മംഗളുരു: യാത്രക്കാരില്ലാത്തതിനാല്‍ നഷ്ടത്തിലോടുന്ന മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് നിര്‍ത്താന്‍ ആലോചന. ആകെയുള്ള 530 സീറ്റില്‍ 150 ല്‍ താഴെ യാത്രക്കാരേ പലപ്പോഴും ഉണ്ടാകാറുള്ളു. നേരത്തേ മംഗളൂരു-ഗോവ ഇന്റര്‍സിറ്റി ആളില്ലാതെ നിര്‍ത്തലാക്കിയിരുന്നു.
ഡിസംബര്‍ 30 നാണ് മംഗളൂരു-ഗോവ- മംഗളൂരു വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്. യാത്രക്കാര്‍ ഇല്ലാതായതോടെ മംഗളൂരു-ഗോവ വന്ദേഭാരത് കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ നീട്ടാനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ ട്രെയിനുകള്‍ വൈകുമെന്ന പാസഞ്ചേഴ്സ് അസോസിയേഷനുകളുടെ കൂട്ടായ പ്രതിഷേധമാണ് റെയില്‍വേയെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചത്.
കോഴിക്കോടിനും മംഗളൂരുവിനും ഇടയില്‍ ട്രെയിനുകള്‍ കുറവായതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ കയറുമെന്നാണ് റെയില്‍വേയും പ്രതീക്ഷിക്കുന്നത്. സമയം ക്രമീകരിക്കാനോ, അറ്റകുറ്റപ്പണിക്കോ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ സര്‍വീസ് നീട്ടാന്‍ സാധിക്കും എന്നതും നേട്ടമായിരുന്നു.
എന്നാല്‍ വന്ദേ ഭാരതിനായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസമാണ് മംഗളൂരു-ഗോവ റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. രാവിലെ 8.30 നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് മംഗളൂരുവില്‍ നിന്നു പുറപ്പെടുന്നത്. നാലര മണിക്കൂര്‍കൊണ്ട് ഗോവയില്‍ എത്തും.
രാവിലെ 5.30 ന് കോഴിക്കോട് നിന്നോ 6.30 ന് കണ്ണൂരില്‍ നിന്നോ പുറപ്പെട്ടാല്‍ നിലവിലെ സമയക്രമം മാറ്റാതെ സര്‍വീസ് നടത്താന്‍ സാധിക്കും. കോഴിക്കോട് നിന്നു പുറപ്പെട്ടാല്‍ വന്ദേ ഭാരതിന് ഏഴര മണിക്കൂര്‍ കൊണ്ട് ഗോവയില്‍ എത്താന്‍ കഴിയും.
വൈകുന്നേരം 6.10 ന് ഗോവയില്‍ നിന്നു പുറപ്പെട്ട് രാത്രി 10.45 ന് മംഗളൂരുവില്‍ എത്തുന്ന തരത്തിലാണ് മടക്കയാത്ര. ഇത് ഉച്ചയ്ക്ക് 2.15 ന് പുറപ്പെടുന്ന രീതിയില്‍ പുനക്രമീകരിച്ചാല്‍ വൈകുന്നേരം 6.45 ന് മംഗളൂരുവിലും രാത്രി 8.45 ന് കണ്ണൂരും 9.45 ന് കോഴിക്കോടും എത്താന്‍ സാധിക്കും.
ട്രെയിന്‍ കണ്ണൂരിലേക്കാണ് നീട്ടുന്നതെങ്കില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. കണ്ണൂര്‍-ബെംഗളൂരു എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ ധാരണയായ സാഹചര്യത്തില്‍ നിലവില്‍ ഈ ട്രെയിന്‍ നിര്‍ത്തുന്ന ട്രാക്ക് വന്ദേ ഭാരതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.