ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിനിടെ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ യുവ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. കര്‍ഷകന്റെ തലയ്ക്ക് വെടിയേറ്റ ചിത്രം പുറത്ത് വിട്ടു. ഹരിയാന പൊലീസും കേന്ദ്ര സേനയും കര്‍ഷകര്‍ക്ക് നേരെ വെടി ഉതിര്‍ത്തുവെന്നാണ് ആരോപണം. ഖനൗര്‍ അതിര്‍ത്തിയില്‍ ഇന്നലെയാണ് യുവ കര്‍ഷകന്‍ ശുഭ്കരണ്‍ സിങ് കൊല്ലപ്പെട്ടത്.
ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ച ചര്‍ച്ചയുമായി തല്‍ക്കാലം സഹകരിക്കേണ്ടതില്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും. കൂടാതെ ബിജെപി നേതാക്കളുടെ വസതികളിലേക്ക് ട്രാക്ടര്‍ കിസാന്‍ മോര്‍ച്ച മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ രണ്ട് വരെ കര്‍ഷകര്‍ റോഡ് തടഞ്ഞ് സമരം നടത്തും.
പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവിലും ഖനൗരിയിലും തുടരാന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷകര്‍ നാളെ ഡല്‍ഹിയിലേക്ക് നീങ്ങും. കഴിഞ്ഞ ദിവസം പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഖനൗരിയില്‍ മൂന്ന് കര്‍ഷകര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
അതേസമയം ആരോപണം ഹരിയാന പൊലീസ് നിഷേധിച്ചു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വ്യക്തമാക്കി. പഞ്ചാബ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരായ നടപടിക്ക് കൂട്ട് നില്‍ക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.
ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് പ്രയോഗിച്ച ഗ്രനേഡ്, കണ്ണീര്‍ വാതക ഷെല്ലുകള്‍ കൊണ്ട് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം ഡല്‍ഹി ചലോ മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തി വച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗം അറിയിച്ചു. യുവ കര്‍ഷകന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.