'പൊലീസ് മര്യാദയ്ക്ക് പെരുമാറണം; എത്ര പറഞ്ഞാലും മനസിലാവില്ല എന്നാണോ?': വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

 'പൊലീസ് മര്യാദയ്ക്ക് പെരുമാറണം; എത്ര പറഞ്ഞാലും മനസിലാവില്ല എന്നാണോ?': വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറണമെന്ന നിര്‍ദേശം അനുസരിക്കാന്‍ പൊലീസുകാര്‍ക്ക് ഇത്രയ്ക്കു ബുദ്ധിമുട്ടാണോ എന്ന് ഹൈക്കോടതി.

ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകനെ അപമാനിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ചോദ്യം. മാര്‍ച്ച് ഒന്നിനു കേസ് വീണ്ടും പരിഗണിക്കും.

അഭിഭാഷകര്‍ക്ക് ജോലി ചെയ്യാനുള്ള സുരക്ഷിതത്വം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു.

അഭിഭാഷകനോ സാധാരണക്കാരനോ തെരുവില്‍ കഴിയുന്ന ആളോ ആരുമാകട്ടെ, ഓരോ പൗരനേയും മാനിക്കേണ്ടതുണ്ട്. ഞാനിതു പല തവണയായി ആവര്‍ത്തിക്കുന്നു. ഇനിയും എത്രകാലം പറയണം? എത്ര പറഞ്ഞാലും മനസിലാവില്ല എന്നാണോ എന്നും കോടതി ചോദിച്ചു.

പൊലീസിന്റെ ആണെങ്കിലും ജഡ്ജിയുടെ ആണെങ്കിലും ആ യൂണിഫോമിട്ടാല്‍ പദവിക്ക് ചേര്‍ന്ന വിധമാണ് പെരുമാറേണ്ടത്. ജനങ്ങള്‍ക്ക് ആ യൂണിഫോമില്‍ വിശ്വാസമുണ്ട്. അതിനര്‍ഥം ജനങ്ങള്‍ക്കുമേല്‍ അധികാരം പ്രയോഗിക്കണമെന്നല്ല.

സമ്മര്‍ദമാണെന്നു പറഞ്ഞ് അതിക്രമം കാണിച്ചാല്‍ വകവച്ചു തരാന്‍ പറ്റില്ല. ജോലി സമ്മര്‍ദം ജനങ്ങളോട് മോശമായി പെരുമാറാനുള്ള ലൈസന്‍സല്ല. അഭിഭാഷകനോട് ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും? ജനങ്ങളോട് മര്യാദയ്ക്കു പെരുമാറണമെന്നത് ഇത്രയ്ക്ക് ബുദ്ധിമുട്ടാണോ?

പൊലീസിന് സമ്മര്‍ദങ്ങള്‍ താങ്ങാനുള്ള പരിശീലനം ലഭിക്കുന്നുണ്ടല്ലോ. എന്നിട്ടും സമ്മര്‍ദം താങ്ങാനാവുന്നില്ലെങ്കില്‍ ജോലി രാജിവച്ച് ഇറങ്ങിപ്പോവുകയാണ് വേണ്ടത്. ജോലി സമ്മര്‍ദം താങ്ങാനാവുന്നില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.

ആലത്തൂര്‍ സ്റ്റേഷനില്‍ അക്വിബ് സുഹൈല്‍ എന്ന അഭിഭാഷകനെ എസ്ഐ വി.ആര്‍ റിനീഷ് അപമാനിച്ച സംഭവത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടുനല്‍കാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനെ എസ്ഐ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു..

മാപ്പു പറയാന്‍ തയ്യാറാന്‍ തയ്യാറാണെന്നും ഖേദിക്കുന്നുവെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ പറഞ്ഞത്. ഇന്ന് പൊലീസ് നല്‍കിയ മറുപടി സത്യവാങ്മൂലത്തെ ചോദ്യം ചെയ്തായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം.

കോടതിയലക്ഷ്യപരമായി ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നതോടൊപ്പം മോശം വാക്കുകള്‍ പ്രയോഗിച്ചതിനെക്കുറിച്ച് സത്യവാങ്മൂലത്തില്‍ പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ശാസന കേട്ട് തെറ്റില്‍ നിന്ന് രക്ഷപ്പെടാമെന്ന് ഉദ്യോഗസ്ഥര്‍ കരുതരുതെന്നും കോടതി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.