ഇന്ത്യയില്‍ നിന്നും ഗള്‍ഫിലൂടെ യൂറോപ്പിലേക്ക് പാത: കരാറിന് കേന്ദ്രത്തിന്റെ അംഗീകാരം

 ഇന്ത്യയില്‍ നിന്നും ഗള്‍ഫിലൂടെ യൂറോപ്പിലേക്ക് പാത: കരാറിന് കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യ-മിഡില്‍ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് ഒപ്പുവച്ച കരാറിന് കേന്ദ്രത്തിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് കരാറിന് അംഗീകാരം നല്‍കിയത്. ഫെബ്രുവരി 13 ന് ഇന്ത്യ-യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഗവണ്‍മെന്റുകളിലെ ഉന്നതതല സംഘങ്ങളുടെ സന്ദര്‍ശനത്തിനിടെ ആയിരുന്നു പ്രത്യേക ഇടനാഴി സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്.

ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, തുറമുഖ, നാവിക, ലോജിസ്റ്റിക്‌സ് മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നിവയാണ് കരാറിന്റെ ലക്ഷ്യം. സാമ്പത്തിക ഇടനാഴിയുടെ വികസനവുമായി ബന്ധപ്പെട്ട് ഭാവിയിലെ സംയുക്ത നിക്ഷേപത്തിന്റെയും സഹകരണത്തിന്റെയും കൂടുതല്‍ സാധ്യതകള്‍ ആരായുക എന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിശദമായ ചട്ടക്കൂടും കരാറിലുണ്ട്.

ഇരു രാജ്യങ്ങളുടെയും അധികാരപരിധിയിലെ പ്രസക്തമായ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായി പരസ്പര സമ്മതത്തോടെയുള്ള തത്വങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍, കരാറുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സഹകരണം.

അതേസമയം ഊര്‍ജ കാര്യക്ഷമത, ഊര്‍ജ സംരക്ഷണ നടപടികള്‍ എന്നി മേഖലകളില്‍ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ധാരണാ പത്രം ഒപ്പിടുന്നതിനും കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഊര്‍ജ മന്ത്രാലയത്തിലെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും ഭൂട്ടാന്‍ ഗവണ്‍മെന്റിന്റെ ഊര്‍ജ പ്രകൃതി വിഭവ മന്ത്രാലയത്തിലെ ഊര്‍ജ വകുപ്പും തമ്മിലാണ് ധാരണാ പത്രം ഒപ്പുവച്ചത്.

ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി വികസിപ്പിച്ചെടുത്ത സ്റ്റാര്‍ ലേബലിങ് പദ്ധതി പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗാര്‍ഹിക മേഖലയിലെ ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ഭൂട്ടാനെ സഹായിക്കാനാണ് ധാരണാ പത്രത്തിന്റെ ഭാഗമായിക്കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നത്. ഭൂട്ടാനിലെ കാലാവസ്ഥാ സാഹചര്യത്തിന് അനുയോജ്യമായ കെട്ടിട കോഡുകളുടെ രൂപീകരണം ഇന്ത്യയുടെ അനുഭവത്തെ അടിസ്ഥാനമാക്കി സുഗമമാക്കും. സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് ലേബലിങ് സ്‌കീം വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ശ്രമത്തില്‍ ഭൂട്ടാനെ പിന്തുണയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഗാര്‍ഹിക അല്ലെങ്കില്‍ വാണിജ്യ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഉപഭോഗത്തിലേക്ക് നയിക്കുന്ന പ്രധാന ഉല്‍പന്നങ്ങളാണ് ഊര്‍ജ തീവ്രതയുള്ള ഉപകരണങ്ങള്‍. ഊര്‍ജാധിഷ്ഠിത ഉപഭോക്തൃ വസ്തുക്കളുടെ ദ്രുത ഗതിയിലുള്ള വളര്‍ച്ച കണക്കിലെടുത്ത്, വൈദ്യുതോര്‍ജത്തിന്റെ ആവശ്യം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഉപയോക്താക്കള്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള വീട്ടുപകരണങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഈ വര്‍ധിച്ച് വരുന്ന ആവശ്യത്തിന് അനുസൃതമായി കാര്യക്ഷമമായി ഉപയോഗിക്കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.