മാനന്തവാടി: വയനാട്ടിൽ വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യവും അതുവഴിയുള്ള ജീവനാശവും ഇനിയും നിസ്സാരമായി കാണേണ്ട ഒന്നല്ല. മനുഷ്യന് മരണഭയമില്ലാതെ സ്വസ്ഥവും സ്വതന്ത്രവുമായി ജീവിക്കാൻ ഉള്ള അവകാശം നിരന്തരം ഹനിക്കപ്പെടുകയാണ് വയനാട്ടിൽ.
കടുവയും പുലിയും കരടിയും ആനയും എല്ലാം ചേർന്ന് നാട്ടിലിറങ്ങി സ്വൈര്യവിഹാരം നടത്തുമ്പോൾ മനുഷ്യന് വീട്ടുമുറ്റത്ത് പോലും ധൈര്യപൂർവ്വം നിൽക്കാൻ സാധിക്കാത്ത സാഹചര്യം ബോധപൂർവ്വം രൂപപ്പെടുത്തുകയാണ് അധികാര കേന്ദ്രങ്ങൾ.
ഇന്ന് പടമലയിൽ അതിദാരുണമായി കൊല്ലപ്പെട്ട അജിയുടെ മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഇവിടുത്തെ ഭരണ വ്യവസ്ഥിതികൾക്കാണ്. വയനാട്ടിൽ വന്യമൃഗങ്ങളെ സ്വൈര്യ വിഹാരത്തിന് വിട്ട് ഭീതി വിതച്ചും മരണ ഭയം സൃഷ്ടിച്ചും ഇവിടേ നിന്ന് സ്വയം കുടിയൊഴിഞ്ഞു പോകാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ശക്തമായ ഗൂഡാലോചനയുടെ ഭാഗമാണോ നിരന്തരമായ ഈ അക്രമണങ്ങൾ എന്ന് ഭയക്കേണ്ടിയിരിക്കുന്നു.
ഒരാഴ്ചയ്ക്കിടെ അന്യസംസ്ഥാനത്തു നിന്ന് നിരീക്ഷണത്തിൽ ഉള്ള അപകടകാരികളായ രണ്ടു ആനകൾ നമ്മുടെ ജില്ലയിൽ എത്തുകയും അവയ്ക്കു ജനവാസ കേന്ദ്രങ്ങളിൽ നിർഭയം എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ അവസരം ഒരുക്കി കൊടുക്കുകയും ചെയ്യുന്നത് ബന്ധപ്പെട്ട അധികാരികളുടെ പരാജയമാണോ അതോ ഗൂഡലോചനയാണോ എന്ന് അന്വഷണം നടത്തേണ്ടിയിരിക്കുന്നു.
വനാതിർത്തിയിൽ നിന്ന് തന്നെ തുരുത്തേണ്ടിയിരുന്ന ആന ആരുടെ അലംഭാവം മൂലമാണ് ഇത്രയും ദൂരം സഞ്ചരിച്ചു ജനവാസ കേന്ദ്രങ്ങളിൽ എത്തിയത് എന്നത് അടിയന്തിര പ്രാധാന്യം ഉള്ള വിഷയമാണ്.
കുട്ടികളിൽ അടക്കം ജീവഭയം സൃഷ്ടിച്ചാണ് ഇന്ന് പടമലയിൽ ആന ഭീകര അന്തരീക്ഷം സൃഷ്ടിച്ചത് എന്നത് തെളിവുകളോടെ നമ്മുടെ മുൻപിൽ ഉണ്ട്.
പറമ്പിൽ പണികൾ നടക്കുന്ന സമയം, ജീവനോപാധിക്കായി മനുഷ്യർ നെട്ടോടമോടുന്ന സമയം, കുട്ടികൾ പരീക്ഷക്ക് ഒരുങ്ങുന്ന സമയം, മനഃസമാധാനത്തോടെ തങ്ങളുടെ തൊഴിലുകളിലോ ജീവിതമാർഗങ്ങളിലോ ഏർപ്പെടാൻ പറ്റാത്ത വിധം വന്യമൃഗ ശല്യം ഭീതി പരത്തുന്നു. ഇതാ ഇപ്പോൾ സ്വന്തം വീടുകളിൽ പോലും ആക്രമിക്കപ്പെടുന്ന അവസ്ഥ. ഇതിനാര് പരിഹാരം കാണും?
മാനന്തവാടിയിൽ കേവലം ദിവസങ്ങൾക്കു മുൻപ് ഒരാനയെ നാട്ടുകാരുടെ ശക്തമായ പ്രധിഷേധത്തേ തുടർന്ന് മയക്കു വെടി വച്ചു തളയ്ക്കുകയും കർണാടക വനം വകുപ്പിന് കൈമാറുകയും തുടർന്ന് ആന ചെരിഞ്ഞപ്പോൾ ആനക്കണ്ണീർ തൂവി കപട മൃഗ സ്നേഹവും ആനയെക്കുറിച്ച് ദയനീയതയും സൃഷ്ടിച്ചു പൊതുബോധത്തെ ഈ നാട്ടിലെ കർഷകർക്കും സാധാരണ മനുഷ്യർക്കും അവർക്കു അന്തസ്സായി ജീവിക്കാനുള്ള അവകാശത്തിനും എതിരാക്കി മാറ്റി ആന സ്നേഹം പ്രകടിപ്പിച്ചവർ കൂടിയാണ് ഇന്ന് അജിയുടെ മരണത്തിന്റെ ഉത്തരവാദികൾ.
തണ്ണീർ കൊമ്പന് ശേഷം മറ്റൊരു നിരീക്ഷണത്തിൽ ഉള്ള ആന അതിർത്തി കടന്നു ദിവസങ്ങളായി ഈ നാട്ടിൽ എത്തിയിട്ടും തുരുത്താൻ ഇവിടുത്തെ ഉദ്യോഗസ്ഥരെ തടഞ്ഞ ചേതോവികാരം എന്തായിരിക്കും. മറ്റൊരു ആനയുടെ ജീവൻ സംരക്ഷിക്കാനുള്ള വെമ്പലിൽ ഇനിയും അജിയെപോലെ ഇന്ന് ഒരാൾ നാളെ നമ്മൾ തന്നെ ബലി കൊടുക്കപ്പെടും. ഇതിനിയും കയ്യും കെട്ടി ആദരാഞ്ജലികൾ അർപ്പിച്ചു നോക്കിയിരിക്കേണ്ടവർ അല്ല നമ്മൾ എന്നും നിലനിൽപ്പിന്റെ പോരാട്ടമാണ് ആവശ്യം. ജീവിക്കാനുള്ള അവകാശമാണ് സംരക്ഷിക്കപ്പെടേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26