തിരിച്ചറിയല്‍ കാര്‍ഡുമായി ആധാറിന്റെ ലിങ്കിങ്: നിയമത്തില്‍ ഭേദഗതി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരിച്ചറിയല്‍ കാര്‍ഡുമായി ആധാറിന്റെ ലിങ്കിങ്: നിയമത്തില്‍  ഭേദഗതി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരിച്ചറിയല്‍ കാര്‍ഡുമായുള്ള ആധാറിന്റെ ലിങ്കിങ് സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 1950 ലെ ജനപ്രാതിനിധ്യ നിയമം, വോട്ടര്‍ എന്റോള്‍മെന്റ് ഫോമുകള്‍ എന്നിവയില്‍ ഭേദഗതികള്‍ വരുത്തണമെന്നാണ് കമ്മീഷന്‍ കേന്ദ്ര നിയമ മന്ത്രാലയത്തോട് നിര്‍ദേശിച്ചിരിക്കുന്നത്.

ആധാര്‍ നമ്പര്‍ വോട്ടര്‍ കാര്‍ഡിനൊപ്പം ചേര്‍ക്കാത്തതിന്റെ കാരണം വ്യക്തമാക്കാന്‍ ഒരു വോട്ടറെ നിര്‍ബന്ധിക്കുന്ന വ്യവസ്ഥ ഇല്ലാതാക്കാണമെന്നും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദേശങ്ങളിലുണ്ട്. എന്നാല്‍ 1950 ലെ ആര്‍പി നിയമം ഭേദഗതി ചെയ്യാന്‍ സുപ്രീം കോടതി പ്രത്യേക നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന കാരണത്താല്‍ ഈ നിര്‍ദേശം കേന്ദ്ര നിയമ മന്ത്രാലയം നിരസിച്ചതായാണ് വിവരം.

പകരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് നിര്‍ദേശിച്ചു. ആധാര്‍ വിശദാംശങ്ങള്‍ നല്‍കുന്നത് സ്വമേധയാ ഉള്ളതാണെന്നും ആധാര്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ ഒരു വോട്ടറുടെയും പേര് ഇല്ലാതാക്കുകയോ വോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കുകയോ ചെയ്യില്ലെന്നാണ് നിയമ മന്ത്രാലയത്തിന്റെ നിലപാട്.

ഫോറം 6 (പുതിയ വോട്ടര്‍ എന്റോള്‍മെന്റിനായി), ഫോം 6 ബി (എന്റോള്‍ ചെയ്ത വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ ശേഖരിക്കുന്നതിന്), മറ്റുള്ളവ എന്നിവയില്‍ ഹര്‍ജിക്കാരന്‍ വാദിച്ച പരാതികള്‍ക്കും സുപ്രീം കോടതിയിലെ സമീപകാല റിട്ട് ഹര്‍ജിക്കും ഇടയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനും നിയമ മന്ത്രാലയവും തമ്മിലുള്ള നിലവിലെ ഭേദഗതി നീക്കം.

ബന്ധപ്പെട്ട ഫോമുകളില്‍ ആധാര്‍ നല്‍കുന്നതില്‍ നിന്ന് ഇലക്ട്രേറ്റര്‍മാര്‍ക്ക് വിട്ടു നില്‍ക്കാനുള്ള ഓപ്ഷനുകളില്ല. ഒന്നുകില്‍ ആധാര്‍ നമ്പര്‍ നല്‍കുക അല്ലെങ്കില്‍ 'എനിക്ക് ആധാര്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ എനിക്ക് ആധാര്‍ നല്‍കാന്‍ കഴിയില്ല' എന്ന് പ്രഖ്യാപിക്കുക എന്ന രണ്ട് ചോയ്സുകളാണ് ഇക്കാര്യത്തില്‍ വാഗ്ദാനം ചെയ്യുന്നത്.

തങ്ങളുടെ ആധാര്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കാത്ത വോട്ടര്‍മാര്‍ ആധാര്‍ കാര്‍ഡ് ഇല്ലെന്ന തെറ്റായ പ്രഖ്യാപനം നടത്തേണ്ടി വരുമെന്നതിനാല്‍ ഇത് 1950 ലെ ആര്‍പി ആക്ട് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് കഴിഞ്ഞ വര്‍ഷം കോടതി വ്യക്തമാക്കിയിരുന്നു.

1950 ലെ ആര്‍പി ആക്ട് സെക്ഷന്‍ 23(6), സെക്ഷന്‍ 28(2)(എച്ച്എച്ച്എച്ച്ബി) എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദേശിച്ച് രണ്ട് മാസം മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. അതുപോലെ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള ഫോം 6-ല്‍, ആധാര്‍ വിശദാംശങ്ങളുമായി ബന്ധപ്പെട്ട വകുപ്പ് ഭേദഗതി ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എച്ച്.എസ് ബ്രഹ്മ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെയാണ് 2015 ഫെബ്രുവരിയില്‍ വോട്ടര്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള നടപടികള്‍ ആദ്യമായി ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.