വന്യജീവി ആക്രമണത്തില്‍ നിന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കണം: വി.ഡി സതീശന്‍

വന്യജീവി ആക്രമണത്തില്‍ നിന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കണം: വി.ഡി സതീശന്‍

പാലക്കാട്: വന്യജീവി ആക്രമണത്തില്‍ നിന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വയനാട്ടിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയതായും അദേഹം പാലക്കാട് മാധ്യമങ്ങളോട് പ്രതികരിച്ചു.

ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം. തുടര്‍ച്ചയായി വന്യജീവി അക്രമത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാകുമ്പോള്‍ വൈകാരിക പ്രതികരണങ്ങള്‍ സ്വാഭാവികമാണ്. സ്ഥിതിഗതികള്‍ കൈവിട്ട് പോകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന പ്രമേയത്തിന് പ്രതിപക്ഷം പിന്തുണ നല്‍കിയിട്ടുണ്ട്. ദേശീയതലത്തില്‍ ഇതൊരു വിഷയമായി കൊണ്ടുവരണമെന്നും ഇക്കാര്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിഷ്‌ക്രിയനും നിസംഗനുമായി ഇരിക്കുകയായിരുന്നു. സംസ്ഥാന വ്യാപകമായി പ്രശ്നമുണ്ടായിട്ടും അതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഒരു പദ്ധതികളുമില്ലെന്നും അദേഹം കുറ്റപ്പെടുത്തി.

കൂടാതെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും കൃഷിനാശമുണ്ടായവര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. ഏഴായിരത്തോളം പേര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്. ഈ ഡിസംബര്‍ വരെ 85 പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. മാനന്തവാടിയില്‍ കര്‍ഷകനെ കാട്ടാന കൊലപ്പെടുത്തിയ സംഭവം നിയമസഭയില്‍ കൊണ്ടു വന്നിട്ടും സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ആനയെ തളയ്ക്കാന്‍ പോലും സാധിച്ചിട്ടില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.