തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തന്നെ ആരും സഹായിച്ചില്ലെന്നും ഓരോ കാര്യത്തിനും നേതാക്കളുടെ കാലുപിടിക്കേണ്ട അവസ്ഥയായിരുന്നുവെന്നും പത്മജ വേണുഗോപാല്‍.
കെപിസിസി പ്രസിഡന്റിന് മുന്നില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. അദേഹമാണ് അല്‍പമെങ്കിലും സഹായിച്ചത്. അച്ഛന്‍ സഹായിച്ചവരില്‍ നിന്നാണ് ഏറ്റവും അധികം ഉപദ്രവം നേരിടേണ്ടി വന്നതെന്നും ഇനിയൊരു മടക്കമില്ലെന്നും ബിജെപിയില്‍ ചേര്‍ന്ന ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ പത്മജ പറഞ്ഞു.
തൃശൂരില്‍ തോല്‍പ്പിച്ചത് പാര്‍ട്ടിക്കാര്‍ തന്നെയാണ്. തൃശൂരില്‍ പ്രിയങ്കാ ഗാന്ധിയുടെ പരിപാടിക്കായി 50 ലക്ഷം ചോദിച്ചു. 22 ലക്ഷം കൊടുത്തു. പണം വാങ്ങിയിട്ട് പ്രചാരണ വാഹനത്തില്‍ പോലും കയറ്റിയില്ല. കരുണാകരന്‍ സ്മാരകത്തിനായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും പത്മജ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് ഒരു പരിഗണനയും നല്‍കുന്നില്ല. സ്ത്രീകള്‍ എന്ന് കേള്‍ക്കുമ്പോഴേ നേതാക്കള്‍ക്ക് പുച്ഛമാണ്. കോണ്‍ഗ്രസില്‍ ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാവും.
മൂന്നു കൊല്ലം മുമ്പാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചത്. കെ.സി വേണുഗോപാലിന്റെ പേരുപറഞ്ഞ് ചില കള്ളന്മാര്‍ ഇവിടെ കളിക്കുകയാണ്. കെ.സി അത് അറിഞ്ഞു പോലും കാണില്ല. അദേഹത്തെ ഞാന്‍ പലതവണ വിളിച്ചു. പക്ഷേ ഫോണ്‍ എടുത്തില്ല. ഞാന്‍ പൊയ്ക്കോട്ടെ എന്ന് വിചാരിക്കുന്നവരായിരുന്നു ഏറെയും.
ബിജെപി ഇങ്ങോട്ട് സമീപിച്ചതാണ്. കേന്ദ്ര നേതാക്കളാണ് സമീപിച്ചത്. പ്രവര്‍ത്തന സ്വാതന്ത്ര്യം മാത്രമാണ് ബിജെപിയോട് ആവശ്യപ്പെട്ടത്. ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. സീറ്റ് വാഗ്ദാനമൊന്നും നല്‍കിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങും. ബിജെപി സംസ്ഥാന നേതാക്കളുടെ അതൃപ്തി സ്വാഭാവികമാണന്നും പത്മജ പറഞ്ഞു.
ഇന്നലെയാണ് പത്മജ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി പ്രവേശനത്തിന് ശേഷം ഇന്ന് രാവിലെ തലസ്ഥാനത്തെത്തിയ പത്മജയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലും പത്മജയ്ക്ക് സ്വീകരണം നല്‍കി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.