മദ്യനയ കേസില്‍ അരവിന്ദ് കെജരിവാളിന് ജാമ്യമില്ല; മാര്‍ച്ച് 28 വരെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു

മദ്യനയ കേസില്‍ അരവിന്ദ് കെജരിവാളിന് ജാമ്യമില്ല; മാര്‍ച്ച് 28 വരെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഡല്‍ഹി റോസ് അവന്യൂ കോടതി മാര്‍ച്ച് 28 വരെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. ഉച്ച കഴിഞ്ഞ് കെജരിവാളിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം മൂന്ന് മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദമാണ് നടന്നത്.

തുടര്‍ന്ന് ചേംബറിലേക്ക് പോയ ജഡ്ജി കാവേരി ബജ്‌വ ഏഴ് മണിയോടെ കോടതിയില്‍ തിരികെയെത്തി വിധി വൈകും എന്നറിയിച്ചു. പിന്നീട് രാത്രി എട്ടരയോടെയാണ് വിധി പ്രസ്താവിച്ചത്. വിധിപ്പകര്‍പ്പ് തയാറാക്കുന്നതിലെ കാല താമസമാണ് വിധി വൈകാന്‍ കാരണമായതെന്ന് ജഡ്ജി വ്യക്തമാക്കി.

കെജരിവാളിനെതിരെ ശക്തമായ വാദങ്ങളാണ് ഇ.ഡി കോടതിയില്‍ നിരത്തിയത്. ഡല്‍ഹി മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ അരവിന്ദ് കെജരിവാള്‍ ആണ്. അനുകൂല നയ രൂപീകരണത്തിന് പ്രതിഫലമായി കെജരിവാള്‍ കോടികള്‍ കൈക്കൂലി വാങ്ങി. ഇങ്ങനെ കിട്ടിയ കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചുവെന്നും ഇ.ഡി വാദിച്ചു.

ഡല്‍ഹി എക്‌സൈസ് നയം രൂപീകരിക്കാനുള്ള വിദഗ്ധ സമിതി വെറും കടലാസ് സമിതിയായിരുന്നു. കൈക്കൂലി നല്‍കിയവര്‍ക്കും കൂടുതല്‍ പണം നല്‍കിയവര്‍ക്കും ലൈസന്‍സ് നല്‍കിയെന്നാണ് ഇ.ഡി കോടതിയില്‍ വ്യക്തമാക്കിയത്. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയാനുണ്ടന്നും അതിനായി കെജരിവാളിനെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വിക്രം ചൗധരി ആവശ്യപ്പെട്ടു.


അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നു.

അറസ്റ്റ് ചെയ്തത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയില്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ വിഭാഗം മേധാവിയും കേസിലെ പ്രധാന പ്രതികളിലൊരാളുമായ വിജയ് നായര്‍ കെജരിവാളിന്റെ വീടിന് സമീപമാണ് താമസിച്ചിരുന്നത്. മന്ത്രി കൈലാഷ് ഗെലോട്ടിന്റെ വീട്ടില്‍ താമസിച്ചാണ് വിജയ് നായര്‍ കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനില നിന്നത്.

സൗത്ത് ഗ്രൂപ്പിന്റെയും എഎപിയുടെയും ഇടനിലക്കാരനായാണ് വിജയ് നായര്‍ പ്രവര്‍ത്തിച്ചത്. നയരൂപീകരണത്തിന്റെ പേരില്‍ സൗത്ത് ഗ്രൂപ്പില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്നും കേസില്‍ ചോദ്യം ചെയ്ത പലരുടെയും മൊഴികളില്‍ നിന്ന് ഇക്കാര്യം വ്യക്തമായിട്ടുണ്ടന്നും ഇ.ഡി അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ കെജരിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ് വി വാദിച്ചു. അറസ്റ്റിനുള്ള അടിയന്തര സാഹചര്യമെന്തെന്ന് ഇ.ഡി. വ്യക്തമാക്കുന്നില്ല. മാപ്പ് സാക്ഷികളെ വിശ്വസിക്കാനാകില്ല. ഇ.ഡി. പറയുന്ന വാദങ്ങള്‍ തമ്മില്‍ ബന്ധമില്ല. വിശദമായി ചോദ്യം ചെയ്യണമെന്നത് കൊണ്ട് അറസ്റ്റ് ചെയ്യാന്‍ നിയമമില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി.

അതേസമയം കെജരിവാളിനെ അറസ്റ്റ് ചെയ്തതില്‍ ദേശീയ തലസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ഡല്‍ഹിയില്‍ എഎപി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയുമടക്കം നിരവധി നേതാക്കളേയും പ്രവര്‍ത്തകരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

കോടതിക്ക് പുറത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. പുറത്ത് രാത്രിയും നിരവധി എഎപി പ്രവര്‍ത്തകരാണ് തടിച്ചു കൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.