കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി 100 കോടിയോളം കൈപ്പറ്റി: പുതിയ വെളിപ്പെടുത്തലുമായി മാത്യു കുഴല്‍നാടന്‍

കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി 100 കോടിയോളം കൈപ്പറ്റി: പുതിയ വെളിപ്പെടുത്തലുമായി  മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്ലിനായി മുഖ്യന്ത്രി പിണറായി വിജയന്‍ പല തവണ നിയമവിരുദ്ധ ഇടപെടല്‍ നടത്തിയെന്നും പ്രതിഫലമായി 100 കോടിയോളം രൂപ കൈപ്പറ്റിയെന്നും വെളിപ്പെടുത്തി മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

ഭൂപരിധി നിയമത്തില്‍ ഇളവു തേടിയ കമ്പനിക്ക് വേണ്ടി റവന്യൂ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെട്ടുവെന്നും റവന്യൂ വകുപ്പ് തീര്‍പ്പാക്കിയ വിഷയത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചെന്നും മാത്യു കുഴല്‍നാടന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

വീണാ വിജയനോ എക്സാലോജിക് കമ്പനിയോ ഒരു സേവനവും നല്‍കാതെയാണ് സിഎംആര്‍എല്ലില്‍ നിന്ന് പണം സ്വീകരിച്ചതെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ പങ്കാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്.

സിഎംആര്‍എല്ലിന് നല്‍കിയ കരാര്‍ നിലനിര്‍ത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ പ്രത്യേക ഇടപെടലുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയോ വ്യവസായ വകുപ്പോ സിപിഎമ്മോ മറുപടി നല്‍കിയിട്ടില്ല. സിഎംആര്‍എല്ലിനെ സഹായിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടതിന്റെ തെളിവ് നല്‍കിയിട്ടും കൃത്യമായ മറുപടി നല്‍കുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വ്യവസായ മന്ത്രി ഒറ്റവരി മറുപടി മാത്രമാണ് നല്‍കിയത്.

കഴിഞ്ഞ ആയിരം ദിവസമായി തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എലിന് ഗുണമുണ്ടാക്കുന്ന വിധത്തിലാണ്. ഇതിനകം 40,000 കോടി രൂപയുടെ കരിമണല്‍ ഖനനം ചെയ്തെടുത്തു. സിഎംആര്‍എല്‍ പ്രൊമോട്ട് ചെയ്യുന്ന കെആര്‍ഇഎംഎല്‍ എന്ന കമ്പനി തോട്ടപ്പള്ളിയില്‍ സ്ഥലം വാങ്ങിയതിലും ദുരൂഹതയുണ്ടെന്ന് കുഴല്‍നാടന്‍ ആരോപിച്ചു.

ഭൂപരിധി നിയമം ലംഘിച്ചാണ് ഇടപാട് നടന്നത്. ഭൂപരിധി നിയമത്തില്‍ ഇളവുതേടി കെആര്‍ഇഎംഎല്‍ സര്‍ക്കാരിനെ സമീപിച്ചതിന്റെ തെളിവും കുഴല്‍നാടന്‍ പുറത്തുവിട്ടു. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധിയില്‍ ഇളവു തേടിയാണ് അവര്‍ സര്‍ക്കാരിനെ സമീപിച്ചത്.

ജില്ലാ സമിതി രണ്ട് തവണ തള്ളിയ അപേക്ഷയ്ക്ക് മൂന്നാം തവണ അനുമതി കിട്ടാന്‍ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണ്. സിഎംആര്‍എല്‍ പലര്‍ക്കായി നല്‍കിയെന്ന് കണ്ടെത്തിയ 135 കോടിയില്‍ ഭൂരിഭാഗവും വാങ്ങിയത് മുഖ്യമന്ത്രിയാണ്. വീണയല്ല, മുഖ്യമന്ത്രിയാണ് വലിയ അഴിമതി നടത്തിയതെന്നും കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.