ബ്ലാക്ക് മാസ്... ബ്ലാക്ക് മാജിക്... ആസ്ട്രല്‍ പ്രൊജക്ഷന്‍: അന്ധവിശ്വാസങ്ങളുടെ ഇരുണ്ട താഴ് വരയിലേക്കോ കേരളത്തിന്റെ പോക്ക്?

ബ്ലാക്ക് മാസ്... ബ്ലാക്ക് മാജിക്... ആസ്ട്രല്‍ പ്രൊജക്ഷന്‍: അന്ധവിശ്വാസങ്ങളുടെ ഇരുണ്ട താഴ് വരയിലേക്കോ കേരളത്തിന്റെ പോക്ക്?

കൊച്ചി: മലയാളികള്‍ പ്രബുദ്ധരും വിദ്യാ സമ്പന്നരുമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഈ ചിന്താധാരയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ചില അന്ധവിശ്വാസ ജഡിലമായ സംഭവങ്ങളാണ് അടുത്തയിടെ ഉണ്ടാകുന്നത്.

അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മലയാളി ഡോക്ടര്‍ ദമ്പതികളായ നവീനും ദേവിയും സുഹൃത്തായ അധ്യാപിക ആര്യയും ഇത്തരം വിചിത്രമായ അന്ധവിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തിയിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. മരിച്ച ആര്യയുടെ ലാപ്ടോപ് പരിശോധിച്ച പോലീസ് ഞെട്ടലോടെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

സയന്‍സ് ഫിക്ഷന്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിശ്വാസങ്ങളാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്. ഭൂമിയില്‍ നിന്ന് വംശനാശം സംഭവിച്ചുവെന്ന് ശാസ്ത്രം തെളിയിച്ച ദിനോസറുകള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഇവടെ ഭൂമിയില്‍ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റിയെന്നുമൊക്കെയാണ് ഇവരുടെ വിശ്വാസം. മാത്രമല്ല ഭൂമിയിലെ മനുഷ്യരെയും മൃഗങ്ങളെയും മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റുമെന്നും ഇവര്‍ വിശ്വസിച്ചിരുന്നു.

ആര്യയുടെ ലാപ്ടോപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പോലീസിനെ ഞെട്ടിച്ചു. ആന്‍ഡ്രോമിഡ എന്ന ഗാലക്സിയില്‍ ഏതോ ഒരു ഗ്രഹത്തില്‍ മനുഷ്യ വാസമുണ്ടെന്നും ഭാവിയില്‍ ഭൂമിയില്‍ നിന്ന് മനുഷ്യരെ മാറ്റുമെന്നും ആന്‍ഡ്രോമിഡ ഗാലക്സിയില്‍ ഇപ്പോഴും അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും ഇവര്‍ വിശ്വസിക്കുന്നു. മിതി എന്ന് പറയുന്ന സാങ്കല്‍പിക കഥാപാത്രമാണ് വിവരങ്ങള്‍ നല്‍കിയത് എന്ന തരത്തില്‍ ചോദ്യോത്തര രീതിയിലുള്ള വിവരങ്ങളാണ് ആര്യയുടെ ലാപ്ടോപ്പില്‍ നിന്ന് കിട്ടിയത്.

വിദ്യാസമ്പന്നരായവര്‍ പോലും ഇത്തരം അന്ധ വിശ്വാസങ്ങള്‍ക്ക് അടിമപ്പെടുന്നുവെന്നത് ഏറെ ഭയപ്പെടുത്തുന്നതാണ്. ഇതിനു മുന്‍പും നമ്മുടെ സംസ്ഥാനത്ത് അന്ധ വിശ്വാസങ്ങളുടെയും മന്ത്രവാദത്തിന്റെയും പേരിലുള്ള കൂട്ടക്കൊലകള്‍ ഉണ്ടായിട്ടുണ്ട്. നന്തന്‍കോട് കൂട്ടക്കൊലപാതകം, പത്തനംതിട്ട ഇലന്തൂരിലെ ക്രൂരമായ നരബലി, കട്ടപ്പനയിലെ ഇരട്ട കൊലപാതകം, വണ്ണപ്പുറം കമ്പളക്കാട്ടെ ഒരു കുടുംബത്തിന്റെ കൂട്ടക്കുരുതി ഇതെല്ലം ചില ഉദാഹരണങ്ങള്‍ മാത്രം.

