സൊമാലിയയില്‍ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ അല്‍-ഷബാബ്

സൊമാലിയയില്‍ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ അല്‍-ഷബാബ്

മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിനു നേരേയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ അഞ്ചു ഭീകരരെയും വകവരുത്തിയശേഷമാണു സൈനികര്‍ വീരമൃത്യു വരിച്ചത്. നഗരത്തിലെ എസ്വൈഎല്‍ ഹോട്ടലിനു നേരേയാണ് വ്യാഴാഴ്ച രാത്രി അല്‍-ഷബാബ് ഇസ്ലാമിക് ഭീകരര്‍ ആക്രമണം നടത്തിയത്. ഇതോടെ ഹോട്ടല്‍ സൈന്യം വളയുകയായിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാമേഖലയോടു ചേര്‍ന്നുള്ള ഹോട്ടലിലാണ് ഭീകരര്‍ എത്തിയത്. ഇതിനടുത്ത് നിരവധി സര്‍ക്കാര്‍ ഓഫീസുകളുമുണ്ട്.

സ്ഥിതിഗതികള്‍ ശാന്തമാണെന്നും ഹോട്ടല്‍ സുരക്ഷിതമാക്കിയെന്നും സൈനികവൃത്തങ്ങള്‍ ഇന്നലെ രാവിലെ അറിയിച്ചു. മൊഗാദിഷു നഗരത്തില്‍ ഭീകരരുടെ ആക്രമണം പതിവാണ്.

എസ്വൈഎല്‍ ഹോട്ടല്‍ ഇതിന് മുമ്പും നിരവധി തവണ ആക്രമണത്തിന് ഇരയായിട്ടുണ്ട്. 2019 ലാണ് അവസാനമായി ഹോട്ടല്‍ ആക്രമിക്കപ്പെട്ടത്. സൊമാലിയന്‍ പ്രസിഡന്റിന്റെ കൊട്ടാരം വരുന്ന മേഖലയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമത്തെ വളരെ സൂക്ഷ്മമായാണ് രാജ്യം നോക്കിക്കാണുന്നത്.

2022 ഒക്ടോബറില്‍ നഗരത്തിലെ തിരക്കേറിയ ബസ് സ്റ്റേഷനിലുണ്ടായ ഇരട്ട കാര്‍ബോംബാക്രമണത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ അല്‍ ഷബാബ് ഭീകരര്‍ക്കെതിരേ പ്രസിഡന്റ് ഷെയ്ഖ് ഹസന്‍ മുഹമ്മദ് യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഭീകരരുടെ നിയന്ത്രണത്തിലുള്ള ദക്ഷിണ, മധ്യ സൊമാലിയയില്‍ സമീപവര്‍ഷങ്ങളില്‍ അമേരിക്കന്‍ സേന പലതവണ വ്യോമാക്രമണം നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.