ഇലക്ടറല്‍ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളില്‍ മൂന്നും ബോണ്ട് വാങ്ങിയത് ഇഡി, ഐടി അന്വേഷണം നേരിടുമ്പോള്‍

 ഇലക്ടറല്‍ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളില്‍ മൂന്നും ബോണ്ട് വാങ്ങിയത് ഇഡി, ഐടി അന്വേഷണം നേരിടുമ്പോള്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി ഇടപെടലോടെ വിവാദത്തിലായ ഇലക്ടറല്‍ ബോണ്ട് വാങ്ങിയതില്‍ മുന്‍പന്തിയിലുള്ള ആദ്യ അഞ്ച് കമ്പനികളില്‍ മൂന്നും ബോണ്ട് വാങ്ങിയത് ഇ.ഡി, ആദായ നികുതി വകുപ്പ് അന്വേഷണ നടപടികള്‍ നേരിടുമ്പോള്‍.

ലോട്ടറി കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിങ്, ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനമായ മേഘ എഞ്ചിനീയറിങ്, ഖനന ഭീമന്മാരായ വേദാന്ത ലിമിറ്റഡ് എന്നിവയാണവ. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇലക്ടറല്‍ ബോണ്ടുകള്‍ കൂടുതല്‍ വാങ്ങിയത് സാന്റിയാഗോ മാര്‍ട്ടിന്‍ നടത്തുന്ന ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ്. 2019 മുതല്‍ 2024 വരെയുള്ള കാലയളവില്‍ കമ്പനി വാങ്ങിയത് 1,368 കോടി രൂപയുടെ ബോണ്ടുകളാണ്.

ഫ്യൂച്ചര്‍ ഗെയിമിങിനെതിരെ ഇ.ഡി 2019 തുടക്കത്തില്‍ തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഈ വര്‍ഷം ജൂലൈ ആയപ്പോഴേക്കും കമ്പനിയുടെ 250 കോടിയിലധികം മൂല്യം വരുന്ന സ്വത്തുക്കള്‍ കണ്ടു കെട്ടുകയും ചെയ്തിരുന്നു. 2022 ഏപ്രില്‍ രണ്ടിന് കേസുമായി ബന്ധപ്പെട്ട് 409.92 കോടി രൂപയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടി.

ഈ സ്വത്തുക്കള്‍ കണ്ടുകെട്ടി അഞ്ച് ദിവസത്തിന് ശേഷം, ഏപ്രില്‍ ഏഴിനാണ് ഫ്യൂച്ചര്‍ ഗെയിമിങ് 100 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയത്. സാന്റിയാഗോ മാര്‍ട്ടിനും അദേഹത്തിന്റെ കമ്പനിയായ എം.എസ് ഫ്യൂച്ചര്‍ ഗെയിമിങ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനും എതിരെ പിഎംഎല്‍എ വകുപ്പുകള്‍ പ്രകാരം ഇ.ഡി അന്വേഷണം ആരംഭിച്ചു. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റ അടിസ്ഥാനത്തിലാണ് അന്വേഷണം.

1998 ലെ ലോട്ടറി നിയന്ത്രണ നിയമ വ്യവസ്ഥകള്‍ ലംഘിച്ചതിനും സിക്കിം സര്‍ക്കാരിനെ വഞ്ചിച്ച് തെറ്റായ മാര്‍ഗഗ്ഗത്തിലൂടെ നേട്ടം ഉണ്ടാക്കിയതിലും സാന്റിയാഗോ മാര്‍ട്ടിനും മറ്റ് പ്രതികളും ഗൂഢാലോചന നടത്തിയതായാണ് ഇ.ഡി കണ്ടെത്തിയത്.

2009 ഏപ്രില്‍ ഒന്നു മുതല്‍ 2010 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലെ സമ്മാനാര്‍ഹമായ ടിക്കറ്റ് ക്ലെയിം വര്‍ധിപ്പിച്ചതിന്റെ പേരില്‍ 910.3 കോടി രൂപ മാര്‍ട്ടിനും കൂട്ടാളികളും അനധികൃതമായി സമ്പാദിച്ചതായാണ് 2019 ജൂലൈ 22ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇ.ഡി വ്യക്തമാക്കിയത്.

സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് - 1368 കോടി, മേഘ എഞ്ചിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് - 966 കോടി, ക്യുക്ക് സപ്ലൈ ചെയിന്‍ പ്രൈവറ്റ് ലിമിറ്റഡ് - 410 കോടി, ഹാദിയ എനര്‍ജി ലിമിറ്റഡ് - 377 കോടി, വേദാന്ത ലിമിറ്റഡ് - 376 കോടി, എസല്‍ മൈനിങ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് - 225 കോടി, വെസ്റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍ - 220 കോടി, ഭാരതി എയര്‍ടെല്‍- 198 കോടി, കെവന്റര്‍ ഫുഡ് പാര്‍ക്ക് ഇന്‍ഫ്രാ - 195 കോടി, എംകെജെ എന്റര്‍പ്രൈസസ് ലിമിറ്റഡ്- 192 കോടി എന്നിങ്ങനെ ബോണ്ടുകള്‍ ഉപയോഗിച്ച് സംഭാവന നല്‍കിയെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.