ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് : മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് : മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ആരോഗ്യ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയാറാക്കി അടൂര്‍ മലമേക്കര സ്വദേശിനിയില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.

കൊല്ലം ജില്ലയില്‍ പെരിനാട് വില്ലേജില്‍ വെള്ളിമണ്‍ വിനോദ് ഭവനില്‍ വിനോദ് ആണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി നൂറനാട് വില്ലേജില്‍ ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയം വീട്ടില്‍ അയ്യപ്പദാസ് കുറുപ്പും മൂന്നാം പ്രതി ഇയാളുടെ സഹോദരന്‍ മുരുകദാസ് കുറുപ്പുമാണ്.

2021 മാര്‍ച്ചില്‍ മുരുകദാസും അയ്യപ്പദാസും പരാതിക്കാരിക്ക് ഒന്നാം പ്രതി വിനോദ് ബാഹുലേയനെ പരിചയപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ വകുപ്പുകളില്‍ ഉന്നത ബന്ധങ്ങള്‍ ഉള്ളയാളാണെന്നും പൊതുപ്രവര്‍ത്തകന്‍ ആണെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ സ്ഥാനാര്‍ത്ഥിയായിരുന്നെന്നും പറഞ്ഞാണ് പരിചയപ്പെടുത്തിയത്.

ഒരുപാട് പേര്‍ക്ക് ജോലി വാങ്ങി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയില്‍ നിന്ന് പണം കൈപ്പറ്റിയത്. അതിനുശേഷം വിനോദ് ബാഹുലേയന്‍ പരാതിക്കാരിക്ക് മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ക്ലര്‍ക്കായി ജോലിയില്‍ നിയമിച്ച് കൊണ്ടുള്ള വ്യാജ നിയമന ഉത്തരവ് നല്‍കിയിരുന്നു.

എന്നാല്‍ ജോലിയില്‍ പ്രവേശിക്കുന്നതിന്റെ തലേ ദിവസം ഫോണില്‍ വിളിച്ച് മറ്റൊരു ദിവസം ജോലിയില്‍ പ്രവേശിച്ചാല്‍ മതിയെന്ന് അറിയിച്ചു. നിരവധി തവണ ഇയാള്‍ ഇത്തരത്തില്‍ ഒഴിവുകള്‍ പറഞ്ഞതിനെത്തുടര്‍ന്ന് പരാതിക്കാരി നിയമന ഉത്തരവ് സുഹൃത്താക്കളായ ചിലരെ കാണിക്കുകയും അത് വ്യാജമാണെന്ന് തിരിച്ചറിയുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് പരാതിക്കാരിയില്‍ നിന്നും കൈപ്പറ്റിയ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒന്നാം പ്രതി അതിന് തയാറാകാതെ വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ നൂറനാട്, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി നിരവധി ആളുകളില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.