ആശ്വാസ കിരണമെത്തി; ചന്ദ്രനിലിറങ്ങി ഒരാഴ്ചയ്ക്കു ശേഷം ജപ്പാന്റെ പേടകം പ്രവര്‍ത്തനസജ്ജമായി; 'ടോയ് പൂഡില്‍' പാറയുടെ ചിത്രം പങ്കുവെച്ചു

ആശ്വാസ കിരണമെത്തി; ചന്ദ്രനിലിറങ്ങി ഒരാഴ്ചയ്ക്കു ശേഷം ജപ്പാന്റെ പേടകം പ്രവര്‍ത്തനസജ്ജമായി; 'ടോയ് പൂഡില്‍' പാറയുടെ ചിത്രം പങ്കുവെച്ചു

ടോക്യോ: ജപ്പാന്റെ ചാന്ദ്ര ഗവേഷണ പേടകമായ (സ്ലിം സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് മൂണ്‍) ചന്ദ്രനിലിറങ്ങി ഒരാഴ്ചയ്ക്കുശേഷം ദൗത്യം പുനരാരംഭിച്ചു. സൗരോര്‍ജ സെല്ലുകള്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതോടെ പേടകത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരുന്നു. സൂര്യപ്രകാശം ലഭിച്ചു തുടങ്ങിയതിനു പിന്നാലെ ലാന്‍ഡറിന്റെ സോളാര്‍ സെല്ലുകള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെന്ന് ജപ്പാന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു.

ചന്ദ്രോപരിതലത്തില്‍ വിജയകരമായി ലാന്‍ഡിങ് നടത്തി ഒരാഴ്ചയ്ക്കു ശേഷമാണ് ലാന്‍ഡര്‍ വീണ്ടും പ്രവര്‍ത്തനക്ഷമമായത്. പേടകത്തിലെ സോളാര്‍ പാനലുകള്‍ സൂര്യനു നേര്‍ക്കു വരാതിരുന്നതാണ് പ്രശ്‌നമായത്. അതിനാല്‍ പാനലുകള്‍ സൂര്യനു നേര്‍ക്കു വരുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ബാറ്ററി ചാര്‍ജ് ഉപയോഗിച്ച് കുറച്ച് നേരം പ്രവര്‍ത്തിപ്പിച്ച ശേഷം ലാന്‍ഡറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റി ശേഷിക്കുന്ന വൈദ്യുതി സംരക്ഷിക്കാനും ഗവേഷകര്‍ തീരുമാനിച്ചു.



സൂര്യപ്രകാശം ലഭിച്ച് പ്രശ്‌നം പരിഹരിക്കപ്പെട്ടതോടെയാണു വീണ്ടും ഉണരാനുള്ള കമാന്‍ഡ് പേടകത്തിനു നല്‍കിയത്. കഴിഞ്ഞ ദിവസം പേടകവുമായി ബന്ധം പുനഃസ്ഥാപിച്ചതായി ജാപ്പനീസ് വൃത്തങ്ങള്‍ പറഞ്ഞു. പേടകത്തിലെ സോറ-ക്യു എന്ന ചെറിയ ബേസ്‌ബോള്‍ വലിപ്പമുള്ള റോബോട്ട് പകര്‍ത്തിയ ചിത്രങ്ങളും ഗവേഷകര്‍ പുറത്തുവിട്ടു.

ചന്ദ്രോപരിതലത്തില്‍ വിവിധ പാറകളുടെ ചിത്രമാണ് സോറ-ക്യു പകര്‍ത്തിയത്. ഓരോ പാറയുടെയും വലുപ്പം സൂചിപ്പിക്കാന്‍ ഓരോന്നിനും വിവിധ നായ ഇനങ്ങളുടെ പേരും നല്‍കി. 'ടോയ് പൂഡില്‍' എന്നാണ് ഒരു പാറയ്ക്ക് പേരിട്ടിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു.

ജനുവരി 20 നായിരുന്നു സ്ലിം ലാന്‍ഡര്‍ പിന്‍പോയിന്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചന്ദ്രനിലിങ്ങറിയത്. ലാന്‍ഡ് ചെയ്യുന്നതിനിടെ പേടകത്തിന്റെ ദിശയില്‍ വന്നമാറ്റമാണ് ദൗത്യത്തിന് തിരിച്ചടിയായത്.

പേടകം ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങിയെങ്കിലും തുടര്‍ന്ന് പ്രവര്‍ത്തിക്കാനാവശ്യമായ സൗരോര്‍ജം ലഭിച്ചിരുന്നില്ല. ചന്ദ്രനിലെ സൂര്യപ്രകാശത്തിന്റെ ദിശയില്‍ വരുന്ന മാറ്റം മാത്രമായിരുന്നു ജപ്പാന്‍ ബഹിരാകാശ ഏജന്‍സിക്ക് പ്രതീക്ഷ നല്‍കിയ കാര്യം. സൗരോര്‍ജം മുഖേനെയുള്ള പ്രവര്‍ത്തനോര്‍ജം കണ്ടെത്താനാകില്ലെന്ന അവസ്ഥ വരുന്നതോടെ പേടകത്തിന് ചന്ദ്രനിലെ സാഹചര്യങ്ങളെ അതിജീവിക്കാനാവില്ലെന്ന ആശങ്കയുണ്ടായിരുന്നു.

രണ്ട് ചാന്ദ്ര ദൗത്യങ്ങള്‍ പരാജയപ്പെട്ടശേഷമാണ് ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സി ഇപ്പോഴത്തെ ചാന്ദ്രദൗത്യം വിജയകരമാക്കിയത്. ഇതോടെ ചന്രനില്‍ പര്യവേഷണ പേടകം ഇറക്കുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍ മാറി. നിലവില്‍ ഇന്ത്യ, അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന, എന്നീ രാജ്യങ്ങളാണ് ചന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. സെപ്തംബര്‍ ഏഴിനാണ് സ്ലിം വിക്ഷേപിച്ചത്. 14 ദിവസത്തെ ആയുസാണു പേടകത്തിനു കണക്കാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.