ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യം ചേര്‍ന്ന് നടന്‍ കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി മക്കള്‍ നീതി മയ്യം(എംഎന്‍എം). ലോക്സഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കില്ല.
ഡിഎംകെ ഉള്‍പ്പെടുന്ന ഇന്ത്യ മുന്നണിക്കായി പ്രചാരണത്തിനിറങ്ങും. 2025 ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എമ്മിന് ഒരു സീറ്റ് നല്‍കുമെന്നാണ് ധാരണ.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കമല്‍ ഹാസന്റെ പാര്‍ട്ടിക്ക് സീറ്റ് നല്‍കിയേക്കുമെന്ന ഊഹാപോഹങ്ങളുണ്ടായിരുന്നു. കമല്‍ ഹാസനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും തമ്മില്‍ ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ വച്ച് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
തന്റെ പാര്‍ട്ടി ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ചേര്‍ന്നത് രാജ്യത്തിന് വേണ്ടിയാണ്, അല്ലാതെ സ്ഥാനത്തിനായല്ലെന്ന് കമല്‍ ഹാസന്‍ ചെന്നൈയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇരു നേതാക്കളും തമ്മിലുണ്ടായ ധാരണ പ്രകാരം തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലും പുതുച്ചേരിയിലെ ഏക സീറ്റിലും പ്രചാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എംഎന്‍എം ഏറ്റെടുക്കും. അതേസമയം ഡിഎംകെ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ച ഇന്ന് പൂര്‍ത്തിയാകുമെന്നാണ്് അറിയുന്നത്.
2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഡിഎംകെയും കോണ്‍ഗ്രസും സഖ്യത്തിലായിരുന്നു മത്സരിച്ചത്. സംസ്ഥാനത്തെ 39 ലോക്സഭാ സീറ്റുകളില്‍ 38 ഉം സഖ്യം തൂത്തുവാരി. അന്ന് മത്സരിച്ച ഒമ്പത് സീറ്റില്‍ എട്ടും കോണ്‍ഗ്രസ് നേടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.