കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന മുസ്ലീം ലീഗിന്റെ ആവശ്യത്തിന്‍മേല്‍ കോണ്‍ഗ്രസുമായിട്ടുള്ള അന്തിമ ഘട്ട ഉഭയകക്ഷി ചര്‍ച്ച കൊച്ചിയില്‍ തുടങ്ങി. മൂന്നാം സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന കടുത്ത നിലപാടിലാണ് ലീഗ് നേതൃത്വം. നിലവിലെ സാഹചര്യത്തില്‍ മൂന്ന് സീറ്റ് നല്‍കാന്‍ കഴിയില്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
ലീഗിനെ പ്രതിനിധീകരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ് തുടങ്ങിയവര്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസിനായി കെ. സുധാകരന്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, എം.എം ഹസന്‍ എന്നിവരും സംബന്ധിക്കുന്നു.
കോട്ടയത്ത് കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍എസ്പിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മൂന്ന് സീറ്റ് വേണമെന്ന ലീഗിന്റെ കടുംപിടുത്തത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്തത്.
ലീഗിന്റെ പിടിവാശി കാരണം ചര്‍ച്ച നീണ്ടു പോയതില്‍ കടുത്ത അതൃപ്തി കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ഉഭയകക്ഷി ചര്‍ച്ചകള്‍ ആദ്യം ആരംഭിച്ചിട്ടും എല്‍ഡിഎഫിലെ സ്ഥാനാര്‍ഥി ധാരണകള്‍ പൂര്‍ത്തിയായ ശേഷമാണ് യുഡിഎഫ് അന്തിമ തീരുമാനത്തിനായി യോഗം ചേരുന്നത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാടോ, കെ. സുധാകരന്‍ ഇല്ലെങ്കില്‍ കണ്ണൂര്‍ സീറ്റോ വേണമെന്നാണ് ലീഗിന്റെ ആവശ്യം.
പ്രശ്നം സൗഹൃദമായി തീര്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്ത് സമവായത്തിലൂടെ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഉഭയകക്ഷി യോഗത്തില്‍ അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ തുടര്‍ നടപടി തീരുമാനിക്കാന്‍ 27 ന് പാണക്കാട് നേതൃ യോഗം ചേരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.