തിരുവനന്തപുരം: ധന പ്രതിസന്ധിക്കിടെ സംസ്ഥാന സർക്കാറിന്റെ 2024 - 25 വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് അവതരിപ്പിക്കും. അധിക നികുതി ബാധ്യത അടിച്ചേൽപ്പിക്കാതെ സാധ്യമാകുന്ന മേഖലകളിൽ നിന്ന് വരുമാന വർധനക്കുള്ള പ്രഖ്യാപനങ്ങളായിരിക്കും ബജറ്റിലുണ്ടാവുക. ക്ഷേമപെൻഷൻ വർധിപ്പിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന ചോദ്യം. കടുത്ത ധനപ്രതിസന്ധി നിലനിൽക്കുന്നതുകൊണ്ട് അധിക വിഭവസമാഹരണത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും.
നികുതിയേതര വിഭാഗത്തിൽ അധിക വിഭവങ്ങൾ ശേഖരിക്കുന്നതിനുള്ള മാർഗങ്ങളും ശിപാർശകളും പഠിക്കാൻ സർക്കാർ ഉന്നതതല പാനലിനും രൂപംനൽകിയിരുന്നു. ഇതെല്ലാം നികുതിയേതര വരുമാന വർധനയിലേക്കാണ് വിരൽചൂണ്ടുന്നത്. അങ്ങനെയെങ്കിൽ വിവിധ സാമൂഹിക സേവനങ്ങൾക്കുള്ള ഫീസുകൾ ഉയർന്നേക്കും. ഒപ്പം പിഴകളിലും വർധനവ് വരാം. ലോട്ടറികളുടെ സമ്മാനത്തുക ഉയർത്തിയുള്ള പരീക്ഷണങ്ങളും പ്രതീക്ഷിക്കാം.
ക്ഷേമപെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിൽ കുറഞ്ഞതോതിലെങ്കിലും ബജറ്റിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകില്ലെന്ന് ധനമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇന്ധനസെസ് പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രഖ്യാപനത്തിന് സാധ്യത കുറവാണ്.
ആശുപത്രികൾ, വെറ്ററിനറി ആശുപത്രികൾ എന്നിവയിലെ ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവർക്കുള്ള സേവന നിരക്കുകൾ ഉയർന്നേക്കുമെന്ന സൂചനകളുണ്ട്. സർക്കാർ ആശുപത്രികളിലെ ഒ.പി ടിക്കറ്റ് നിരക്ക്, സേവനങ്ങൾക്കുള്ള നിരക്ക് എന്നിവ പുനർനിർണയിക്കുന്നതിന് സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.