ചന്ദ്രനില്‍ ചെരിഞ്ഞുവീണിട്ടും കണ്ണടയ്ക്കാതെ ഒഡീസിയസ്; ഭൂമിയിലേക്ക് ചിത്രങ്ങള്‍ അയച്ച് അമേരിക്കന്‍ പേടകം

ചന്ദ്രനില്‍ ചെരിഞ്ഞുവീണിട്ടും കണ്ണടയ്ക്കാതെ ഒഡീസിയസ്; ഭൂമിയിലേക്ക് ചിത്രങ്ങള്‍ അയച്ച് അമേരിക്കന്‍ പേടകം

കാലിഫോര്‍ണിയ: അഞ്ച് പതിറ്റാണ്ടിന് ശേഷം ചന്ദ്രനിലിറങ്ങിയ അമേരിക്കന്‍ ബഹിരാകാശ പേടകമായ ഒഡീസിയസ് ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു. സോഫ്റ്റ് ലാന്‍ഡിങ് സമയത്ത് പേടകം ചരിഞ്ഞുവീണിരുന്നു. ഇതിനിടെയിലാണ് പുതിയ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ഒരു പേടകവും ഇതുവരെ ഇറങ്ങാത്ത ചന്ദ്രനിലെ ഏറ്റവും തെക്കുനിന്നുള്ള ചിത്രമാണ് പേടകം ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്.

ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി ഇന്റ്യൂറ്റീവ് മെഷീന്‍സ് നിര്‍മിച്ച ഒഡീസിയസ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകമാണ്. മാത്രവുമല്ല, 1972ല്‍ ചന്ദ്രനിലിറങ്ങിയ അപ്പോളോ 17ന് ശേഷം ചന്ദ്രനിലിറങ്ങുന്ന ആദ്യ അമേരിക്കന്‍ ബഹിരാകാശ പേടകം കൂടിയാണ്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയ ആദ്യ സ്വകാര്യ പേടകമായ ഒഡീസിയസ് ചന്ദ്രോപരിതലത്തില്‍ വശത്തേക്ക് ചരിഞ്ഞ് കിടക്കുകയാണെങ്കിലും നോവ കണ്‍ട്രോളിലെ ഫ്‌ളൈറ്റ് കണ്‍ട്രോളറുകളുമായി ഒഡീസിയസ് ആശയവിനിമയം തുടരുന്നുവെന്ന് ഇന്റ്യൂറ്റീവ് മെഷീന്‍സ് കമ്പനി വ്യക്തമാക്കി. രണ്ട് ചിത്രങ്ങളാണ് കമ്പനി എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്.

ലാന്‍ഡ് ചെയ്ത 'മലപെര്‍ട്ട് എ' എന്ന പ്രദേശത്ത് നിന്ന് ഒഡീസിയസ് അതിന്റെ ലംബമായ ഇറക്കത്തിനിടെ പകര്‍ത്തിയ ചിത്രവും പിന്നാലെ പേടകം മറിഞ്ഞതിന് 35 സെക്കന്റുകള്‍ക്ക് ശേഷവും പകര്‍ത്തിയ ചിത്രങ്ങളാണ് ഭൂമിയിലെത്തിയത്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് മലപെര്‍ട്ട് എ ഗര്‍ത്തം. ഇവിടെ ലാന്‍ഡിങ്ങിന്റെ അവസാന നിമിഷങ്ങളില്‍ പേടകവുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. തുടര്‍ന്ന് ലാന്‍ഡിങ്ങിന് മിനിറ്റുകള്‍ക്ക് ശേഷമാണ് ബന്ധം പുനഃസ്ഥാപിച്ചത്.

മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ആര്‍ട്ടിമിസ് മൂന്ന് ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന മേഖല ഉള്‍പ്പെടെയുള്ളവ പഠിക്കാന്‍ ആവശ്യമായ ഉപകരണങ്ങളാണ് ലാന്‍ഡറിലുള്ളത്.

ഈ വര്‍ഷം അവസാനത്തോടെ ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ അയയ്ക്കുന്ന പദ്ധതികള്‍ നാസ തയ്യാറാക്കുകയാണ്. ഇതിന്റെ ഭാഗമായി 12 കോടി ഡോളര്‍ ഇന്റ്യൂറ്റീവ് മെഷീന്‍സിന് നല്‍കിയിട്ടുണ്ട്.

ബഹിരാകാശ യാത്രികരെ അയയ്ക്കാന്‍ പദ്ധതിയിടുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ ശാസ്ത്രീയമായി മനസിലാക്കുന്നതിന് വേണ്ടി നാസയുടെ ഉപകരണങ്ങളും ഒഡീസിയസ് വഹിക്കുന്നുണ്ട്. അപ്പോളോയില്‍നിന്നു വ്യത്യസ്തമായി ദീര്‍ഘകാല ആവാസ വ്യവസ്ഥകള്‍ നിര്‍മിക്കുക, കുടിവെള്ളത്തിനായി ചന്ദ്രോപരിതലത്തിലെ ഐസ് ഉപയോഗിക്കുക, ചൊവ്വയിലേക്കുള്ള ദൗത്യത്തിനായി റോക്കറ്റ് ഇന്ധനം ശേഖരിക്കുക തുടങ്ങിയ ആലോചനകളും നാസയ്ക്കുണ്ട്.

വ്യാഴാഴ്ചയാണ് ഒഡീസിയസ് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ മലപെര്‍ട്ട് എ ഗര്‍ത്തത്തിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 5.23ഓടെ ലാന്‍ഡ് ചെയ്തത്. ഭ്രമണപഥത്തില്‍നിന്ന് 73 മിനിറ്റ് സമയം എടുത്താണ് ഒഡീസിയസ് ചന്ദ്രനെ തൊട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.