ഗാസ സിറ്റി: ഗാസയില്‍ ആകാശ മാര്‍ഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. വിമാനത്തില്‍ നിന്ന് വിതരണം ചെയ്ത വലിയ പെട്ടികള്‍ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ താഴേക്ക് പതിച്ചതാണ് ദുരന്തമുണ്ടായത്.
സഹായം കാത്ത് താഴെ നിന്നവരുടെ മേലാണ് ഇത് പതിച്ചത്. ഏത് രാജ്യം ആഹാര സാധാനങ്ങള്‍ വിതരണം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത് എന്ന് വ്യക്തമല്ല. അമേരിക്കയും ജോര്‍ദാനും ഈജിപ്തും ഫ്രാന്‍സും നെതര്‍ലാന്‍ഡും ബെല്‍ജിയവും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഗാസയില്‍ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം 9.30 ഓടെയാണ് അപകടമുണ്ടായത്.
ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ കടല്‍ മാര്‍ഗം എത്തിക്കാനുള്ള ഇടനാഴി നാളെയോടെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. റോഡ് മാര്‍ഗമുള്ള സഹായ വിതരണത്തില്‍ കാലതമാസം നേരിടുന്ന സാഹചര്യത്തില്‍ രാജ്യങ്ങള്‍ ഭക്ഷണം വിമാനം വഴി എത്തിച്ചു കൊടുത്തിരുന്നു.
എന്നാല്‍ ഇതും കാര്യക്ഷമമല്ലാത്ത സാഹചര്യത്തില്‍ ഗാസയില്‍ താല്‍ക്കാലിക തുറമുഖം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. കപ്പല്‍ വഴി ഭക്ഷണം അടക്കം എത്തിക്കും. എന്നാല്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ഗാസയില്‍ ഇറങ്ങില്ല.
നിലവിലെ അവസ്ഥയില്‍ മുന്നോട്ട് പോയാല്‍ ഗാസയിലെ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയുടെ താല്‍ക്കാലിക തുറമുഖം പ്രവര്‍ത്തന ക്ഷമമാകാന്‍ ആഴ്ചകള്‍ എടുത്തേക്കും.
സൈപ്രസിലേക്കാകും അമേരിക്കന്‍ കപ്പലുകള്‍ എത്തുക. ഭക്ഷണം, വെള്ളം എന്നിവ കൂടാതെ താല്‍ക്കാലിക പാര്‍പ്പിട സൗകര്യങ്ങളും എത്തിക്കും. ഐക്യരാഷ്ട്രസഭയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവിലാണ് അമേരിക്കയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.