നിതീഷ് കുമാറിന്റെ തകിടംമറിച്ചില്‍; എംഎല്‍എമാരുടെ അടിയന്തിര യോഗം വിളിച്ച് കോണ്‍ഗ്രസ്

നിതീഷ് കുമാറിന്റെ തകിടംമറിച്ചില്‍; എംഎല്‍എമാരുടെ അടിയന്തിര യോഗം വിളിച്ച് കോണ്‍ഗ്രസ്

പാറ്റ്‌ന: കോണ്‍ഗ്രസ് വിട്ട ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപി സഖ്യത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച സത്യപ്രതിഞ്ജ ചെയ്യുമെന്ന സൂചന ശക്തമായിരിക്കെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ അടിയന്തിര യോഗം വിളിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നിര്‍ണായക യോഗം വിളിച്ചിരിക്കുന്നത്. തങ്ങളുടെ എല്ലാ എംഎല്‍എമാരും തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്നും ആരും പാര്‍ട്ടി വിട്ടിട്ടില്ലെന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കി. നിതീഷ് കുമാര്‍ പോയാലും ആര്‍ജെഡി ഒപ്പമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആശ്വാസം.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ എല്ലാവരും ഇപ്പോഴും പാര്‍ട്ടിക്ക് ഒപ്പമുണ്ടെന്നും വരുന്ന പ്രതിസന്ധിയെ ഒറ്റക്കെട്ടായി തന്നെ നേരിടുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷക്കീല്‍ അഹമ്മദ് ഖാന്‍ പ്രതികരിച്ചു.

എല്ലാ എംഎല്‍എമാരെയും നിതീഷ് പാട്‌നയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭ രൂപകരിച്ചതിന് ശേഷം നിലവിലെ മന്ത്രിസഭ പിരിച്ചുവിടാനും പുതിയ ജനവിധി തേടാനുമാണ് നിതീഷിന്റെ തീരുമാനം.

ജെഡിയു നേതാവ് നിതീഷ് കുമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സീറ്റ് വിഭജന ചര്‍ച്ചയില്‍ ഉടക്കിയാണ് മഹാസഖ്യത്തില്‍ നിന്ന് പിന്‍വാങ്ങി എന്‍ഡിഎ മുന്നണിയിലേക്ക് നീങ്ങുന്നത്.

വര്‍ഷങ്ങളായി എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്ന ജെഡിയു 2014ലാണ് മുന്നണി വിട്ടത്. പിന്നീട് കോണ്‍ഗ്രസിനും ആര്‍ജെഡിയുമായി മഹാസഖ്യം രൂപീകരിച്ച് വീണ്ടും മുഖ്യമന്ത്രിയായി. പിന്നീട് തേജസ്വിയുമായി പിണങ്ങി മഹാസഖ്യം വിട്ട് എന്‍ഡിഎ സഖ്യത്തിലെത്തിയ നിതീഷ് വീണ്ടും മഹാസഖ്യത്തില്‍ തിരിച്ചെത്തി മുഖ്യമന്ത്രിയാവുകയായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളാണ് ജെഡിയു ആവശ്യപ്പെട്ടത്. ബാക്കിയുള്ള 23 സീറ്റുകള്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടിക്കാര്‍ ചേര്‍ന്ന് പങ്കിടണമെന്നുമായിരുന്നു നിതീഷിന്റെ നിര്‍ദേശം. എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന ആര്‍ജെഡിയുടെ ആവശ്യം നിതീഷിനെ ചൊടിപ്പിച്ചു.

ഇതിന് പുറമെ 2022ല്‍ തയാറാക്കിയ കരാര്‍ അനുസരിച്ച് തേജസ്വി യാദവിനായി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നതും നിതീഷിനെ മാറ്റിചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതായാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഒഴിയാമെന്ന നിലപാടിലായിരുന്നു നിതീഷ്. എന്നാല്‍ ഇതും സഖ്യം അംഗീകരിച്ചിരുന്നില്ല.

ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 28ാം തീയതി രാവിലെ രാജി സമര്‍പ്പിക്കാനാണ് നീക്കം. തുടര്‍ന്ന് എന്‍ഡിഎ സഖ്യത്തിന്റെ പിന്‍ബലത്തില്‍ മുഖ്യമന്ത്രിയായി അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

അതിന് മുന്നോടിയായി നിതീഷിന്റെ തന്നെ നേതൃത്വത്തിലുള്ള നിലവിലെ മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിട്ടേക്കും. ജനുവരി 28ന് നിതീഷ് കുമാര്‍ നടത്താനിരുന്ന പരിപാടികളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.

ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി ഉപമുഖ്യമന്ത്രിയാവുമെന്നും റിപ്പോര്‍ട്ടുണ്ട്. അടഞ്ഞ വാതിലുകള്‍ തുറക്കപ്പെടുമെന്നും രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നും സുശീല്‍കുമാര്‍ മോഡി നടത്തിയ പ്രസ്താവന ഈ അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കുന്നു.

പ്രമുഖ ഭരണ കക്ഷികളായ ആര്‍ജെഡിയും ജെഡിയുവും പറ്റ്നയില്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. ഇതോടെ മഹാസഖ്യത്തില്‍ വിള്ളല്‍ വീണുവെന്ന് സൂചന ശക്തമായി. ഇതിന് പുറമെ കര്‍പ്പൂരി ഠാക്കൂര്‍ അനുസ്മരണ വേദിയില്‍ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരേ നിതീഷ് നടത്തിയ പരാമര്‍ശം സഖ്യം വിടുന്നതിന്റെ സൂചനകള്‍ക്ക് പിന്‍ബലമേകി.

ഈ പരാമര്‍ശം ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്നാണ് വ്യാഖ്യാനം. ഇത് നിതീഷ് സഖ്യം വിടുകയാണെന്നതിന്റെ സൂചന ശക്തമാക്കി. പിന്നാലെ സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതും നിതീഷ് മടങ്ങിവരാന്‍ തയ്യാറുണ്ടെങ്കില്‍ ബിജെപി പരിശോധിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരസ്യ പ്രസ്താവനയും വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു.

സ്വന്തം കുടുംബാംഗങ്ങളെ നേതാക്കളായി വാഴിക്കുന്ന സമീപകാല രീതിക്ക് അപവാദമാണ് കര്‍പ്പൂരി ഠാക്കൂര്‍ എന്നും അദേഹം ഒരിക്കലും കുടുംബ വാഴ്ചയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും നിതീഷ് പറഞ്ഞിരുന്നു. തനിക്കും കുടുംബ വാഴ്ചയില്‍ താല്‍പര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ലാലുപ്രസാദ് യാദവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യമിട്ടുള്ള വിമര്‍ശനമാണിതെന്നാണ് വ്യാഖ്യാനം.

നിതീഷ് കുമാറുമായി കേന്ദ്രമന്ത്രി അമിത് ഷാ ഫോണില്‍ സംസാരിച്ചു. ബിഹാറിലെ രാഷ്ട്രീയ സാഹചര്യം അമിത് ഷായും പ്രധാനമന്ത്രിയും വിലയിരുത്തി.
കേവലം ബിഹാറിന് അപ്പുറം, നിതീഷിന്റെ നീക്കം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ പ്രതീക്ഷകള്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ബീഹാറിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസ് നേതൃത്വം നിരീക്ഷിച്ചു വരികയാണ്. നിതീഷ് കുമാറിന് എന്‍ഡിയിലേക്കുള്ള തിരിച്ചുപോക്ക് അത്ര എളുപ്പമാകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.