ഡോ. വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല; പിതാവിന്റെ ഹര്‍ജി തള്ളി

ഡോ. വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല; പിതാവിന്റെ ഹര്‍ജി തള്ളി

കൊച്ചി: യുവ ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നിലവിലെ അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.

സംഭവത്തില്‍ സന്ദീപ് മാത്രമാണ് ഏക പ്രതിയെന്നും കേസില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി. എന്നാല്‍ കേസില്‍ പ്രതിയായ സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ഒന്നല്ലെന്നും കൊലപാതകത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് കരുതുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് തള്ളിയ കോടതി നിലവിലെ അന്വേഷണത്തില്‍ തൃപ്തിയും രേഖപ്പെടുത്തി.

നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പരാതി ഉണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

2023 മെയ് 10നായിരുന്നു യുവ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെടുന്നത്. വൈദ്യ പരിശോധനയ്ക്കായി എത്തിയ പ്രതിയായ സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒന്നിലേറെ തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിന് ശേഷമാണ് ഹൗസ് സര്‍ജനായി പ്രവര്‍ത്തിക്കുകയായിരുന്നു വന്ദന. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.