റോഡ് പോല്‍ ആകാശവും; ബഹിരാകാശത്ത് യു.എസ് - റഷ്യ ഉപഗ്രഹങ്ങള്‍ നേര്‍ക്കുനേര്‍; തലനാരിഴയ്ക്ക് കൂട്ടിയിടി ഒഴിവായി

റോഡ് പോല്‍ ആകാശവും; ബഹിരാകാശത്ത് യു.എസ് - റഷ്യ ഉപഗ്രഹങ്ങള്‍  നേര്‍ക്കുനേര്‍; തലനാരിഴയ്ക്ക് കൂട്ടിയിടി ഒഴിവായി

കാലിഫോര്‍ണിയ: ബഹിരാകാശത്ത് റഷ്യന്‍-യുഎസ് ഉപഗ്രഹങ്ങളുടെ കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവായതില്‍ ആശ്വാസിച്ച് ശാസ്ത്രജ്ഞര്‍. നാസയുടെ തെര്‍മോസ്ഫിയര്‍ ലോണോസ്ഫിയര്‍ മെസോസ്ഫിയര്‍ എനര്‍ജെറ്റിക് ആന്‍ഡ് ഡൈനാമിക്സ് അഥവാ ടൈംഡ് ഉപഗ്രഹവും റഷ്യയുടെ കോസ്മോസ് 2221 ഉപഗ്രഹവും തമ്മിലാണ് മുഖാമുഖം വന്നത്. ഭൂമിയില്‍ നിന്നും 600 കിലോമീറ്റര്‍ ഉയരത്തിലാണ് ഇരു ഉപഗ്രഹങ്ങളും തൊട്ടടുത്തെത്തിയത്. 20 മീറ്ററിന്റെ നേരിയ വ്യത്യാസത്തില്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലൂടെ കടന്നുപോയതായി നാസ റിപ്പോര്‍ട്ട് ചെയ്തു.

ഇവയുടെ ഭ്രമണപഥം ക്രമീകരിക്കാന്‍ സാധിക്കില്ല എന്നതായിരുന്നു ശാസ്ത്രജ്ഞര്‍ നേരിട്ട പ്രധാന വെല്ലുവിളി. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ ഉപഗ്രഹങ്ങള്‍ പരസ്പരം കൂട്ടിമുട്ടാതെ കടന്നു പോകാനും ഇടയുണ്ടെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍.

രണ്ട് ഉപഗ്രഹങ്ങളും തമ്മില്‍ കൂട്ടിയിടിച്ചിരുന്നെങ്കില്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്കും വെല്ലുവിളി ആയി മാറിയേനെ. ഇതുകൂടാതെ കൂട്ടിയിടി സംഭവിച്ചാല്‍ വലിയ തോതില്‍ ബഹിരാകാശ അവശിഷ്ടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനുള്ള സാധ്യതയേറെയാണ്. രണ്ട് ഉപഗ്രഹങ്ങളും ചേര്‍ന്ന് 2530 കിലോഗ്രാം ഭാരമുണ്ട്. ഇതാണ് ഗവേഷകരെ അത്യന്തം ആശങ്കയിലാഴ്ത്തിയത്. കൂട്ടിയിടി നടന്നിരുന്നെങ്കില്‍ ഗവേഷകര്‍ക്ക് കൈകാര്യം ചെയ്യാനാവാത്ത വിധം സ്ഥിതി വഷളായേനെ. എന്തായാലും നേരിയ വ്യത്യാസത്തില്‍ കൂട്ടിയിടി ഒഴിവായതിന്റെ ആശ്വാസത്തിലാണ് ഗവേഷകര്‍.

ഭൂമിയുടെ ഉപരിതല അന്തരീക്ഷം പഠിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഉപഗ്രഹമാണ് നാസയുടെ ടൈംഡ്.

ഭൂമിക്ക് ചുറ്റും കറങ്ങുന്ന മനുഷ്യ നിര്‍മിത വസ്തുക്കളുടെ എണ്ണത്തില്‍ അടുത്ത വര്‍ഷങ്ങളില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. കാലാവധി കഴിഞ്ഞ കൃത്രിമോപഗ്രഹങ്ങളും റോക്കറ്റ് ഭാഗങ്ങളും മറ്റു ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിരുന്ന വസ്തുക്കളുമെല്ലാം ഇതിലുണ്ട്. അതിനാല്‍ ഇത്തരം കൂട്ടിയിടികള്‍ക്കുള്ള സാധ്യതയും കൂടിയെന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത് സാറ്റലൈറ്റുകളുടെ മാത്രമല്ല ബഹിരാകാശ സഞ്ചാരികളുടെ ജീവന് വരെ ഭീഷണിയാണ്.

വെടിയുണ്ടയേക്കാള്‍ പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഇത്തരം വസ്തുക്കള്‍ എത്ര ചെറുതാണെങ്കിലും ബഹിരാകാശ വാഹനത്തിനും സാറ്റലൈറ്റുകള്‍ക്കും കേടുപാടുണ്ടാക്കുമെന്നാണ് ബഹിരാകാശ ഗവേഷകര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.