തിരുവനന്തപുരം: കേരളത്തിന് കൂടുതല്‍ ജലം നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണയ്ക്ക് കേരള ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെ കത്ത്.
ചിറ്റൂര്‍ പ്രദേശത്തെ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കുന്നതിന് മെയ് ഒന്നു വരെ 250 ക്യുസെക്സ് വെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഒരു ജല വര്‍ഷത്തില്‍ മണക്കടവ് വെയറില്‍ 7250 ടിഎംസി ജലത്തിന് കേരളത്തിന് അര്‍ഹതയുണ്ടെന്ന് കത്തില്‍ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.
ഇതുപ്രകാരം നിലവിലെ ജല വര്‍ഷമായ 2023-24 ന്റെ മാര്‍ച്ച് രണ്ടാമത്തെ ആഴ്ച വരെ 6320 ദശലക്ഷം ക്യുബിക് അടി വെള്ളം കേരളത്തിനു ലഭ്യമാക്കേണ്ടതാണ്. എന്നാല്‍ 4803 ക്യുബിക് അടി വെള്ളമാണ് ലഭിച്ചത്. ഇക്കാലയളവില്‍ 1547 ദശലക്ഷം ക്യുബിക് അടിയുടെ കുറവുണ്ട്.
പറമ്പിക്കുളം ആളിയാര്‍ കരാറിന്റെ ഷെഡ്യൂള്‍ 2(2) പ്രകാരം ചാലക്കുടി ബേസിനില്‍ 12.3 ടിഎംസി ജലത്തിന് കേരളത്തിന് അര്‍ഹതയുണ്ട്. കേരള ഷോളയാര്‍ റിസര്‍വോയര്‍ സെപ്റ്റംബര്‍ ഒന്ന്, ഫെബ്രുവരി ഒന്ന് തിയതികളില്‍ പൂര്‍ണ സംഭരണ ശേഷിയില്‍ നിര്‍ത്തണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഈ വ്യവസ്ഥകള്‍ ഉറപ്പാക്കി മാത്രമേ തമിഴ്നാട് പറമ്പിക്കുളത്തേക്ക് വെള്ളം തിരിച്ചു വിടാവൂ എന്നാണ് ചട്ടം. എന്നാല്‍ ഈ വ്യവസ്ഥ പാലിക്കാതെ ഏകദേശം രണ്ട് ടിഎംസി ജലം ഷോളയാര്‍ റിസര്‍വോയറില്‍ നിന്നു പറമ്പിക്കുളത്തേക്ക് തിരിച്ചുവിട്ടു.
ഈ അധിക ജലം ലഭ്യമായതോടെ പറമ്പിക്കുളം റിസര്‍വോയറിലേയും തിരുമൂര്‍ത്തി റിസര്‍വോയറിലേയും നിലവിലുള്ള സംഭരണം യഥാക്രമം രണ്ട്, ഒന്ന് ടിഎംസി വീതം അധികവുമായി. ഈ അധിക ജലം യഥാര്‍ഥത്തില്‍ കേരളത്തിന് അര്‍ഹതപ്പെട്ടതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
2024 ഏപ്രില്‍ രണ്ടിലെ കണക്ക് പ്രകാരം ആളിയാറില്‍ 130.85 ദശലക്ഷം ക്യുബിക് അടി വെള്ളമുണ്ട്. അപ്പര്‍ ആളിയാറിലും കടമ്പാറയിലുമായി 1040.32 ദശലക്ഷം ക്യുബിക് അടിയുമുണ്ട്. ഇവ രണ്ടും ചേര്‍ന്ന് മണക്കടവില്‍ ജല വിതരണത്തിനായി 1171.17 ദശലക്ഷം ക്യുബിക് അടിയുടെ സഞ്ചിത സംഭരണവും നിലവിലുണ്ട്. ഇതിനു പുറമേ പറമ്പിക്കുളം അണക്കെട്ടുകളിലായി 3591.29 ദശലക്ഷം ക്യുബിക് അടി സംഭരണം നിലവിലുണ്ട്.
ഏപ്രില്‍ മാസത്തില്‍ രണ്ടാഴ്ച വീതവും മെയിലെ ആദ്യ രണ്ടാഴ്ചയിലുമായി കേരളം ആവശ്യപ്പെടുന്ന 972 ദശലക്ഷം ക്യുബിക് അടി വെള്ളം പറമ്പിക്കുളം ഡാമുകളില്‍ നിന്നു മാത്രമായി തമിഴ്നാടിന് നല്‍കാന്‍ കഴിയും.
ഇത് മുന്‍നിര്‍ത്തി ചിറ്റൂര്‍ മേഖലയിലെ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കുന്നതിനായി മെയ് രണ്ടാമത്തെ ആഴ്ച വരെ 250 ക്യുസെക്സ് വെള്ളം മണക്കടവിലൂടെ ലഭ്യമാക്കണമെന്നും ചീഫ് സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.