കേരളത്തില്‍ ചാവേര്‍ ആക്രമണ പദ്ധതി: പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി; ശിക്ഷാ വിധി നാളെ

കേരളത്തില്‍ ചാവേര്‍ ആക്രമണ പദ്ധതി: പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി; ശിക്ഷാ വിധി നാളെ

കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കൊച്ചി എന്‍ഐഎ കോടതി. ശിക്ഷ നാളെ വിധിക്കും.

പ്രതിക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകള്‍ പ്രകാരവും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യുഎപിഎ 38, 39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വീട്ടില്‍ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ അടക്കമുള്ളവയും തെളിവായി എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. കാസര്‍കോഡ് ഐഎസ് കേസിന്റെ ഭാഗമാണ് ഈ കേസും.

കാസര്‍കോഡ് നിന്ന് 2016 ല്‍ ഐഎസില്‍ ചേരാന്‍ പോയി എന്നു കരുതുന്ന 14 പേരെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് മുപ്പത്തിനാലുകാരനായ റിയാസ് എന്‍ഐഎയുടെ പിടിയിലാകുന്നത്. അഫ്ഗാനിസ്ഥാനിലെത്തിയ ഇവരുമായി റിയാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

അഫ്ഗാനിസ്ഥാനിലെത്തി ഐഎസിന്റെ ഭാഗമായ അബ്ദുള്‍ റാഷിദ് അബ്ദുല്ലയുടെ നിര്‍ദേശ പ്രകാരം റിയാസ് കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെയാണ് റിയാസ് പിടിയിലാകുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.