വാഷിങ്ടണ്‍: കോവിഡിനേക്കാള്‍ 100 മടങ്ങ് അപകടകാരിയായ പകര്‍ച്ചവ്യാധിയാണ് അമേരിക്കയിലെ ടെക്സാസിലുള്ള ഫാം തൊഴിലാളിക്ക് ബാധിച്ച എച്ച്5എന്‍1 വകഭേദമെന്ന് വിദഗ്ധര്‍. ഏപ്രില്‍ ഒന്നിനാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) കേസ് സ്ഥിരീകരിച്ചത്. ചത്ത ആയിരക്കണക്കിന് അന്റാര്‍ട്ടിക് പെന്‍ഗ്വിനുകളെ കുറിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് കര്‍ഷക തൊഴിലാളിക്ക് പക്ഷിപ്പനി ബാധിച്ചതായി കണ്ടെത്തിയത്.
മനുഷ്യരിലും ഈ വൈറസ് പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ രോഗം ഒരു ആഗോളവ്യാധിയായി മാറാന്‍ അധികം സമയമില്ലെന്ന് പീറ്റ്സ്ബര്‍ഗിലെ പ്രമുഖ ഗവേഷകനായ ഡോ. സുരേഷ് കുച്ചിപ്പുടി മുന്നറിയിപ്പു നല്‍കി. രോഗഭീഷണിയെ ഗൗരവമായി കാണുന്നുവെന്നും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസും പ്രഖ്യാപിച്ചിട്ടുണ്ട്.
ടെക്സാസിനു പുറമേ അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിലെ പശുക്കളിലും പക്ഷിപ്പനി പടര്‍ന്നിട്ടുള്ളത് കൂടുതല്‍ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. പനി, ചുമ, തൊണ്ടവേദന, ഛര്‍ദി, ശ്വാസമെടുക്കാനുളള ബുദ്ധിമുട്ട് എന്നിവയാണ് രോഗലക്ഷണങ്ങള്‍.
ആദ്യം പശുക്കളില്‍ പടരുകയും പിന്നീട് മനുഷ്യനിലേക്കു പകരുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കണ്ണുകള്‍ക്ക് വന്ന ചുവപ്പ് നിറം മാത്രമാണ് രോഗ ലക്ഷണം കാണിച്ചത്. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി താമസിപ്പിച്ച രോഗി സുഖം പ്രാപിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
2003 മുതലുള്ള കണക്ക് പ്രകാരം എച്ച്5എന്‍1 ബാധിച്ച 100 ല്‍ 50 പേരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോകാരോഗ്യ സംഘടന നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം 887 കേസുകളില്‍ 462 പേരും മരണപ്പെട്ടിട്ടുണ്ട്.
ലോകം ഏറ്റവും ഭീതിയോടെ കാണുന്ന വൈറസുകളിലൊന്നാണ് പക്ഷിപ്പനി എന്ന രോഗം പടര്‍ത്തുന്ന എച്ച്5എന്‍1 വൈറസ്. വൈറസിനെ 2003 മുതല്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് പകര്‍ച്ചവ്യാധി വിദഗ്ധര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.