'ഇ.പി ജയരാജന്റെ വിശ്വാസം നേടാന്‍ ഉമാ തോമസിനെതിരേ വോട്ട് ചെയ്തു; ദൃശ്യം അയച്ചു തന്നു': ദീപ്തി മേരിക്കെതിരെ ദല്ലാള്‍ നന്ദകുമാര്‍

'ഇ.പി ജയരാജന്റെ വിശ്വാസം നേടാന്‍ ഉമാ തോമസിനെതിരേ വോട്ട് ചെയ്തു; ദൃശ്യം അയച്ചു തന്നു': ദീപ്തി മേരിക്കെതിരെ ദല്ലാള്‍ നന്ദകുമാര്‍

കൊച്ചി: സിപിഎമ്മിലേക്കുള്ള ഇ.പി ജയരാജന്റെ ക്ഷണം സംസാരം പോലുമില്ലാതെ താന്‍ തള്ളിക്കളഞ്ഞിരുന്നുവെന്ന കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന്റെ പ്രസ്താവന തള്ളി ദല്ലാള്‍ നന്ദകുമാര്‍.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇ.പി ജയരാജനുമായി ദീപ്തി മേരി വര്‍ഗീസ് കൂടിക്കാഴ്ച നടത്തി സിപിഎമ്മിലേക്ക് മാറുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍.

ഇതിലും ഗുരുതരമായ മറ്റൊരു ആരോപണം കൂടി നന്ദകുമാര്‍ ഇന്ന് ഉന്നയിച്ചു. ഇ.പിയുടെ വിശ്വാസം നേടുന്നതിനായി ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിനെതിരേ വോട്ട് ചെയ്ത് വിവിപാറ്റ് സ്ലിപ്പിന്റെ ദൃശ്യം തനിക്ക് മൊബൈലില്‍ അയച്ചു തന്നു. ദീപ്തി ഇക്കാര്യം നിഷേധിച്ചാല്‍ തെളിവ് പുറത്തു വിടുമെന്നും ടി.ജി നന്ദകുമാര്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിലേക്ക് ക്ഷണിച്ച് ദല്ലാള്‍ നന്ദകുമാര്‍ തന്നെ സമീപിച്ചെന്ന് ദീപ്തി മേരി വര്‍ഗീസ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ റിക്രൂട്ടിങ് ഏജന്റായി പ്രവര്‍ത്തിക്കുകയാണ്. ജയരാജനല്ല സീതാറാം യെച്ചൂരി വിളിച്ചാലും അത് തള്ളിക്കളയാനുള്ള ഔചിത്യം തനി്ക്കുണ്ടെന്നും ദീപ്തി മേരി പറഞ്ഞിരുന്നു. ഈ വാദം തള്ളിക്കൊണ്ടാണ് നന്ദകുമാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

'തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് ദീപ്തിയെ സമീപിച്ചത് ഞാനാണ്. ആ സമയത്ത് യുഡിഎഫിലെ അസംതൃപ്തരെ സിപിഎമ്മില്‍ എത്തിക്കാനായിരുന്നു ശ്രമം. ഇതിനായി ബൂത്ത് തലത്തിലുള്ള ലിസ്റ്റും നല്‍കിയിരുന്നു. ഇ.പിയുടെ അറിവോടെയാണ് അവരെ കണ്ടത്.

ഉപതിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മില്‍ എത്തിയ, ദീപ്തിയ്‌ക്കൊപ്പം കൗണ്‍സിലറായിരുന്ന എം.ബി. മുരളീധരനാണ് അവരുടെ പേര് നിര്‍ദേശിച്ചത്. അദേഹത്തോടൊപ്പമായിരുന്നു കൂടിക്കാഴ്ച'- നന്ദകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നില്ലെന്നും പ്രവര്‍ത്തനം മാത്രമേ ഉള്ളൂവെന്നും ദീപ്തി ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ അവരെ സമീപിച്ചതിന്റെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടാന്‍ സിപിഎമ്മിന്റെ സംസ്ഥാന നേതാക്കള്‍ ആരെങ്കിലും തന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ചാര്‍ജുണ്ടായിരുന്ന ജയരാജനെ വന്നു കണ്ടു. ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് അദേഹം പറഞ്ഞു.

തന്റെ സത്യസന്ധത തെളിയിക്കാന്‍ ഉമാ തോമസിനെതിരേ വോട്ട് ചെയ്തതിന്റെ തെളിവ് അയച്ചു തരികയും ചെയ്തു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മൃഗീയ ഭൂരിപക്ഷത്തില്‍ ജയിച്ച ശേഷം ദീപ്തിയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അവരില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും നന്ദകുമാര്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.