കല്‍ ക്ലാവറി പറഞ്ഞു.
ഏതൊരു മഹാമാരിയുടെയും ചരിത്രം പരിശോധിച്ചാല്‍ ഭൂവിനിയോഗത്തിലെ മാറ്റമാണ് പ്രധാന കാരണം. പഴംതീനി വവ്വാലുകളാണ് നിപാ വൈറസ് പരത്തിയത്. ആഫ്രിക്കയിലെ നഗരവല്‍ക്കരണം കുരങ്ങുപനി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെയും അതിനാണ് സാക്ഷ്യം വഹിക്കാന്‍ അത് മറ്റെവിടെ കണ്ടതിനേക്കാള്‍ അപകടകരമാണ്.
പെര്‍മാഫ്രോസ്റ്റിന്റെ ആഴങ്ങളില്‍ ഒരു ദശലക്ഷം വര്‍ഷം വരെ പഴക്കമുള്ള വൈറസുകള്‍ അടങ്ങിയിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
'നമ്മുടെ രോഗപ്രതിരോധ സംവിധാനങ്ങള്‍ക്ക് ഒരിക്കലും ഇത്തരം സൂക്ഷ്മാണുക്കളെ നേരിടാനുള്ള പ്രാപ്തിയില്ല, അത് മറ്റൊരു ആശങ്കയാണ്. 'അജ്ഞാത വൈറസ് ബാധിച്ച നിയാണ്ടര്‍ത്താല്‍ നമ്മുടെ അടുത്തേക്ക് മടങ്ങിവരുന്നതിന്റെ സാഹചര്യം പോലെയാണ് ഈ ഭീഷണി'.
ഇതിനെതിരേ, ഗവേഷകനായ ക്ലാവറിയും മറ്റു ഗവേഷകരും ആര്‍ട്ടിക് സര്‍വകലാശാലയുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ധ്രുവ മേഖലയില്‍ ഒരു അന്താരാഷ്ട്ര വിദ്യാഭ്യാസ ശൃംഖലയും ക്വാറന്റീന്‍ സൗകര്യങ്ങളും സ്ഥാപിക്കാനും ആദ്യമായി പൊട്ടിപ്പുറപ്പെടുന്ന കേസുകള്‍ കണ്ടെത്താനും പ്രാദേശികമായി ചികിത്സിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.