'വിവാഹവും കുട്ടികളും വേണ്ട'; ദക്ഷിണ കൊറിയയിൽ ജനസംഖ്യ ക്രമാതീതമായി കുറയുന്നു; വരുന്നത് വൻ പ്രത്യാഘാതങ്ങൾ

'വിവാഹവും കുട്ടികളും വേണ്ട'; ദക്ഷിണ കൊറിയയിൽ ജനസംഖ്യ ക്രമാതീതമായി കുറയുന്നു; വരുന്നത് വൻ പ്രത്യാഘാതങ്ങൾ

സോൾ: ലോകത്തിന്റെ ഒരു ഭാഗത്ത് ജനസംഖ്യാ വിസ്‌ഫോടനം നടക്കുമ്പോൾ മറ്റൊരു ഭാഗത്ത് അതിദയനീയമാണ് കാര്യങ്ങൾ. ജനസംഖ്യാ ശോഷണം നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന നിലയിലാണ് ദക്ഷിണ കൊറിയ അടക്കമുള്ള പല രാജ്യങ്ങളും. ദക്ഷിണ കൊറിയയിലെ പുതു തലമുറയെ ഷാംപു ജനറേഷൻ എന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞർ വിളിക്കുന്നത്.

ബന്ധങ്ങളും വിവാഹവും കുട്ടികളും വേണ്ടെന്ന് കരുതുന്നവരാണ് ഷാംപു ജനറേഷൻ. ഈ ഷാംപു ജനറേഷനാണ് ദക്ഷിണ കൊറിയയെ ലോകത്ത് ഫെർട്ടിലിറ്റി നിരക്ക് ഏറ്റവും കുറവുള്ള രാജ്യമാക്കി മാറ്റിയത്. ദക്ഷിണ കൊറിയയിലെ ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് 2022 ലെ 0.78 ൽ നിന്ന് 0.72 ആയി കുറഞ്ഞെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 1970 കളിൽ 4 ആയിരുന്നു നിരക്ക്. പിന്നീട് വന്ന കുടുംബാസൂത്രണ പദ്ധതികളും വികസനവും എല്ലാം ഫെർട്ടിലിറ്റി നിരക്ക് വൻ തോതിൽ കുറയാൻ ഇടയായി.

ഫെർട്ടിലിറ്റി നിരക്ക് കുറയാൻ ഉള്ള കാരണങ്ങൾ

കുട്ടികളെ വളർത്തുന്ന ചെലവ് താങ്ങാൻ സാധിക്കാത്തതാണ് ഫെർട്ടിലിറ്റി നിരക്ക് കുറയാൻ ഒരു പ്രധാന കാരണം. വികസിത രാജ്യമാണെങ്കിലും ദക്ഷിണ കൊറിയയിൽ ഇപ്പോഴും വീട്ടു ജോലികളും കുട്ടികളെ വളർത്തലും സ്ത്രീകളുടെ മാത്രം ജോലിയായാണ് കണക്കാക്കുന്നത്. അപ്പോൾ കുട്ടികളുണ്ടായാൽ അവരെ വളർത്താനായി സ്ത്രീകൾക്ക് ജോലി ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. അതു കൊണ്ടു തന്നെ ജോലി വേണോ കുട്ടികൾ വേണോ എന്ന ചോദ്യം ഉയരുമ്പോൾ സ്ത്രീകൾ ജോലി തിരഞ്ഞെടുക്കുന്നു.

തൊഴിലിടത്തിലും വേതന കാര്യത്തിലും സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് പരിഗണന കുറവാണെന്നതും ഒരു പ്രധാന കാര്യമാണ്. മത്സര ലോകത്ത് പ്രസവത്തിനും കുട്ടികളെ വളർത്താനുമായി കരിയർ ബ്രേക്കെടുത്ത് കരിയർ ഇല്ലാതാക്കാൻ സ്ത്രീകൾ തയ്യാറാകുന്നില്ല. ഒരു കുഞ്ഞ് ജനിക്കണമെന്ന് ആ​ഗ്രഹമുണ്ട്. പക്ഷേ ജോലിയിലുള്ള മുന്നേറ്റങ്ങളോർക്കുമ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മൂന്ന് വർഷം മുന്നെ വിവാഹിതയായ ഒരു സത്രീ പറഞ്ഞു.