മനുഷ്യന്റെ ചുടു ചോരയും പച്ച മാംസവും നല്‍കി ദൈവങ്ങളെ പ്രീതി പെടുത്താന്‍ ശ്രമിക്കുന്ന ഇത്തരം ആളുകള്‍ രക്ത ബന്ധങ്ങള്‍ പോലും മറന്നു പോകുന്നു. തിരുവനന്തപുരം നന്തന്‍കോട്ട് കാഡല്‍ ജീന്‍സണ്‍ രാജ് സാത്താന്‍ സേവയെന്ന അന്ധവിശ്വാസത്തിന്റെ ഭാഗമായിട്ടാണ് മാതാപിതാക്കളടക്കം നാല് പേരെ കൂട്ടക്കൊല ചെയ്തത്.

2017 ഏപ്രിലില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപമായാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. റിട്ടയേഡ് പ്രൊഫസര്‍ രാജ തങ്കം(60), ഭാര്യ ഡോ. ജീന്‍ പത്മ(58), മകള്‍ കരോലിന്‍ (26), ജീനിന്റെ ബന്ധു ലളിത(70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്ക വിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.

ദുര്‍മന്ത്രവാദത്തിലെ ഉഗ്രരൂപമായ മനസിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തി മറ്റൊരു ലോകത്തെത്തിക്കുന്ന 'ആസ്ട്രല്‍ പ്രൊജക്ഷന്‍' ആണ് നടപ്പാക്കിയതെന്നാണ് കാഡല്‍ ജീന്‍സണ്‍ രാജ് പൊലീസിന് മൊഴി നല്‍കിയത്. സാത്താന്‍ സേവയെന്നും ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്നുമൊക്കെ കേരളം കേട്ടതും ചര്‍ച്ച ചെയ്തതും ഈ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടായിരുന്നു.

സാസ്‌കാരിക കേരളത്തെ നാണിപ്പിച്ച മാറ്റൊരു സംഭവമായിരുന്നു ഇലന്തൂരിലെ ക്രൂരമായ നരബലി. എറണാകുളം കടവന്ത്ര സ്വദേശിയായ പത്മം എന്ന ലോട്ടറി വില്‍പ്പനക്കാരിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ ദുര്‍മന്ത്രവാദക്കൊല പുറത്തു വന്നത്.

പത്തനംതിട്ട ഇലന്തൂരില്‍ തിരുമ്മല്‍ ചികില്‍സാ കേന്ദ്രം നടത്തുന്ന ഭഗവല്‍ സിങും ഭാര്യ ലൈലയും ചേര്‍ന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കുള്ള നരബലി എന്ന രീതിയില്‍ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് ശരീരഭാഗങ്ങള്‍ കഷണങ്ങളായാണ് വീട്ടുപറമ്പില്‍ കുഴിച്ചിട്ടത്.

പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ഷാഫിയെന്ന വ്യാജ സിദ്ധന്റെ ഉപദേശ പ്രകാരമായിരുന്നു അരുംകൊല. പത്മത്തെ കൂടാതെ കാലടി സ്വദേശിയായ റോസ്‌ലിനും ജീവന്‍ നഷ്ടമായി. സമ്പൂര്‍ണ സാമ്പത്തിക അഭിവൃത്തി ലഭിക്കുമെന്ന ഷാഫിയുടെ ഉപദേശം കേട്ട പ്രതികള്‍ ശരീര ഭാഗങ്ങളില്‍ ചിലത് പാകം ചെയ്ത ഭക്ഷിക്കുകയും ചെയ്തു.

