'പരിചയമില്ലാത്ത സ്ത്രീയെ 'ഡാര്‍ലിങ്' എന്ന് വിളിക്കരുത്'; ലൈംഗിക കുറ്റകൃത്യമെന്ന് കല്‍ക്കട്ട ഹൈക്കോടതി

 'പരിചയമില്ലാത്ത സ്ത്രീയെ 'ഡാര്‍ലിങ്' എന്ന് വിളിക്കരുത്'; ലൈംഗിക കുറ്റകൃത്യമെന്ന് കല്‍ക്കട്ട ഹൈക്കോടതി

കൊല്‍ക്കത്ത: പരിചയമില്ലാത്ത സ്ത്രീയെ ഡാര്‍ലിങ് എന്ന് വിളിക്കുന്നത് ലൈംഗിക കുറ്റകൃത്യമെന്ന് കല്‍ക്കട്ട ഹൈക്കോടതി. ഐപിസി 354 പ്രകാരം ഈ പ്രയോഗം ലൈംഗിക ചുവയുള്ള പരാമര്‍ശമാണെന്നാണ് കോടതിയുടെ നിരീക്ഷണം. മദ്യപിച്ച് റോഡില്‍ ബഹളം വെക്കുന്ന ആളെ പിടികൂടിയ സമയത്ത് വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ ഡാര്‍ലിങ് എന്ന് വിളിച്ച കേസിലെ കുറ്റവാളിയുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു.

ദുര്‍ഗാ പൂജയുടെ തലേ ദിവസം റോഡില്‍ മദ്യപിച്ച് ബഹളം വെക്കുന്നയാളെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയോടാണ് പ്രതി ഡാര്‍ലിങ് എന്ന് വിളിച്ച് സംസാരിച്ചത്. എന്താണ് ഡാര്‍ലിങ് എനിക്ക് പിഴ ചുമത്താന്‍ വന്നതാണോ എന്നാണ് ഇയാള്‍ പൊലീസുകാരിയോട് ചോദിച്ചത്. എന്നാല്‍ ഇയാള്‍ ആ സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ പൊതുസ്ഥലത്ത് ഒരു സ്ത്രീയെ ഡാര്‍ലിങ് എന്ന് വിളിക്കുന്നത് വളരെ മോശമാണെന്നും മദ്യപിച്ചിട്ടില്ലെങ്കില്‍ അതിന്റെ വ്യാപ്തി ഇതിലും കൂടുതലായേനെ എന്നും കോടതി നിരീക്ഷിച്ചു.

2023 ഏപ്രില്‍ 24ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്ന് മാസത്തെ ശിക്ഷയ്ക്ക് വിധിക്കുകയും 500 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പ്രതി പിന്നീട് ഇത്തരം പദ പ്രയോഗങ്ങള്‍ നടത്തിയില്ലെന്നും എല്ലായ്പ്പോഴും പരമാവധി ശിക്ഷയിലൂടെ പോകുന്നത് ശരിയല്ലെന്നും പറഞ്ഞ കോടതി പ്രതിയുടെ ശിക്ഷാ കാലാവധി മൂന്ന് മാസം എന്നുള്ളത് ഒരു മാസത്തേയ്ക്കായി കുറച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.