സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു: ആകെ 194 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ കോട്ടയത്ത്, കുറവ് ആലത്തൂരില്‍; അപരന്മാരും സജീവം

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു: ആകെ 194 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ കോട്ടയത്ത്, കുറവ് ആലത്തൂരില്‍; അപരന്മാരും സജീവം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. 20 മണ്ഡലങ്ങളിലായി ആകെ 194 സ്ഥാനാര്‍ത്ഥികളാണുള്ളത്. നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് പത്ത് പേരാണ് പത്രിക പിന്‍വലിച്ചത്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവും അധികം സ്ഥാനാര്‍ത്ഥികളുള്ളത്, 14 പേര്‍. ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ ആലത്തൂരിലാണ്. അഞ്ച് പേര്‍ മാത്രം.

തിരുവനന്തപുരം-12, ആറ്റിങ്ങല്‍-ഏഴ്, കൊല്ലം- രണ്ട്, പത്തനംതിട്ട-എട്ട്, മാവേലിക്കര-ഒന്‍പത്, ആലപ്പുഴ-11, കോട്ടയം-14, ഇടുക്കി-ഏഴ്, എറണാകുളം-10, ചാലക്കുടി-11, തൃശൂര്‍-ഒന്‍പത്, ആലത്തൂര്‍-അഞ്ച്, പാലക്കാട്-10, പൊന്നാനി-എട്ട്, മലപ്പുറം-എട്ട്, വയനാട്-ഒന്‍പത്, കോഴിക്കോട്-13, വടകര-10, കണ്ണൂര്‍-12, കാസര്‍കോട്-ഒന്‍പത് എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളുടെ എണ്ണം.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം അപരന്‍മാര്‍ മത്സര രംഗത്തുണ്ട്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് വടകരയിലെ കോണ്‍ഗ്രസ് വിമതന്‍ അബ്ദുള്‍ റഹീം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. നരിപ്പറ്റ മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന അബ്ദുള്‍ റഹീമാണ് പത്രിക പിന്‍വലിച്ചത്.

ഇടുക്കി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം നല്‍കിയിരുന്ന മനേഷ് കഴിഞ്ഞ ദിവസം പത്രിക പിന്‍വലിച്ചിരുന്നു. മാവേലിക്കരയില്‍ ഒരാള്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ രണ്ട് അപരന്മാരും പത്രിക പിന്‍വലിച്ചില്ല. തൃശൂരിലും ഒരാള്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. സ്വാതന്ത്രനായി പത്രിക നല്‍കിയ കെ.ബി സജീവാണ് തൃശൂരില്‍ പത്രിക പിന്‍വലിച്ചത്.

പതിവ് പോലെ അപര ശല്യവും വിമത സാന്നിധ്യവും എല്ലാം ഇത്തവണത്തെ തിരഞ്ഞെടുപ്പിലുമുണ്ട്. സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായപ്പോള്‍ വടകരയില്‍ ഇടത് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്ക്ക് മൂന്ന് അപര സ്ഥാനാര്‍ത്ഥികളുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനുമുണ്ട് രണ്ട് പേര്‍.

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും ഒരു അപരനുണ്ട്. കണ്ണൂരില്‍ എം.വി ജയരാജന് മൂന്നും കെ. സുധാകരന് രണ്ടും അപരന്മാരുണ്ട്. ശശി തരൂരിന് ഒരു അപരനും അടൂര്‍ പ്രകാശിന് രണ്ട് അപരന്മാരും തലവേദനയായിട്ടുണ്ട്.

കോഴിക്കോട് മണ്ഡലത്തില്‍ എം.കെ രാഘവനും എളമരം കരീമിനും മൂന്ന് വീതം അപര സ്ഥാനാര്‍ത്ഥികളുണ്ട്. വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലുമുണ്ട് ചില കൗതുകങ്ങള്‍. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീ സാന്നിധ്യം ഇല്ല. ഏറ്റവും അധികം വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉള്ളതാകട്ടെ വടകര മണ്ഡലത്തിലുമാണ്. നാല് പേരാണ് വടകരയില്‍ മത്സരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.