സ്വന്തം രക്തത്തില്‍ പിറന്ന പിഞ്ചുകുഞ്ഞിനെ അന്ധവിശ്വാസത്തിന്റെ പേരില്‍ നിഷ്‌ക്രൂരം കൊലപ്പെടുത്തിയതും കേരളത്തിലായിരുന്നു. ഒരു മോഷണക്കേസിന് പിറകെ നടത്തിയ അന്വേഷണത്തിലായിരുന്നു അന്ധവിശ്വാസത്തിന്റെ പേരില്‍ നടന്ന കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം പുറം ലോകം അറിഞ്ഞത്.

ഗന്ധര്‍വന് കൊടുക്കാന്‍ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്നും പിതാവായ നിതീഷ് വാങ്ങിക്കൊണ്ടു പോയത്. ഇതിന് കൂട്ട് നിന്ന കുഞ്ഞിന്റെ മുത്തച്ഛനേയും പിന്നീട് ഇതേ അന്ധവിശ്വാസത്തിന്റെ പേരില്‍ കൊലപ്പെടുത്തുകയായിരുന്നു.

കേരളത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ വല്ലാതെ പ്രചാരം നേടിയ ഒന്നാണ് ബ്ലാക്ക് മാസ്. സാത്താന്‍ സേവകരാണ് ഇതിന് പിന്നില്‍. ലൂസിഫറാണ് ഇവരുടെ ദൈവം. ലൂസിഫറിന്റെ പിന്‍ഗാമികളാണ് തങ്ങളെന്നാണ് സാത്താന്‍ വിശ്വാസികള്‍ കരുതുന്നത്. കേരളത്തില്‍ കൊച്ചിയാണ് സാത്താന്‍ സേവകരുടെ പ്രധാന താവളം.

കൊച്ചിയിലും പരിസരങ്ങളിലുമായി ഇത്തരം നിരവധി കേന്ദ്രങ്ങളുണ്ടെന്നാണ് പൊലീസിന് ലഭിച്ച രഹസ്യ വിവരം. ടൂറിസത്തില്‍ മറവില്‍ വിദേശികളുടെ നേതൃത്വത്തിലും ഫോര്‍ട്ടുകൊച്ചിയടക്കം വിവിധയിടങ്ങളില്‍ സാത്താനെ ആരാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ദേവാലയങ്ങളില്‍ നിന്ന് തിരുവോസ്തി മോഷ്ടിച്ച് അതിനെ അപമാനിക്കുന്നതാണ് ബ്ലാക്ക് മാസുകാരുടെ പ്രധാന രീതി. വിശുദ്ധ കുര്‍ബാന സ്വീകരണ സമയത്ത് വൈദികന്‍ നല്‍കുന്ന തിരുവോസ്തി ഒളിപ്പിച്ച് കടത്തി കൊണ്ടുപോകുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിനായി ഏജന്റുമാര്‍ പോലുമുണ്ട്. അവര്‍ക്ക് തക്ക പ്രതിഫലമാണ് സാത്താന്‍ സേവകര്‍ നല്‍കുന്നത്. ഇത്തരത്തില്‍ തിരുവോസ്തി മോഷ്ടിക്കാനെത്തിയ ഒരാളെ നേരത്തെ എറണാകുളം കളമശേരി പള്ളിയില്‍ നിന്നും പിടികൂടിയിരുന്നു.

ഇങ്ങനെ അറിഞ്ഞതും അറിയാത്തതുമായ നിരവധി സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകണമെങ്കില്‍ യാഥാര്‍ഥ്യത്തെക്കുറിച്ച് ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണ്. കൂടാതെ കര്‍ശനമായ നിയമ നിര്‍മാണവും ഉണ്ടാകണം.

അന്ധവിശ്വാസ വിരുദ്ധ നിയമം കൊണ്ടു വരാന്‍ 2008 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. 2014 ലും 2021 ലും ഇതിനായുള്ള ബില്‍ അവതരിപ്പിച്ചെങ്കിലും നിയമമായില്ല. പിന്നീട് ഇലന്തൂരില്‍ നടന്ന നരബലിയെ തുടര്‍ന്ന് ബില്‍ 2022 ല്‍ വീണ്ടും നിയമസഭയില്‍ അവതരിപ്പിച്ചു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 5000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്‍ പക്ഷേ ഇതുവരെ നിയമമായില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.