ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെയല്ല, ഒറ്റക്കൊമ്പനും ഇരട്ടക്കൊമ്പനും ഇടയിലൂടെയാണ് തങ്ങള്‍ നടന്നതെന്ന് മാര്‍ ജോസഫ് പാംപ്ലാനി

ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെയല്ല, ഒറ്റക്കൊമ്പനും ഇരട്ടക്കൊമ്പനും ഇടയിലൂടെയാണ് തങ്ങള്‍ നടന്നതെന്ന് മാര്‍ ജോസഫ് പാംപ്ലാനി

കല്‍പ്പറ്റയെ മനുഷ്യക്കടലാക്കി കര്‍ഷക പ്രതിഷേധ ജ്വാല

മാനന്തവാടി: കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കർഷക പ്രതിഷേധ ജ്വാല കൽപ്പറ്റയെ മനുഷ്യക്കടലാക്കി. പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

'ഊരിപ്പിടിച്ച വാളിനിടയിലൂടെ അല്ല ഒറ്റക്കൊമ്പനും ഇരട്ടക്കൊമ്പനും ഇടയിലൂടെ വന്നവരാണ് ഞങ്ങൾ എന്നാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. ഇത് കർഷക സ്വരമാണ്. കർഷകർക്ക് എതിരായി എടുത്ത കേസ് പിൻവലിക്കണം. കേസ് എടുക്കേണ്ടത് വനം വകുപ്പ് ജീവനക്കാർക്കെതിരെയാണ്. റേഡിയോ കോളർ ആനയ്ക്ക് താലി കെട്ടിയതല്ല; ആനയെ നിരീക്ഷിക്കുവാനുള്ളതാണ്. വന പാലകർക്ക് അതിന് കഴിഞ്ഞില്ല. ആനയ്ക്കല്ല, വനം വകുപ്പ് ജീവനക്കാർക്കാണ് റേഡിയോ കോളർ ഘടിപ്പിക്കേണ്ടത്'- മാർ ജോസഫ് പാംപ്ലാനി കുറ്റപ്പെടുത്തി. 

"പുൽപ്പള്ളിയിൽ പ്രതിഷേധിച്ച കർഷകർക്ക് എതിരെയെടുത്ത കേസ് പിൻവലിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. കേസ് എടുത്തത് തെറ്റായിപോയെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ വോട്ട് ചോദിച്ചു വരേണ്ട. ഇവിടെ വന്യ ജീവികളെ സംരക്ഷിക്കാൻ നിയമമുണ്ട്. സാധാരണക്കാരനെ സംരക്ഷിക്കാൻ നിയമമില്ല. നിയമ ഭേദഗതി വരുത്തിയില്ലെങ്കിൽ വന്യ മൃഗത്തെ മലയോര കർഷകർ കൃഷിയിടത്തിൽ നേരിടും".

"സർക്കാർ നിയമം മാറ്റിയില്ലെങ്കിൽ ജനങ്ങൾ ഈ നിയമത്തിനു പുല്ലു വില നൽകും. മലയോര കർഷകരെ ഇല്ലായ്മ ചെയ്യുന്നതിൽ സർക്കാരിന് കൃത്യമായ അജണ്ട ഉണ്ട്. മന്ത്രിമാർ വയനാട് സന്ദർശിച്ചു. പക്ഷേ അവർ പറഞ്ഞ ചില വർത്തമാനം കേട്ടപ്പോൾ കാര്യങ്ങൾ കടുവയോടോ ആനയോടോ പറഞ്ഞാൽ മതിയെന്ന് തോന്നിപ്പോയി. കൃഷിയിടത്തിൽ ജനിച്ച പന്നികൾ കാട്ടുപന്നിയല്ല നാട്ടുപന്നിയാണ്. നികുതി അടയ്ക്കുന്ന സ്ഥലത്ത് വന്യ ജീവി നിയമങ്ങൾ പാലിക്കാൻ മലയോര കർഷകർ ഇനി തയ്യാറല്ല".

വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രനെതിരെയും മാർ ജോസഫ് പാംപ്ലാനി രൂക്ഷ വിമർശനം ഉയർത്തി. സിസിഎഫിനോട് പറയാനുള്ളത് നിങ്ങൾക്കുള്ള അധികാരം നിങ്ങൾ വിനിയോഗിക്കുകയെന്നാണ്. വനപാലകർക്ക് കൃത്യ നിർവഹണമുണ്ടോ? മലയോര കർഷകരുടെ മേൽ കുതിര കയറുന്നവരാണ് വനം വകുപ്പ് ജീവനക്കാർ. സംസ്ഥാന സർക്കാർ കർഷകർക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. ഹൃദയം നുറുങ്ങിയ മനുഷ്യരുടെ പ്രതിഷേധത്തിനെതിരെയാണ് കേസ് എടുത്തിരിക്കുന്നതെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

കാടും നാടും വേർതിരിക്കുക, ഹെൻസിങ് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുക, വനത്തിലെ ഏകവിള തോട്ടങ്ങളും അധിനിവേശ സസ്യങ്ങളും നീക്കം ചെയ്യുക, ഇവിടങ്ങളിൽ നൈസർഗിക വനവൽകരണം നടത്തുക, വനത്തിൽ ട്രക്കിങ് അവസാനിപ്പിക്കുക, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കും പരിക്കേൽക്കുന്നവർക്കും ജീവനോപാധികൾ നഷ്ടമാകുന്നവർക്കും കാലാനുസൃത നഷ്ട പരിഹാരം സമയബന്ധിതമായി നൽകുക, വനവിസ്തൃതിക്ക് അനുസൃതമായി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക, വന നിയമങ്ങൾ കാലോചിതമാക്കുക തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്തോലിക്ക കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.