ഹാജര്‍ ഒപ്പിട്ടതിന് ശേഷം ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങലയ്ക്ക് പോയി; തൊഴിലുറപ്പ് മേറ്റുമാര്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഷന്‍

 ഹാജര്‍ ഒപ്പിട്ടതിന് ശേഷം ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങലയ്ക്ക് പോയി; തൊഴിലുറപ്പ് മേറ്റുമാര്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: ഹാജര്‍ ഒപ്പിട്ടതിന് ശേഷം ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയ മൂന്ന് തൊഴിലുറപ്പ് മേറ്റുമാര്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തിലെ മൂന്ന് മേറ്റുമാര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഹാജര്‍ രേഖപ്പെടുത്തി ഫോട്ടോയും എടുത്തതിന് ശേഷമാണ് മൂന്ന് മേറ്റുമാരും 70 തൊഴിലാളികളും ഡി.വൈ.എഫ്.ഐയുടെ പരിപാടിക്ക് പോയത്.

പരിപാടിയില്‍ പങ്കെടുത്ത ദിവസത്തെ ഇവരുടെ വേതനം കുറയ്ക്കണമെന്ന് ഓംബുഡ്‌സ്മാന്‍ ഉത്തരവില്‍ പറയുന്നു. കോണ്‍ഗ്രസും ബിജെപിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മേറ്റുമാര്‍ക്കെതിരെ നടപടിയെടുത്തത്.

ജനുവരി 20 നാണ് പള്ളിക്കല്‍ പഞ്ചായത്തിലെ 20-ാം വാര്‍ഡില്‍ പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. മൂന്ന് സൈറ്റുകളില്‍ നിന്നായി 70 ഓളം തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രവൃത്തി സ്ഥലത്തെത്തി എന്‍.എം.എം.എസ് മുഖേനെയും മസ്റ്റര്‍റോള്‍ വഴിയും ഹാജര്‍ രേഖപ്പെടുത്തിയതിന് ശേഷം മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയെന്നാണ് പരാതി. തൊഴിലുറപ്പ് ജോലിക്ക് മേല്‍നോട്ടം വഹിക്കേണ്ട മൂന്ന് മേറ്റുമാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മേറ്റുമാരും തൊഴിലാളികളും ഹാജര്‍ രേഖപ്പെടുത്തിയതിന് ശേഷം മനുഷ്യച്ചങ്ങലയ്ക്ക് പോയതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും ആരോപണ വിധേയരായ മേറ്റുമാരെ ട്രെയിനിങില്‍ പങ്കെടുപ്പിച്ചെന്നും നിയമപ്രകാരം തൊഴില്‍ ചെയ്ത തങ്ങളെ ഒഴിവാക്കിയെന്നും ചില മേറ്റുമാര്‍ പരാതി നല്‍കുകയായിരുന്നു.

സിപിഎമ്മിന്റെ ഭരണത്തിലുള്ള പഞ്ചായത്തില്‍ വാര്‍ഡ് മെമ്പറുടെ ഇഷ്ടപ്രകാരമാണ് ട്രെയിനിങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക തയാറാക്കിയതെന്നും ആരോപണമുണ്ട്. പരാതിക്കാര്‍ക്ക് മറ്റ് അയോഗ്യതകളില്ലെങ്കില്‍ ട്രെയിനിങ് നല്‍കണമെന്ന് പള്ളിക്കല്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ഓംബുഡ്‌സ്മാന്‍ നിര്‍ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.