വത്തിക്കാൻ സിറ്റി: 2024 ലെ ലോക മിഷൻ ദിനത്തിനായുള്ള സന്ദേശം പുറത്തിറക്കി ഫ്രാൻസിസ് മാർപാപ്പ. വിശുദ്ധ മത്തായിയുടെ സുവിശേഷം 22 അധ്യായത്തിൽ പ്രതിബാദിക്കുന്ന വിവാഹ വിരുന്നിൻ്റെ ഉപമയെ അടിസ്ഥാനപ്പെടുത്തി ആണ് ഈ വർഷത്തെ സന്ദേശം. ഈ ബൈബിൾ ഭാഗത്തിൽ പറയുന്ന 'പുറത്തേക്ക് പോകുക', 'ക്ഷണിക്കുക' എന്നീ വാക്കുകളാണ് പാപ്പ സന്ദേശത്തിന്റെ കാതലായി ഉപയോഗിച്ചത്.
നല്ല ഇടയനും പിതാവിന്റെ ദൂതനുമായ യേശു നഷ്ടപ്പെട്ട ആടുകളെത്തേടി പോയതുപോലെ ദൈവത്തെ കണ്ടുമുട്ടാനും ദൈവവുമായുള്ള ഐക്യത്തിൽ പ്രവേശിക്കാനും മറ്റുള്ളവരെ ക്ഷണിക്കാനുമുള്ള വിശ്രമമില്ലാത്ത യാത്രയാണ് നമ്മുടെ ദൗത്യമെന്ന് പാപ്പാ പറഞ്ഞു. 'ക്ഷണിക്കുക' എന്നതിൽ ദൈവം ഭരമേല്പിച്ച ദൗത്യത്തിൻ്റെ മറ്റൊരു വശം കാണാൻ സാധിക്കും. ദാസന്മാർ രാജാവിൻ്റെ ക്ഷണം വളരെ പെട്ടന്ന് എല്ലാവരെയും അറിയിക്കുകയും അങ്ങേയറ്റം ബഹുമാനത്തോടെയും വിനയത്തോടെ അനുസരിക്കുകയും ചെയ്തു. ഇന്നും ക്രിസ്ത്യാനികൾ ഇതുതന്നെ ചെയ്യണമെന്ന് മാർപാപ്പ പറഞ്ഞു. ഉള്ളിലെ പരിശുദ്ധാത്മാവിൻ്റെ ഫലമായ സന്തോഷത്തോടെയും മഹത്വത്തോടെയും ദയയോടെയും സുവിശേഷം പ്രസംഗിക്കണം.
അതേസമയം വിവാഹ വിരുന്നിനെക്കുറിച്ചുള്ള പരാമർശം ദൗത്യത്തിൻ്റെ മറ്റ് രണ്ട് മാനങ്ങൾ ഓർമ്മിപ്പിക്കുന്നുവെന്ന് മാർപ്പാപ്പ പറഞ്ഞു. എസ്കാറ്റോളജിക്കൽ അതായത് അന്ത്യകാലവുമായി ബന്ധപ്പെട്ടതും വിശുദ്ധ കുർബാനയും. രാജാവിൻ്റെ വിരുന്ന് സ്വർഗീയ വിരുന്നിന് വേണ്ടി നിലകൊള്ളുന്നു. അത് ദൈവരാജ്യത്തിലെ ആത്യന്തികമായ രക്ഷയുടെ പ്രതിച്ഛായയാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
അവസാനമായി രാജാവ് ക്ഷണിച്ചത് എല്ലാവരെയുമാണ്, ആരെയും ഒഴിവാക്കാതെ. നമ്മുടെ ദൗത്യത്തിന്റെ കേന്ദ്രം ഇതാണ്. ആരെയും അവഗണിക്കാതെ എല്ലാവർക്കും വേണ്ടി നീട്ടുന്ന ക്ഷണം. അവരുടെ സാമൂഹികമോ ധാർമ്മികമോ ആയ നില എന്തുതന്നെയായാലും ദരിദ്രരും വികലാംഗരും അന്ധരും മുടന്തരുമായ എല്ലാവരെയും ക്ഷണിക്കാനാണ് രാജാവ് ആവശ്യപ്പെട്ടത്. എല്ലാവർക്കും വേണ്ടിയുള്ള ഈ ദൗത്യത്തിന് പ്രതിബദ്ധത ആവശ്യമാണ് എന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. യഥാർത്ഥ മിഷനറി ആകുന്നതിന് സഭ കൂടുതൽ സിനഡൽ ആകണം. സിനഡലിറ്റി എന്നാൽ അടിസ്ഥാനപരമായി മിഷനറിയാണ് അതുപോലെ തന്നെ മിഷൻ എല്ലായ്പ്പോഴും സിനഡലാണെന്നും പാപ്പ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.