മണ്ഡലങ്ങള്‍ വെച്ചുമാറി മുസ്ലീം ലീഗ്; മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീര്‍, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി

മണ്ഡലങ്ങള്‍ വെച്ചുമാറി മുസ്ലീം ലീഗ്; മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീര്‍, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി

മലപ്പുറം: കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റ് ധാരണയായതിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മത്സരിക്കും.

മലപ്പുറത്ത് സമദാനിയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും സിറ്റിങ് എംപിമാരാണ്. ഇത്തവണ ഇരുവരും മണ്ഡലം വെച്ചുമാറി. തമിഴ്നാട്ടിലെ രാമനാഥപുരം സീറ്റിലേക്കും ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സിറ്റിങ് എംപി നവാസ് കനി തന്നെയാണ് ഇത്തവണയും മത്സരിക്കുക.

പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മൂന്നാം സീറ്റിന് പകരം ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്നും നേതൃത്വം അറിയിച്ചു.

നാല് തവണ നിയമസഭാ അംഗമായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍. കെ. കരുണാകരന്‍, എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. മലപ്പുറം വാഴക്കാട് സ്വദേശിയായ ഇ.ടി മുഹമ്മദ് ബഷീര്‍ 2009 മുതല്‍ ലോക്സഭയില്‍ പൊന്നാനിയെ പ്രതിനിധീകരിക്കുന്നുണ്ട്.

എഴുത്തുകാരനും വാഗ്മിയുമായ അബ്ദുസമദ് സമദാനി മലപ്പുറത്തെ സിറ്റിങ് എംപിയാണ്. ലോക്സഭാംഗമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനേ തുടര്‍ന്ന് 2021 ല്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് സമദാനി എംപിയായത്.

മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ സമദാനി പൊന്നാനിയില്‍ കന്നിയങ്കത്തിനാണിറങ്ങുന്നത്. 2011 മുതല്‍ 2016 വരെ നിയമസഭയിലും 1994 മുതല്‍ 2006 വരെ രാജ്യസഭയിലും അംഗമായിരുന്നു സമദാനി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.