വരുമാനത്തേക്കാള്‍ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ വില; സുപ്രധാന നീരിക്ഷണവുമായി സുപ്രീം കോടതി

വരുമാനത്തേക്കാള്‍ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ വില; സുപ്രധാന നീരിക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: കുടുംബത്തിലും സമൂഹത്തിലും വീട്ടമ്മമാരുടെ പ്രാധാന്യം സംബന്ധിച്ച് വിചാരണ കോടതിയുടെ അനുമാനം തിരുത്തി സുപ്രീം കോടതി. വരുമാനത്തേക്കാള്‍ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ വിലയെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വീട്ടമ്മമാരുടെ പ്രാധാന്യം സംബന്ധിച്ച വിചാരണ കോടതികളുടെ കാഴ്ചപ്പാട് അനുചിതമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി വരുമാനം ഉണ്ടാക്കുന്ന പങ്കാളിയുടേതിനോളം പ്രധാനപ്പെട്ടതാണ് വീട്ടമ്മയുടെ ജോലിയെന്നും പറഞ്ഞു.

വീട്ടമ്മയുടെ അസാന്നിധ്യം കുടുംബങ്ങള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് നികത്താനാകാത്തതാണ്. ഉത്തരാഖണ്ഡ് വിചാരണ കോടതിയുടെ വിധിയ്ക്കെതിരായാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.

2006 ല്‍ ഉത്തരാഖണ്ഡില്‍ വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ വിചാരണ കോടതിയുടെ വിധിയെ ആണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിമര്‍ശിച്ചത്. മോട്ടോര്‍ വാഹന അപകടത്തിന്റെ ക്ലെയിമുകള്‍ പരിഗണിക്കുമ്പോള്‍ വീട്ടമ്മയുടെ ജോലിയും സേവനവും പരിഗണിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വീട്ടമ്മയുടെ വരുമാനം കൃത്യമായി സംഖ്യയില്‍ കണക്കാക്കാനാകില്ലെന്ന പേരില്‍ അവര്‍ക്കുള്ള അപകട നഷ്ടപരിഹാര തുക കുറയാന്‍ പാടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ സൂര്യന്‍ കാന്ത്, കെ.വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വാഹനാപകട കേസുകളില്‍ ട്രൈബ്യൂണലുകളും കോടതികളും വീട്ടമ്മമാരുടെ വരുമാനം അവരുടെ ജോലിയും ത്യാഗവും അധ്വാനവും പരിഗണിച്ച് വേണം നിശ്ചയിക്കേണ്ടതെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.