മാർ ജോൺ പനന്തോട്ടത്തിലിന് പെർത്ത് സെന്റ് ജോസഫ് ഇടവകയിൽ സ്നേഹോഷ്മള സ്വീകരണം

മാർ ജോൺ പനന്തോട്ടത്തിലിന് പെർത്ത് സെന്റ് ജോസഫ് ഇടവകയിൽ സ്നേഹോഷ്മള സ്വീകരണം

പെർത്ത്: മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ മെത്രനായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായി പെർത്ത് സെൻ‌റ് ജോസഫ് ഇടവകയിൽ സന്ദർശനം നടത്തുന്ന മാർ ജോൺ പനന്തോട്ടത്തിലിന് ഇടവക സമൂഹം ഭക്തിപൂർവമായ സ്വീകരണം നൽകി. ഇടവക വികാരി ഫാദർ അനീഷ് ജെയിംസ് വി.സി, അസിസ്റ്റന്റ് വികാരി ഫാദർ ബിബിൻ വേലംപറമ്പിൽ, കൈക്കാരന്മാരായ സജി മാനുവൽ, ജെയിംസ് ചുണ്ടങ്ങ, തോമസ് ജേക്കബ്, അ​ഗസ്റ്റ്യൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുനേരം ആറിന് നൽകിയ സ്വീകരണ പരിപാടിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. മുത്തുകുടകളേന്തി വിശ്വാസ സമൂഹം ദേവാലയത്തിന് മുന്നിൽ പ്രാർത്ഥനാപൂർവ്വം തങ്ങളുടെ ഇടയനെ സ്വീകരിച്ചു.


തുടർന്ന് നടന്ന വിശുദ്ധ ബലിയിൽ മാർ‌ ജോൺ പനന്തോട്ടത്തിൽ വിശ്വാസികൾക്ക് നന്ദി പറഞ്ഞു. "ശ്ലൈഹിക സഭയോടുള്ള വലിയ സ്നേഹവും പൗരോഹിത്യത്തോടുള്ള ആദരവുമാണ് ഇത്തരമൊരു സ്വീകരണം നൽകാൻ നിങ്ങളെ ദൈവം പ്രചോദിപ്പിച്ചതെന്ന് ഞാൻ തിരിച്ചറിയുന്നു. അതിന് ഇടവക സമൂഹത്തിന് പ്രത്യേക നന്ദി അർപ്പിക്കുന്നു"- പിതാവ് പറഞ്ഞു.

"വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനെട്ടാം അധ്യായത്തിലെ 'നിർദയനായ ഭൃത്യന്റെ' ഉപമയെക്കുറിച്ചുള്ള വചന ഭാ​ഗം കുർബാന മധ്യേ പിതാവ് വിശദീകരിച്ചു. ക്ഷമയെന്ന പുണ്യം പഠിപ്പിക്കേണ്ട ഒന്നല്ല മറിച്ച് ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതാണ്. വിശുദ്ധ ഫ്രാൻസിസ് അസീസി പറയുന്നത് മാതൃകയാക്കിയെടുക്കാം. ലോകം മുഴുവൻ പോയി സുവിശേഷം പ്രസം​ഗിക്കുക. എന്നാൽ വാക്കുകൾ ആവശ്യത്തിന് മാത്രം ഉപയോ​ഗിക്കുക. ക്ഷമയെക്കുറിച്ച് പറയുവാൻ എളുപ്പമാണ് എന്നാൽ പ്രവൃത്തിയിൽ കൊണ്ടുവരിക ഏറെ പ്രയാസകരവും. ക്ഷമിക്കാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ മനുഷ്യൻ മൃ​ഗത്തിന് തുല്യമാണ്".
മാർ ജോൺ പനന്തോട്ടത്തിലും മാതാവിന്റെ പ്രതിമ രൂപകൽപ്പന ചെയ്ത ബേബി ജോസഫ് വട്ടക്കുന്നേലും

"എല്ലാവർക്കും ക്ഷമിക്കാനുള്ള കഴിവ് ദൈവം കൊടുത്തിട്ടുണ്ട്. അത് ഉപയോ​ഗിക്കാത്തിടത്തോളം നാം മൃ​ഗത്തിന് തുല്യരായി മാറും. ഈ നോമ്പിന്റെ കാലഘട്ടത്തിൽ ക്ഷമയെന്ന പുണ്യം ജീവിതത്തിൽ സ്വീകരിക്കാനും മറ്റുള്ളവരോട് ഹൃദയ പൂർവം ക്ഷമിക്കാനും നമുക്ക് പ്രാർ‌ത്ഥിക്കാം"- മാർ ജോൺ പനന്തോട്ടത്തിൽ വചന പ്ര​ഘോഷണ വേളയിൽ വ്യക്തമാക്കി.

ദേവാലയത്തിനും പാരിഷ് ഹോളിനുമിടയിൽ രൂപകൽപ്പന ചെയ്ത പരിശുദ്ധ മാതാവിന്റെ പ്രതിമയുടെ ആശീർവാദവും മാർ ജോൺ പനന്തോട്ടത്തിൽ നിർവഹിച്ചു. ഇടവകാം​ഗമായ ടൂണിയ ജിസ്മോന്റെ പിതാവ് ബേബി ജോസഫ് വട്ടക്കുന്നേലാണ് മാതാവിന്റെ പ്രതിമ നിർമ്മിച്ചത്. മൂന്ന് മീറ്ററിലധികം നീളമുള്ള പ്രതിമ കോൺക്രീറ്റും മാർബിൾ പൊടിയും ചേർത്താണ് നിർമ്മിച്ചത്. കണ്ണൂർ കുടിയാന്മല മേരി ക്വീൻസ് ഹൈസ്കൂളിലെ മുൻ‌ അധ്യാപകനാണ് ബേബി ജോസഫ് വട്ടക്കുന്നേൽ.

ഫോട്ടോ ബിജു പെർത്ത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.