ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് വര്‍ധിച്ചുവരുന്ന റഷ്യയുടെ ഭീഷണി നിയന്ത്രിക്കണമെന്ന പ്രമേയവുമായി യുഎന്‍ സുരക്ഷാസമിതി യോഗത്തില്‍ അമേരിക്കയും ജപ്പാനും. ആണവ നിരായുധീകരണം സംബന്ധിച്ച ചര്‍ച്ചയിലാണ് ബഹിരാകാശത്ത് ആണവായുധങ്ങള്‍ നിരോധിക്കണമെന്ന് യുഎസും ജപ്പാനും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ബഹിരാകാശത്ത് ആണവായുധങ്ങള്‍ വിന്യസിക്കുകയോ വികസിപ്പിക്കുകയോ ചെയ്യരുതെന്ന് എല്ലാ ലോകരാജ്യങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതാണ് പ്രമേയം.
അടുത്തിടെ, ബഹിരാകാശത്തേക്ക് ആണവായുധം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യയെന്നും ഗുരുതരമായ സുരക്ഷാ ഭീഷണിയുയര്‍ത്തുന്നതാണ് റഷ്യയുടെ നീക്കമെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയും വൈറ്റ് ഹൗസും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയും ജപ്പാനും പ്രമേയം കൊണ്ടുവന്നത്.
'ഏതെങ്കിലും ആണവായുധങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ വിന്യസിക്കുന്നത് അപകടകരവും അസ്വീകാര്യവുമാണെന്ന് ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസഡറായ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് യോഗത്തില്‍ പറഞ്ഞു.
ബഹിരാകാശത്ത് ആണവായുധങ്ങള്‍ വിന്യസിക്കാന്‍ റഷ്യയ്ക്ക് ഉദ്ദേശ്യമില്ലെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടേതിന് സമാനമായ ബഹിരാകാശ ശേഷി മാത്രമാണ് രാജ്യം വികസിപ്പിച്ചെടുത്തതെന്നും അവകാശപ്പെട്ടു. എന്നാല്‍ ഈ അവകാശവാദത്തെ സംശയദൃഷ്ടിയോടെയാണ് അമേരിക്കയും ജപ്പാനുമടക്കമുള്ള രാജ്യങ്ങള്‍ കാണുന്നത്.
അമേരിക്കയും റഷ്യയും ഉള്‍പ്പെടെ 114 രാജ്യങ്ങള്‍ അംഗീകരിച്ച ബഹിരാകാശ ഉടമ്പടി പ്രകാരം ഭൂമിയുടെ ഭ്രമണപഥം, ചന്ദ്രന്‍, മറ്റ് ആകാശഗോളങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ആണവ, ആണവേതര ആയുധങ്ങളുടെ വിന്യാസം തടയുന്നു. ഈ ഉടമ്പടിക്ക് തുരങ്കം വയ്ക്കാനുള്ള ശ്രമമാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന ആരോപണം ശക്തമാണ്.
ഭൂമിയില്‍ ശീതയുദ്ധത്തിന്റെ ഏറ്റുമുട്ടല്‍ അന്തരീക്ഷത്തില്‍ പോലും ബഹിരാകാശം സമാധാനപരമായി തുടരുന്നുവെന്ന് ഉറപ്പാക്കണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച ജപ്പാന്‍ വിദേശകാര്യ മന്ത്രി യോക്കോ കാമികാവ പറഞ്ഞു. ഇക്കാര്യം എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്. നശീകരണ ആയുധങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനെതിരേയുള്ള ഉടമ്പടി നാം ഉയര്‍ത്തിപ്പിടിേക്കണ്ട സമയമാണിതെന്നും അവര്‍ പറഞ്ഞു.
ആണവ, ആണവേതര ആയുധങ്ങളുടെ നിരോധനത്തിനുള്ള ബഹിരാകാശ ഉടമ്പടിയില്‍ ഉള്‍പ്പെടുന്ന എല്ലാ കക്ഷികളും പ്രതിജ്ഞാബദ്ധരാകണമെന്ന് ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. ഇതുവരെ അതില്‍ പങ്കാളികളാകാത്ത അംഗ രാജ്യങ്ങളും കാലതാമസം കൂടാതെ ഇത് അംഗീകരിക്കാന്‍ തയാറാകണം.
ആയുധ നിയന്ത്രണ വിഷയങ്ങളില്‍ മുന്‍വ്യവസ്ഥകളില്ലാതെ റഷ്യയുമായും ചൈനയുമായും ഇടപെട്ടു പ്രവര്‍ത്തിക്കാന്‍ അമേരിക്ക തയ്യാറാണെന്നും ലിന്‍ഡ കൗണ്‍സിലില്‍ ആവര്‍ത്തിച്ചു.
ബഹിരാകാശത്ത് ന്യൂക്ലിയര്‍ ആന്റി സാറ്റലൈറ്റ് ആയുധം സ്ഥാപിക്കാന്‍ റഷ്യ ശ്രമിക്കുന്നുവെന്ന ആരോപണമാണ് അമേരിക്ക ഉയര്‍ത്തിയത്. സമീപഭാവിയില്‍ വെല്ലുവിളിയാവാന്‍ ഇടയില്ലെങ്കിലും റഷ്യ ബഹിരാകാശത്തുവെച്ച് ആന്റി സാറ്റലൈറ്റ് ആയുധം പ്രയോഗിച്ചാല്‍ അത് വലിയ തോതില്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കും. ബഹിരാകാശത്തു നിന്നുള്ള സേവനങ്ങളെയും നിരവധി സാറ്റലൈറ്റുകളുടെ പ്രവര്‍ത്തനത്തെയും അത് ബാധിക്കുമെന്നാണ് മുന്നറിയിപ്പിലുള്ളത്. ഇതുവരെ റഷ്യ ഈ ആയുധം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചിട്ടില്ലെന്നും റഷ്യന്‍ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നുമാണ് യുഎസ് പറയുന്നത്. ബഹാരാകാശത്ത് ആണവായുധം സ്ഥാപിച്ചാല്‍ അത് റഷ്യ അടക്കമുള്ള രാഷ്ട്രങ്ങള്‍ ഒപ്പുവച്ച രാജ്യാന്തര ബഹിരാകാശ കരാറിനു തന്നെ എതിരാവും.
അമേരിക്കയും ജപ്പാനും കൊണ്ടുവന്ന പ്രമേയത്തെ വാഷിങ്ടണിന്റെ മറ്റൊരു പ്രചാരണ സ്റ്റണ്ട് എന്നാണ് റഷ്യയുടെ ഡെപ്യൂട്ടി യുഎസ് അംബാസഡര്‍ ദിമിത്രി പോളിയാന്‍സ്‌കി വിമര്‍ശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.