അരനൂറ്റാണ്ടിലെ സമ്പൂർണ സൂര്യ​ഗ്രഹണം ഇന്ന്; കാത്തിരിപ്പിൽ ലോകം; സൂര്യഗ്രഹണം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്

അരനൂറ്റാണ്ടിലെ സമ്പൂർണ സൂര്യ​ഗ്രഹണം ഇന്ന്; കാത്തിരിപ്പിൽ ലോകം; സൂര്യഗ്രഹണം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്

വാഷിം​ഗ്ടൺ ഡിസി: അരനൂറ്റാണ്ടിൽ ഒരിക്കൽ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ശാസ്ത്ര ലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ദിവസമാണ് ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 9.13 മുതല്‍ ഏപ്രില്‍ ഒമ്പത് വെളുപ്പിന് 2.22 വരെയാണ് വിവിധ ഇടങ്ങളില്‍ ഗ്രഹണം ദൃശ്യമാകുന്നത്. വളരെ അപൂര്‍വമായ അനുഭവമായിരിക്കും ഏപ്രില്‍ എട്ടിനുള്ള സമ്പൂര്‍ണ സൂര്യഗ്രഹണമെന്ന് ഗവേഷകര്‍ കരുതുന്നു. പക്ഷേ ഇന്ത്യ അടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല.

അതേ സമയം ഈ സൂര്യഗ്രഹണം അമേരിക്കയെ മാന്ദ്യത്തിൽ നിന്ന് കരകയറ്റുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇത്തവണത്തെ സൂര്യഗ്രഹണത്തിൽ അമേരിക്കയിൽ കോടിക്കണക്കിന് ഡോളറിന്റെ ബിസിനസുകളാണ് നടക്കുക . അടുത്ത 20 വർഷത്തിനുള്ളിൽ അമേരിക്കയിൽ ഇത്രയും ദൈർഘ്യമേറിയതും വ്യക്തവുമായ സൂര്യഗ്രഹണം ഉണ്ടാകില്ല എന്നതാണ് ഇതിന് പിന്നിലെ കാരണം. ആളുകൾ ഇത് അടുത്ത് കാണാനും അനുഭവിക്കാനും ആഗ്രഹിക്കുന്നുമുണ്ട് . കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഡസൻ കണക്കിന് വിമാനങ്ങളാണ് അമേരിക്കയിലെ 14 നഗരങ്ങളിൽ തുടർച്ചയായി പറന്നത്.

അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ സൂര്യഗ്രഹണം വ്യക്തമായി ദൃശ്യമാകുന്ന നഗരങ്ങളിൽ എത്തിച്ചേരുന്നു. ഏറ്റവും കൂടുതൽ സമയം പകൽ ഇരുട്ടായിരിക്കാൻ പോകുന്ന നഗരങ്ങളിൽ ആളുകൾ ഹോട്ടലുകൾ ബുക്ക് ചെയ്തിട്ടുണ്ട്. പലരും മാസങ്ങൾക്കുമുമ്പ് ഇതിനായി ബുക്കിംഗ് നടത്തിയിരുന്നു. ആകാശത്ത് നിന്ന് സൂര്യഗ്രഹണത്തിന്റെ വിസ്മയക്കാഴ്ച കാണാൻ ലക്ഷങ്ങളാണ് ഇവർ മുടക്കുന്നത്.

ടെക്സാസ്, ഒക്ലഹോമ, മിസോറി, ഇല്ലിനോയിസ്, ഇന്ത്യാന, മിഷിഗൺ, അർക്കൻസാസ്, ടെന്നസി, കെൻ്റക്കി, ഒഹിയോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവയാണ് പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുന്ന അമേരിക്കയിലെ നഗരങ്ങൾ. ഈ നഗരങ്ങളിൽ ഏകദേശം നാലര മിനിറ്റ് പകൽ ഇരുട്ടിന് വഴി മാറും.

അമേരിക്കയിൽ ഏകദേശം നാല് കോടി 40 ലക്ഷം ആളുകൾ സമ്പൂർണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ഇവിടെ വിമാന ടിക്കറ്റുകളുടെ ആവശ്യകത 1500 ശതമാനം വർധിച്ചു. സൗത്ത് വെസ്റ്റ്, ഡെൽറ്റ തുടങ്ങിയ എയർലൈനുകൾ നിരവധി വിമാനങ്ങൾ സർവീസിനായി ഇറക്കും. പല എയർലൈൻ കമ്പനികളും നേരത്തേ തന്നെ ഇതിനായി സർക്കാരിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. പലരും ലക്ഷങ്ങൾ നൽകിയാണ് വിമാനത്തിലെ വിൻഡോ സീറ്റുകളടക്കം ഉറപ്പിച്ചത് .

