പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ പള്ളിയങ്കണത്തില്‍ കയറി വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 28 പേര്‍ അറസ്റ്റില്‍. വധ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അക്രമി സംഘത്തില്‍ 47 പേരാണ് ഉണ്ടായിരുന്നത്. ഇവരെയെല്ലാം തിരിച്ചറിഞ്ഞുവെന്നും പലരും പ്രായപൂര്‍ത്തിയായവര്‍ അല്ലെന്നും പൊലീസ് വ്യക്തമാക്കി.
കേസില്‍ അറസ്റ്റിലായ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം പ്രായപൂര്‍ത്തിയാകാത്ത പത്ത് പേരെ ഏറ്റുമാനൂര്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റി. മറ്റുള്ളവരെ ചങ്ങനാശേരി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികള്‍ സഞ്ചരിച്ചിരുന്ന അഞ്ച് കാറുകളും ഏതാനും ഇരുചക്രവാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും കേസെടുത്തിട്ടുണ്ട്. അതേസമയം അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല.
പ്രായപൂര്‍ത്തിയാകാത്തവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതിന് നിയമ തടസമുണ്ടെങ്കിലും ബാക്കിയുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ പോലീസ് തയാറാകാത്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈരാറ്റുപേട്ട സ്വദേശികളായ ആറ് പേരെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ ചേര്‍പ്പുങ്കലിലെ മാര്‍ സ്ലീവ മെഡിസിറ്റിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടത് കൈയ്ക്കും തലയ്ക്കും പരിക്കേറ്റ അദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ട് പേര്‍ക്കെതിരെ കോട്ടയം സൈബര്‍ സെല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോട്ടയം ജില്ലയിലെ പല സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും പൊലീസ് നിരീക്ഷണത്തിലാണ്.
ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ ദേവാലയം സന്ദര്‍ശിച്ചു. സംഭവത്തില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ, സീറോ മലബാര്‍ സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കോട്ടയം രൂപത അധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ട് തുടങ്ങിയവര്‍ പ്രതിഷേധിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയില്‍ ആരാധന നടന്നുകൊണ്ടിരിക്കെ കുരിശടിയിലും മൈതാനത്തും അക്രമി സംഘം വാഹന അഭ്യാസ പ്രകടനം നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. വലിയ ശബ്ദം ഉയര്‍ന്ന് ആരാധന തടസപ്പെട്ടതോടെ ഫാ. ജോസഫ് ആറ്റുചാലില്‍ എത്തി അവരോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ടു.
പിന്നീട് പള്ളിയുടെ ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അമിത വേഗത്തില്‍ കാര്‍ ഓടിച്ച് വൈദികനെ ഇടിച്ചു വീഴ്ത്തി. തലയടിച്ചാണ് വൈദികന്‍ വീണത്. ഉടന്‍ തന്നെ പള്ളിയധികൃതര്‍ കൂട്ടമണിയടിച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു കളഞ്ഞു.
പിന്നീട് ക്രൈസ്തവ സമൂഹം ഒന്നടങ്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.