ജനനസംഖ്യ വർധിപ്പിക്കാനുള്ള സർക്കാർ നടപടികൾ

2000 ത്തിന്റെ ആരംഭത്തിലാണ് ഇതിന്റെ പ്രത്യാഘാതം ഭരണകൂടം മനസിലാക്കിയത്. ആയുർദൈർഘ്യം കൂടുതലയായതിനാൽ ജനന നിരക്ക് കുറഞ്ഞാൽ ചെറുപ്പക്കാരേക്കാൾ പ്രായമായവരായിരിക്കും രാജ്യ ജനസംഖ്യയിൽ കൂടുതൽ. വൃദ്ധ ജനസംഖ്യയുടെ ആരോഗ്യ സംരക്ഷണത്തിനും സന്തോഷത്തിനുമായി പൊതുപണം ഏറെ ചെലവാക്കേണ്ട അവസ്ഥ വരും. തൊഴിലെടുക്കാൻ ആരോഗ്യമുള്ള ചെറുപ്പക്കാരുടെ കുറവ് തൊഴിൽ മേഖലയേയും രാജ്യത്തിന്റെ ഉത്പാദന ക്ഷമതയേയും ബാധിക്കും. ഇതേ നിലയിൽ പോകുകയാണങ്കിൽ രാജ്യത്തെ സാമ്പത്തിക രം​ഗം നിലനിർത്താൻ വേണ്ട ജനങ്ങൾ ഉണ്ടാവുകയില്ലെന്നാണ് വിലയിരുത്തൽ

കുട്ടികളുടെ എണ്ണം വർധിപ്പിക്കാനുള്ള പദ്ധതികൾക്കായി കോടികളാണ് സർക്കാർ ചെലവാക്കുന്നത്. 2006 ൽ ജനന നിരക്ക് ഉയർത്താനുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകി. കുട്ടികളുള്ള മാതാപിതാക്കൾക്ക് സാമ്പത്തിക സഹായം, കുട്ടികളുടെ ചെലവിന് പണം, മാതാപിതാക്കൾക്ക് ഒരു മണിക്കൂർ ജോലി സമയം കുറച്ച് നൽകൽ, കൂടുതൽ അവധി എന്നിങ്ങനെ എന്നിട്ടും സർക്കാർ പദ്ധതികൾ ഫലം കാണുന്നില്ല.

ദക്ഷിണ കൊറിയയുടെ ജനസംഖ്യാപരമായ പ്രതിസന്ധി സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക ക്ഷേമ സംവിധാനത്തിനും ഏറ്റവും വലിയ അപകടമായി മാറിയിരിക്കുകയാണ്. ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ രാജ്യത്തെ ജനസംഖ്യ 51 ദശലക്ഷം പകുതിയായി കുറയും. 2024 ൽ ഫെർട്ടിലിറ്റി നിരക്ക് 0.68 ആയി കുറയുമെന്ന് ദക്ഷിണ കൊറിയ നേരത്തെ പ്രവചിച്ചിരുന്നു.

വൃദ്ധ ജനസംഖ്യ വർധിച്ചതോടെ അവർക്ക് വേണ്ടിയുള്ള പദ്ധതികളും താളം തെറ്റി. സഹായങ്ങൾ എല്ലാവരിലേക്കും എത്താൻ വൈകി. ജോലി ചെയ്യാനാകാത്ത വൃദ്ധർക്ക് ജീവിതം ദുസ്സഹമായി. പലർക്കും മക്കളില്ലാത്തതോ മക്കൾ ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്തതോ വയസ്സായവരുടെ ജീവിതം ദുരിതത്താലാക്കി. വികസിത രാജ്യങ്ങളുടെ ഇയിൽ ദക്ഷിണ കൊറിയയിലെ വൃദ്ധരുടെ ഇടയിലെ പട്ടിണി ഏറ്റവും കൂടുതലാണ്. സർക്കാരിന്റെ കണക്കനുസരിച്ച് 1980 ൽ കൊറിയയിലെ യുവജനങ്ങളുടെ എണ്ണം ഏകദേശം 1.4 കോടിയായിരുന്നു. 2012 ൽ അത് ഒരു കോടിയായും 2021 ൽ അത് 80 ലക്ഷമായി കുറഞ്ഞു.

2060 ൽ 40 ലക്ഷമായി കുറയുമെന്നാണ് കണക്ക്. ഇത് രാജ്യത്തെ സാമ്പത്തികമായും സാമൂഹിക പരമായും ബാധിക്കുമെന്നുറപ്പാണ്. തൊഴിലെടുക്കാൻ സാധിക്കുന്ന യുവജനങ്ങളുടെ കുറവ് സാമ്പത്തിക സ്ഥിതിയെ പിന്നോടിക്കും. ഇപ്പോൾ തന്നെ കുട്ടികളില്ലാത്തതിനാൽ പല സ്‌കൂളുകളും പൂട്ടേണ്ട സ്ഥിതിയാണ്. വൃദ്ധ ജനസമൂഹത്തെ സംരക്ഷിക്കാനായി കൂടുതൽ ഫണ്ട് കണ്ടെത്തേണ്ടി വരും. ഇതിനായി കൂടുതൽ നികുതി ചുമത്തേണ്ടി വരും. തൊഴിലെടുക്കാൻ ആവശ്യത്തിന് യുവജനങ്ങൾ ഇല്ലാതാകുന്നത് സാമ്പത്തിക രംഗത്തെ പിന്നോട്ടടിക്കും. സൈനിക ശക്തിയേയും ഇത് ബാധിക്കും. സൈന്യത്തിൽ സേവനമനുഷ്ടിക്കാൻ ആളുകളില്ലാതെ വരുമെന്നാണ് കരുതുന്നത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.