വന്യമൃഗ ആക്രമണം: സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് രാഹുല്‍ ഗാന്ധി

വന്യമൃഗ ആക്രമണം: സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: വയനാട്ടില്‍ വന്യമൃഗ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വയനാട് എംപി രാഹുല്‍ ഗാന്ധി. വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും രാഹുല്‍ ആരോപിച്ചു.

വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. മുഖ്യമന്ത്രിയെ രാവിലെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും രാഹുല്‍ പറഞ്ഞു.

വയനാട് മെഡിക്കല്‍ കോളജിന്റെ വികസനം സാധ്യമാക്കുന്നതില്‍ അനാവശ്യ കാലതാമസമാണ് സംഭവിക്കുന്നത്. ജനങ്ങളുടെ ജീവന്‍ നഷ്ടമായിട്ടും മികച്ചൊരു മെഡിക്കല്‍ കോളജ് ഇവിടെയില്ല.

മെഡിക്കല്‍ കോളജിന്റേത് ഗൗരവമായ പ്രശ്‌നമാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നത് ശരിയല്ലെന്നും രാഹുല്‍ വ്യക്തമാക്കി.

അതേസമയം, ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ രാഹുല്‍ ഗാന്ധി എത്തിയത്. വനംവകുപ്പ് താല്‍കാലിക വാച്ചര്‍ പാക്കം സ്വദേശി വി.പി പോളിന്റെയും പടമല സ്വദേശി അജീഷിന്റെയും പുലിയാക്രമണത്തില്‍ കൊല്ലപ്പെട്ട മുള്ളംകൊല്ലി സ്വദേശി പ്രജീഷിന്റെയും വീടുകള്‍ സന്ദര്‍ശിച്ചു. മൂന്ന് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷമാണ് അദേഹം മടങ്ങിയത്.

കാട്ടാന ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുല്‍ ആദ്യം പോയത്. തുടര്‍ന്നാണ് പോളിന്റെയും പ്രജീഷിന്റെയും വീട്ടിലെത്തിയത്. കാട്ടാന ആക്രമണത്തില്‍ വാച്ചര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്.

ഈ സമയത്ത് രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തെ കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് എംപി കൂടിയായ രാഹുല്‍ വയനാട്ടിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.