തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ പഴിക്കുമ്പോഴും നികുതി കുടിശിക പിരിച്ചെടുക്കുന്നതില്‍ വന്‍ വീഴ്ചയുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ കുറ്റസമ്മതം.
2016-17 സാമ്പത്തിക വര്‍ഷം മുതലുള്ള നികുതല കുടിശികയിനത്തില്‍ 19,975 കോടി രൂപ ഇനിയും പിരിച്ചെടുക്കാനുണ്ടന്ന് നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മന്ത്രി വ്യക്തമാക്കി.
ഇതില്‍ 5914.13 കോടി രൂപ കോടതി കേസുകളുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലാണെന്നും 14061.30 കോടി രൂപയാണ് തര്‍ക്ക രഹിതമായിട്ടുള്ളതെന്നും എംഎല്‍എമാരായ മാണി സി. കാപ്പന്‍, പി.ജെ ജോസഫ്, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ് എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
അതേസമയം ഗ്രാന്റ് ഇനത്തില്‍ 2128.78 കോടി രൂപ കേന്ദ്രം നല്‍കാനുണ്ടെന്നും ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ശിപാര്‍ശ പ്രകാരമുള്ള ഗ്രാന്റുകളായ എസ്.ഡി.ആര്‍.എഫ്, എസ്.ഡി.എം.എഫ്, ലോക്കല്‍ ബോഡി ഗ്രാന്റ് എന്നിവയില്‍ യഥാക്രമം 138.8 കോടി, 69.4 കോടി, 1920.58 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്.
2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ പൊതു കടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം യഥാക്രമം 23.54 ശതമാനവും 22.75 ശതമാനവുമാണ്. 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 സാമ്പത്തിക വര്‍ഷം വരെയുള്ള സംസ്ഥാനത്തിന്റെ കടബാധ്യതയുടെ കണക്കുകളും മന്ത്രി സഭയെ അറിയിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം കോടിയുടെ കടബാധ്യതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ മുഖേന നടത്തി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളായ റബ്ബര്‍ മിഷന്‍, ജില്ലകളിലെ റൂറല്‍ ഡെവെലപ്‌മെന്റ് ഏജന്‍സികള്‍ക്കുള്ള ഭരണച്ചിലവുകള്‍, ഐസിഡിഎസ് ട്രെയിനിങ്, അങ്കണവാടി സര്‍വീസ് തുടങ്ങിയവയ്ക്കുള്ള കേന്ദ്ര വിഹതമാണ് നിര്‍ത്തലാക്കിയിരിക്കുന്നതെന്നും അത് സംസ്ഥാനത്തിന് തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു.
പദ്ധതികളുടെ നടത്തിപ്പിനും ജീവനക്കാര്‍ക്കുള്ള ശമ്പളങ്ങള്‍ക്കുമാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ചെലവഴിച്ചിരുന്നത്. അതുകൊണ്ടു തന്നെ കേന്ദ്ര വിഹിതം പിന്‍വലിച്ച സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളയിനത്തിലുള്ള ചെലവ് സംസഥാന സര്‍ക്കാറിന് ബാധ്യതയായി മാറിയെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.