കേരളത്തിനെതിരായ പരാമര്‍ശം പിന്‍വലിച്ചില്ല; തമിഴ്നാടിനെതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ശോഭ കരന്തലജെ

 കേരളത്തിനെതിരായ പരാമര്‍ശം പിന്‍വലിച്ചില്ല; തമിഴ്നാടിനെതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ശോഭ കരന്തലജെ

ബംഗളൂരു: വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബംഗളൂരു നോര്‍ത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ശോഭ കരന്ദലാജെ. തമിഴ്നാട്ടുകാര്‍ക്കെതിരായ പരാമര്‍ശത്തിലാണ് ശോഭാ കരന്തലജെ മാപ്പ് പറഞ്ഞത്. കൂടാതെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നെന്നും ശോഭ കരന്തലജെ ട്വിറ്ററില്‍ കുറിച്ചു. അതേസമയം കേരളത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ശോഭ പിന്‍വലിച്ചിട്ടില്ല.

തമിഴ്‌നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബംഗളൂരുവില്‍ എത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നുവെന്നും കേരളത്തില്‍ നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നുമായിരുന്നു ശോഭയുടെ വിവാദ പരാമര്‍ശം. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തമിഴ്നാട്ടുകാര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശോഭ മാപ്പ് പറഞ്ഞത്. അതേസമയം കേരളത്തെ കുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ചിട്ടില്ല.

'എന്റെ തമിഴ് സഹോദരങ്ങള്‍ക്ക്, എന്റെ വാക്കുകള്‍ നിഴല്‍ വീഴ്ത്താനല്ല, വെളിച്ചം വീശാനുള്ളതായിരുന്നുവെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നിട്ടും എന്റെ പരാമര്‍ശങ്ങള്‍ ചിലരെ വേദനിപ്പിച്ചതായി ഞാന്‍ കാണുന്നു. അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ പരാമര്‍ശങ്ങള്‍ കൃഷ്ണഗിരി വനത്തില്‍ പരിശീലനം നേടിയവരെ ഉദ്ദേശിച്ചുള്ളതാണ്. രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ പരാമര്‍ശം തമിഴ്‌നാട്ടില്‍ നിന്നുള്ള ആരെയെങ്കിലും ബാധിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. കൂടാതെ പരാമര്‍ശങ്ങള്‍ ഞാന്‍ പിന്‍വലിക്കുന്നു.'- ശോഭ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ശോഭയുടെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിദ്വേഷ പരാമര്‍ശത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.

ബംഗളൂരു നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് മുന്നില്‍ വൈകിട്ട് നിസ്‌കാര സമയത്ത് പാട്ട് വെച്ചതിനെ ചൊല്ലി മൊബൈല്‍ കടക്കാരും ഒരു സംഘം ആളുകളും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പിന്നീട് ഹനുമാന്‍ ചാലീസ വെച്ചതിന് കടക്കാര്‍ക്ക് മര്‍ദ്ദനമേറ്റു എന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. തീവ്ര ഹിന്ദു സംഘടനകളും ശോഭാ കരന്തലജെ അടക്കമുള്ള സ്ഥാനാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഇതിനിടെ ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു അവര്‍ വിവാദ പരാമര്‍ശം നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.