ജയ്പുര്‍: രാജസ്ഥാനില്‍ പീഡനത്തിനിരയായ യുവതിയെ വെടിവച്ചു കൊല്ലാന്‍ ശ്രമം. പീഡനക്കേസിലെ അതിജീവിതയായ ഇരുപത്തിനാലുകാരിക്കും സഹോദരനും നേരെയാണ് കേസിലെ പ്രതിയായ രാജേന്ദ്ര യാദവും കൂട്ടാളികളും ആക്രമണം നടത്തിയത്. ശനിയാഴ്ച രാത്രി കോട്ട്പുത്ലി-ബെഹ്റോര്‍ ജില്ലയിലെ പ്രാഗ്പുരയിലായിരുന്നു സംഭവം.
പീഡനക്കേസ് പിന്‍വലിക്കാന്‍ യുവതി വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ രാജേന്ദ്ര യാദവിനെ ട്രെയിന്‍ തട്ടി പരിക്കേറ്റ നിലയില്‍ കണ്ടെത്തി.
ശനിയാഴ്ച രാത്രി യുവതിയും സഹോദരനും ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മൂന്നംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. യുവതിക്ക് നേരേ വെടിയുതിര്‍ത്ത അക്രമികള്‍ പിന്നാലെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇരുവരെയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ നട്ടെല്ലിനും തലയ്ക്കും കൈകാലുകളിലും അടക്കം പരിക്കേറ്റ യുവതി ജയ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവതിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മഹിപാല്‍ ഗുര്‍ജാര്‍, രാഹുല്‍ ഗുര്‍ജാര്‍ എന്നിവരാണ് പിടിയിലായത്. അതേസമയം ട്രെയിന്‍ തട്ടി പരിക്കേറ്റ കേസിലെ മുഖ്യപ്രതിയായ രാജേന്ദ്ര യാദവിനെ ജയ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
ട്രെയിന്‍ തട്ടി കാല്‍ അറ്റുപോയ നിലയിലാണ് ഇയാളെ ജയ്പുരിലെ എസ്എംഎസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ അതോ അപകടത്തില്‍പ്പെട്ടതാണോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല.
കഴിഞ്ഞ ജൂണിലാണ് രാജേന്ദ്ര യാദവിനെതിരേ യുവതി പീഡന പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായി. ഇതോടെ പ്രതിയുടെ ജോലിയും നഷ്ടമായി. അടുത്തിടെ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ കേസ് പിന്‍വലിക്കാനായി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.