കാട്ടാനയുടെ ആക്രമണം: വയനാട്ടില്‍ ഹര്‍ത്താല്‍ ആരംഭിച്ചു; കുടുംബത്തിലൊരാള്‍ക്ക് ജോലി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബന്ധുക്കള്‍

കാട്ടാനയുടെ ആക്രമണം: വയനാട്ടില്‍ ഹര്‍ത്താല്‍ ആരംഭിച്ചു; കുടുംബത്തിലൊരാള്‍ക്ക് ജോലി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബന്ധുക്കള്‍

മാനന്തവാടി: വയനാട്ടില്‍ തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം ഇന്ന് രാവിലെ പുല്‍പ്പള്ളിയില്‍ എത്തിക്കും.

ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയിരുന്നു. നഷ്ടപരിഹാരം, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് ബന്ധുക്കള്‍.

ഇന്നലെ രാവിലെയാണ് വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്ററിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന പോളിനെ കുറുവ ദ്വീപിന് സമീപത്ത് വച്ച് കാട്ടാന ആക്രമിച്ചത്. ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇരുന്നൂറോളംപേര്‍ വരുന്ന വനം വകുപ്പ് ദൗത്യസംഘം തിരുനെല്ലി പഞ്ചായത്തിലെ പനവല്ലയില്‍ വനത്തില്‍ കയറിയപ്പോഴാണ് ഇക്കോ ടൂറിസത്തിന്റെ ഭാഗമായ കുറുവാ ദ്വീപില്‍ പോളിനെ കാട്ടാന കൊലപ്പെടുത്തുന്നത്. കൊലയാന സമീപ പ്രദേശത്ത് ഉള്ളതിനാല്‍, കുറുവാ ദ്വീപിലേക്ക് വരുന്നവരെ മടക്കി അയയ്ക്കാന്‍ വനപാതയില്‍ നില്‍ക്കുകയായിരുന്നു പോള്‍. കുട്ടിയാന അടക്കം അഞ്ച് ആനകളാണ് കടന്നുവന്നത്. അതിലൊന്ന് പോളിനെ പിന്തുടര്‍ന്ന് ചവിട്ടിക്കൊല്ലുകയായിരുന്നു. തൊഴിലുറപ്പിന് പോകുന്ന സ്ത്രീകള്‍ ബഹളംവച്ചതോടെയാണ് ആനക്കൂട്ടം കാടുകയറിയത്.

ഇന്നലെ രാവിലെ ഒമ്പതരയോടെ പാക്കം ചേകാടി റോഡിലെ കുറുവ ദ്വീപിന് സമീത്തെ വനപാതയിലാണ് സംഭവം. 600 മീറ്റര്‍ അകലെയാണ് കുറുവ ദ്വീപ്. പോളിനെ ഉടന്‍ മാനന്തവാടിയിലെ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ച് സര്‍ജറിക്ക് വിധേയമാക്കിയിരുന്നു. ആക്രമണത്തില്‍ വാരിയെല്ലും നട്ടെല്ലും ഒടിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്.

കോയമ്പത്തൂരില്‍ നിന്നെത്തിയ എയര്‍ ആംബുലന്‍സില്‍ രോഗിയെ കൊണ്ട് പോകാനുളള യാതൊരു സൗകര്യം ഉണ്ടായിരുന്നില്ല. ഇതും പ്രതിഷേധത്തിന് ഇടയാക്കി. ഐ.സി.യു സംവിധാനമുളള ആംബുലന്‍സ് വാനില്‍ 12.58 ന് മാനന്തവാടിയില്‍ നിന്ന് പുറപ്പെട്ടു. രണ്ട് ഡോക്ടര്‍മാര്‍ അനുഗമിച്ചു. 2.55 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി. അടിയന്തര ചികിത്സ നല്‍കിയെങ്കിലും 3.25ന് അന്ത്യം സംഭവിക്കുകയായിരുന്നു.

സാനിയാണ് ഭാര്യ. ഏക മകള്‍ സോന പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇന്ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.