മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍മൂല, കുറുവ, കാടന്‍ കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണ് നിരോധനാജ്ഞ.
ഇന്ന് രാവിലെ 7.30 ഓടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ചാലിഗദ്ദ പനച്ചിയില്‍ അജി(47) കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സുഹൃത്തിന്റെ വീട്ടു മുറ്റത്തു വച്ചാണ് കാട്ടാന അജിയെ ആക്രമിച്ചത്. ജനവാസ മേഖലയില്‍ എത്തിയ ആന വീടിന്റെ ഗേറ്റും മതിലും തകര്‍ത്താണ് അകത്ത് കടന്നത്.
സംഭവത്തില്‍ രോക്ഷാകുലരായ നാട്ടുകാര്‍ അജിയുടെ മൃതദേഹവുമായി മാനന്തവാടി ടൗണില്‍ പ്രതിഷേധ സമരം തുടരുകയാണ്. വനം മന്ത്രി അടക്കമുള്ള ഉന്നതര്‍ സ്ഥലത്തെത്താതെ മൃതദേഹം വിട്ടു നല്‍കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. അതിനിടെ എംഎല്‍എയും ജില്ലാ പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം ചേരുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടതായും കര്‍ണാടക വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടതായും മന്ത്രി പറഞ്ഞു.
ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയിലാണ് എത്തിയത്. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് വയനാട്ടിലിറങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.