ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമ വ്യവസ്ഥ സമൂലമായി പരിഷ്‌കരിക്കുന്ന പുതിയ മൂന്ന് നിയമങ്ങള്‍ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.
2023 ഓഗസ്റ്റിലെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിലാണ് ഈ മൂന്ന് ബില്ലുകളും പാസാക്കിയത്. ഐപിസി, സിആര്‍പിസി, എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരമായാണ് പുതിയ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. 25 ന് രാഷ്ട്രപതി ഇവയ്ക്ക് അംഗീകാരം നല്‍കി. മൂന്നു നിയമവും ജുലൈ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തില്‍ പറയുന്നു.
കൊളോണിയല്‍ കാലത്ത് പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരമാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്.
1860 ല്‍ തയാറാക്കിയതാണ് ഇന്ത്യന്‍ പീനല്‍ കോഡ്. കോഡ് ഓഫ് ക്രിമിനല്‍ പ്രൊസിജ്യര്‍ 1973 ലുള്ളതാണ്. ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872 ലും. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇവ നിയമമായി. തീവ്രവാദം, ആള്‍ക്കൂട്ടക്കൊല, ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് പുതിയ നിയമങ്ങള്‍ എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ആള്‍ക്കൂട്ടക്കൊലയ്ക്ക് വധ ശിക്ഷയോ ജീവപര്യന്തം തടവ് ശിക്ഷയോ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. കൂട്ട ബലാത്സംഗത്തിന് 20 വര്‍ഷം തടവ് ലഭിക്കും. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം വധശിക്ഷ ലഭിക്കാവുന്ന കുറ്റമാകും. ഭാരതീയ ന്യായ സംഹിതയില്‍ 20 പുതിയ കുറ്റങ്ങള്‍ ചേര്‍ത്തപ്പോള്‍ ഐപിസിയില്‍ നിലവിലുണ്ടായിരുന്ന 19 വ്യവസ്ഥകള്‍ ഇല്ലാതാക്കി. 33 കുറ്റങ്ങള്‍ തടവ് ശിക്ഷയാക്കി വര്‍ധിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.