ഗ്രഹണത്തിന്റെ പാതയിലൂടെ കടന്നുപോകുന്ന വിമാനങ്ങളുടെ വഴികൾ കണ്ടെത്താൻ നാല് മാസം മുമ്പ് ഗവേഷണം നടത്തിയ നൂറുകണക്കിന് ആളുകൾ അമേരിക്കയിലുണ്ട്. ഡെൽറ്റ എയർലൈൻസ് രണ്ട് പ്രത്യേക വിമാനങ്ങൾ പ്രഖ്യാപിച്ചു, ലക്ഷങ്ങളുടെ ടിക്കറ്റുകൾ തൽക്ഷണം വിറ്റു.

ലൈവ് ടെലികാസ്റ്റുമായി നാസ

ഗ്രഹണം നടക്കുമ്പോൾ ഭൂമിയുലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കാൻ നാസ അടക്കമുള്ള ഏജൻസികൾ വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യ​ഗ്രഹണം കാണാനാകും. വടക്കേഅമേരിക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാകും നാസ തത്സമയം സംപ്രേഷണം ചെയ്യും. നാസാ ടിവി, നാസ വെബ്സൈറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലായിരിക്കും സംപ്രേഷണം. ഇന്ന് രാത്രി 10.30 മുതല്‍ ഏപ്രില്‍ 9ന് വെളുപ്പിന് 1.30 വരെ ആയിരിക്കും നാസയുടെ ലൈവ്

ഗ്രഹങ്ങളേയും ചെകുത്താൻ വാൽനക്ഷത്രത്തേയും കാണാം

നാല് ഗ്രഹങ്ങളെയും ഒരു വാല്‍നക്ഷത്രത്തെയും കൂടി കാണാനുള്ള അവസരമാണ് ശാസ്ത്ര ലോകത്തിന് ലഭിക്കുന്നത്. ഈ അപൂര്‍വ്വ കാഴ്ച ഒപ്പിയെടുക്കാനും പഠനങ്ങള്‍ക്ക് വിധേയമാക്കാനും ശാസ്ത്രജ്ഞര്‍ ഒരുങ്ങി കഴിഞ്ഞു. സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ ഇടതുവശത്ത് വ്യാഴം അതിന്റെ സാന്നിധ്യം അറിയിക്കും. ഗ്രഹണ സമയത്ത് സൂര്യന്റെ വലതുവശത്ത് ഒരു ആകാശദീപമായി ശുക്രന്‍ തിളങ്ങും.

സൂര്യന്റെ വലത് വശത്ത് ശുക്രനൊപ്പം ശനിയും ചൊവ്വയും കൂടി ചേരുന്നതോടെ അപൂര്‍വ്വ സംഗമത്തിനാണ് ആകാശം വേദിയാകുക.ഈ ഗ്രഹങ്ങള്‍ക്ക് ഓരോന്നിനും അതിന്റേതായ സ്വഭാവസവിശേഷതകള്‍ ഉണ്ട്. ഗ്രഹണ സമയത്തെ ഇരുണ്ട ആകാശത്തില്‍ ഇവ തിളങ്ങും. ഇതിന് പുറമേയാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വാല്‍ നക്ഷത്രം കൂടി വരുന്നത്. രൂപം കാരണം 'ഡെവിള്‍ കോമറ്റ്' എന്നറിയപ്പെടുന്ന വാല്‍നക്ഷത്രം 12P/Pons-Brooks, ഭൂമിയ്ക്ക് അരികിലൂടെ കടന്ന് പോകാന്‍ ഒരുങ്ങുകയാണ്.

എന്താണ് സൂര്യ​ഗ്രഹണം?

ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നു പോകുമ്പോഴാണ് സമ്പൂർണ ഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രൻ സൂര്യനെ പൂർണമായി മറയ്‌ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുക. ഈ സമയത്ത് ആകാശം സന്ധ്യയെന്ന പോലെ ഇരുണ്ടിരിക്കും. ഈ സമയത്ത് നക്ഷത്രങ്ങളെ പോലും ന​ഗ്ന നേത്രങ്ങൾകൊണ്ട് കാണാനാവുമെന്നാണ് വിലയിരുത്തലുകൾ. അടുത്ത സമ്പൂര്‍ണ ഗ്രഹണം ഇനി 2026 ഓഗസ്റ്റ് 12 നായിരിക്കും. ഇത് അന്‍റാര്‍ട്ടിക് മേഖലയിലാകും പൂര്‍ണമായും ദൃശ്യമാകുക.

സൂര്യ ​ഗ്രഹണം ലൈവായി കാണുവാനുള്ള ലിങ്ക്






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.