ഹിന്ദുത്വ വാദികള്‍ ചുട്ടുകൊന്ന ഗഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും കണ്ണിരോര്‍മകള്‍ക്ക് ഇന്ന് 22 വയസ്

ഹിന്ദുത്വ വാദികള്‍ ചുട്ടുകൊന്ന ഗഹാം സ്റ്റെയിന്‍സിന്റെയും  മക്കളുടെയും കണ്ണിരോര്‍മകള്‍ക്ക് ഇന്ന് 22 വയസ്

ഭുവനേശ്വര്‍: മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദുത്വവാദികള്‍ ഒഡീഷയില്‍ ചുട്ടുകൊന്ന ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും കണ്ണിരോര്‍മകള്‍ക്ക് ഇന്ന് 22 വയസ്. 1999 ജനുവരി 22 നാണ് ക്രിസ്ത്യന്‍ മത പ്രചാരകനായ ഓസ്‌ട്രേലിയക്കാരന്‍ ഗ്രഹാം സ്റ്റെയിന്‍സും മക്കളും ഒഡീഷയിലെ ബാരിപാഡയില്‍ വാഹനത്തില്‍ വെന്ത് മരിച്ചത്.

ഗ്രഹാം സ്റ്റെയിന്‍സ് ഒഡീഷയിലെ ദരിദ്ര ആദിവാസി സമുദായങ്ങള്‍ക്കിടയില്‍ 35 വര്‍ഷത്തോളം താമസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതാണ് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് 1999 ജനുവരി 22നു ഗ്രഹാം സ്റ്റെയിന്‍സ്, മക്കളായ ഫിലിപ്പ്(10), തിമോത്തി(9) എന്നിവരെ വാഹനത്തില്‍ കിടന്നുറങ്ങുന്നതിനിടെ ജീവനോടെ ചുട്ടുകൊന്നത്.

ബാരിപാഡയിലെ കുഷ്ഠരോഗികളെ സേവിക്കുന്നതില്‍ വ്യാപൃതനായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ്. മികച്ച പ്രാസംഗികനായ ഇദ്ദേഹത്തിനു ഒഡിയ ഭാഷയിലും പ്രാദേശിക ഭാഷയായ സാന്താലിയിലും മികച്ച അറിവുണ്ടായിരുന്നു. പ്രസംഗത്തിലൂടെയും മറ്റും ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റുന്നുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വ വാദികള്‍ ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്നത്. എന്നാല്‍ ആരോപണം ഗ്രഹാം സ്റ്റെയിന്‍സിന്റെ വിധവയായ ഗ്ലാഡിസ് സ്റ്റെയിന്‍സ് നിരസിച്ചിരുന്നു.

രാജ്യം നടുങ്ങിയ കൊടുംക്രൂരതയ്ക്കു നേതൃത്വം നല്‍കിയത് അന്ന് ബജറംഗ്ദള്‍ പ്രവര്‍ത്തകനായ ദാരാ സിങാണ്. ഹിന്ദുത്വ ആള്‍ക്കൂട്ടത്തിനു നേതൃത്വം നല്‍കിയ ഇദ്ദേഹം പശു സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ആര്‍എസ്എസ്, ബിജെപി എന്നിവയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മൂന്നുപേരെ കൂട്ടക്കൊല നടത്തിയതിനു വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ദാര സിങിന്റെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി മാറ്റി.

ഒഡീഷയിലെ ഗോത്ര ജില്ലയായ മയൂര്‍ഭഞ്ചിന്റെ ആസ്ഥാനമായ ബാരിപാഡയിലായിരുന്നു ഗ്രഹാം സ്റ്റെയിന്‍സിന്റെ പ്രവര്‍ത്തനം. ഉറ്റവര്‍ കൊല്ലപ്പെട്ട ശേഷവും ഗ്ലാഡിസ് സ്റ്റെയിന്‍സ് മകള്‍ എസ്തറിനൊപ്പം ഒഡീഷയില്‍ തുടര്‍ന്നു. കുഷ്ഠരോഗം ബാധിച്ചവരുമൊത്തുള്ള പ്രവര്‍ത്തനത്തിന് 2005 ല്‍ ഇവരെ രാഷ്ട്രപതി പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചിരുന്നു.

ലോകം നടുങ്ങിയ കൊടും ക്രൂരതയ്ക്ക് രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും മത വൈരത്തിന്റെ പേരില്‍ കൊലയും കൊള്ളയും രാജ്യത്ത് ഇന്നും തുടര്‍ക്കഥയാവുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.